27
Apr 2025
Tue
27 Apr 2025 Tue
murshidabad violence

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ സംഘര്‍ഷം ഇളക്കിവിടുന്നത് ബിജെപിയും തൃണമൂലും ചേര്‍ന്നാണെന്ന് സിപിഎം. വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം ആരോപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേന്ദ്രത്തിലും സംസ്ഥാനത്തും ഭരിക്കുന്ന പാര്‍ട്ടികള്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്നതാണ് പ്രദേശത്ത് കലാപം ആളിപ്പടരാന്‍ ഇടയാക്കിയത്. പൊലീസിന് കലാപം തടയാന്‍ കഴിയാതെ പോയെന്നും മുഹമ്മദ് സലീം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വഖഫ് നിയമം കൊണ്ടുവന്ന് വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച് സംഘര്‍ഷമുണ്ടാക്കാനാണ് ബിജെപിയും തൃണമൂലും പദ്ധതിയിടുന്നത്. ഒരു കൂട്ടര്‍ കലാപത്തെ അനുകൂലിക്കുന്നു, മറ്റൊരു കൂട്ടര്‍ കലാപത്തെ എതിര്‍ക്കുന്നു.

ALSO READ: ഉപയോഗിച്ച ഡയപ്പർ എന്ത് ചെയ്യും? അത് ഏങ്ങനെ കൈകാര്യം ചെയ്യാം? ഇവിടെയിതാ കുറച്ചു മാർഗങ്ങൾ | Used Diapers

മുര്‍ഷിദാബാദില്‍ ബിജെപി-തൃണമൂല്‍ കൂട്ടുകെട്ട് കലാപം നടത്തുന്നു, കലാപം നിയന്ത്രിക്കാന്‍ ഇടതുമുന്നണിയും കോണ്‍ഗ്രസും പോരാടുകയാണെന്നും മുഹമ്മദ് സലിം കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവരുടെ വീടുകള്‍ മുഹമ്മദ് സലിം സന്ദര്‍ശിച്ചു. കൊല്ലപ്പെട്ട ഹരഗോബിന്ദ ദാസിന്റെയും മകന്‍ ചന്ദന്‍ ദാസിന്റെയും വീട്ടിലെത്തിയ അദ്ദേഹം കുടുംബാംഗങ്ങളോട് സംസാരിച്ചു.

മുര്‍ഷിദാബാദ് ജില്ലയിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ തടയാന്‍ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ ഉടന്‍ സൈന്യത്തെ വിന്യസിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ജാമിര്‍ മൊല്ല ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരും തൃണമൂല്‍ കോണ്‍ഗ്രസും രാജ്യം ഭരിക്കുന്ന പാര്‍ട്ടിയായ ബിജെപിയും അക്രമത്തിന്റെ പ്രത്യക്ഷ കക്ഷികളാണെന്നും അക്രമം തടയുന്നതില്‍ സംസ്ഥാന പൊലീസും ഭരണ സംവിധാനങ്ങളും പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.

അക്രമത്തിന് പിന്നിലെ പ്രധാന കുറ്റവാളികള്‍ ടിഎംസിയിലെയും ആര്‍എസ്എസിലെയും വിവിധ വിഭാഗങ്ങളാണ്. അക്രമത്തെ ശക്തമായി അപലപിക്കുന്നു. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് ജില്ലയില്‍ അര്‍ദ്ധസൈനിക വിഭാഗത്തെ വിന്യസിച്ചതിനെ സ്വാഗതം ചെയ്യുന്നതായും ജാമിര്‍ മൊല്ല പറഞ്ഞു.

അടുത്തിടെയായി മുര്‍ഷിദാബാദിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേരാണ് മരിച്ചത്. രാമനവമിയുടെയും ഹനുമാന്‍ ജയന്തിയുടെയും വേളയില്‍ മുര്‍ഷിദാബാദില്‍ സംഘര്‍ഷാന്തരീക്ഷം സൃഷ്ടിക്കാന്‍ കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ഭരണകക്ഷികള്‍ ശ്രമിക്കുന്നുണ്ടെന്നും ഇത് ജില്ലയില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ടെന്നും ഇടതുമുന്നണി ചൂണ്ടിക്കാട്ടിയിരുന്നു. വഖഫ് നിയമത്തിലെ ഭരണഘടനാ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളിലും സംഘര്‍ഷങ്ങളിലും മുര്‍ഷിദാബാദ് ജില്ലയില്‍ ഇതിനകം മൂന്നുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

വഖഫ് നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് ഇടതുമുന്നണി വിശ്വസിക്കുന്നു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും ജനങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം കൊണ്ടുവന്നിരിക്കുന്നത്. ഈ നിയമം പിന്‍വലിക്കണം. ഈ നിയമത്തിനെതിരെ സമാധാനപരവും ജനാധിപത്യപരവുമായ രീതിയില്‍ പ്രതിഷേധിക്കണണെന്നും ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബസു പ്രസ്താവനയില്‍ പറഞ്ഞു.