കൊച്ചി: ലഹരി പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയ നടന്‍ ഷൈന്‍ ടോം ചാക്കോയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. (Police will question actor Shine tom chacko ) എറണാകുളം സെന്‍ട്രല്‍ എസിപിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.
|
തൃശ്ശൂരിലെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് ഷൈന്‍ ടോം ചാക്കോയ്ക്ക് നോട്ടീസ് നല്‍കിയത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഷൈന്‍ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് പിതാവ് അറിയിച്ചത്. കൊച്ചിയിലെ ഹോട്ടലില്‍ നിന്നും ഡാന്‍സാഫ് എത്തിയപ്പോള്‍ ഓടിരക്ഷപ്പെട്ടത് എന്തിനെന്ന ചോദ്യമാണ് ഷൈന്‍ ടോം ചാക്കോയെ നേരിടേണ്ടി വരിക.
അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ഷൈനിന്റെ പിതാവ് ചാക്കോ മാധ്യമങ്ങളോട് പറഞ്ഞു. ഷൈന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. ഷൈന് എതിരെയുള്ള കേസ് ഓലപ്പാമ്പാണെന്നും പിതാവ് പ്രതികരിച്ചു.
ഡാന്‍സാഫ് ടീം എത്തിയപ്പോള്‍ ഷൈന്‍ എന്തിന് ഇറങ്ങിയോടി. കലൂരിലെ വേദാന്ത ഹോട്ടലില്‍ മുറിയെടുത്തത് എന്തിന്. ഒളിവില്‍ പോയത് എന്തിന് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതവരുത്താനാണ് പൊലീസിന്റെ നീക്കം. നിലവില്‍ ഷൈനെ ഒരു കേസിലും പ്രതി ചേര്‍ത്തിട്ടില്ല. അഡ്വ രാമന്‍ പിള്ളയാണ് ഷൈനിന്റെ അഭിഭാഷകന്‍.
ALSO READ: ഐസിയുവില്‍ വച്ച് എയര്‍ഹോസ്റ്റസിനെ ബലാല്‍സംഗം ചെയ്ത ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍
നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ പരാതിയില്ലെങ്കിലും എക്സൈസ് സ്വന്തം നിലയ്ക്ക് അന്വേഷണം തുടരുമെന്ന് മന്ത്രി എം ബി രാജേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. ലഹരി ഉപയോഗം എവിടെയും പാടില്ലെന്നും വിവരം ലഭിച്ചാല്‍ എല്ലാ സ്ഥലത്തും പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു. നടി വിന്‍ സി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്ന് മന്ത്രി സജി ചെറിയാനും പ്രതികരിച്ചിരുന്നു.
അതേ സമയം ഷൈന്‍ ടോം ചാക്കോ കഴിഞ്ഞ ദിവസം രാത്രി പൊള്ളാച്ചിയില്‍ എത്തിയതായാണ് വിവരം. നടന്‍ തമിഴ്‌നാട്ടിലാണെന്നാണ് ടവര്‍ ലൊക്കേഷന്‍ സൂചിപ്പിക്കുന്നത്. പുലര്‍ച്ചെ കൊച്ചിയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്നു.
നഗരത്തിലെ ലഹരി ഇടപാടുകളിലെ മുഖ്യ കണ്ണിയായ സജീറിനെ തേടിയാണ് കലൂരില്‍ ഡാന്‍സാഫ് സംഘം എത്തിയത്. ഇയാള്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ മുറിയില്‍ ഉണ്ടാകുമെന്നായിരുന്നു നിഗമനം. റൂം സര്‍വീസെന്ന് പറഞ്ഞാണ് ഡാന്‍സാഫ് ടീം റൂമില്‍ ബെല്ലടിച്ചത്. ഇവിടെ സര്‍വീസ് വേണ്ടെന്ന് പറഞ്ഞ ശേഷം ഷൈന്‍ ജനലിലൂടെ പുറത്തേക്ക് ചാടുകയായിരുന്നു.
ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍ നിന്ന് ഓടിരക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കൃത്യമായ തെളിവുകള്‍ ലഭിച്ചതിന് ശേഷം മാത്രമേ ഷൈനിനെതിരെ കേസടുക്കുകയുളളൂ എന്നാണ് പൊലീസിന്റെ തീരുമാനം.
നടിയുടെ പരാതിയില്‍ ഷൈന്‍ ഇന്റേണല്‍ കമ്മിറ്റിക്ക് മുമ്പില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് താര സംഘടനയായ ‘അമ്മ’ മെയില്‍ അയച്ചതായി ഷൈനിന്റെ കുടുബം അറിയിച്ചിരുന്നു. വിന്‍സി അലോഷ്യസില്‍ നിന്ന് എക്‌സൈസ് വിവരങ്ങള്‍ തേടാന്‍ ശ്രമിച്ചെങ്കിലും നിയമനടപടികള്‍ക്ക് താല്പര്യമില്ലെന്ന് കുടുംബം അറിയിച്ചു. എന്നാല്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്താനാണ് എക്‌സൈസ് തീരുമാനം.


