കൊച്ചി: തന്റെ വ്യാജ മരണവാര്‍ത്തകള്‍ വീണ്ടും നിഷേധിച്ച് ചലച്ചിത്ര പിന്നണി ഗായകന്‍ ജി വേണുഗോപാല്‍. ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ വ്യക്തിയായി താന്‍ മാറിയെന്ന് പറഞ്ഞ് സഷ്യല്‍മീഡിയയിലൂടെയാണ് ഏതാനും സമയം മുമ്പ് അദ്ദേഹം മരണവാര്‍ത്ത നിഷേധിച്ചത്.
|
ഇനി ഉടനെയൊന്നും താന്‍ മരിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നൊരു വാര്‍ത്താസമ്മേളനം നടത്തണോ എന്ന് നിങ്ങള്‍ ഉപദേശിക്കണേ എന്നും ഫേസ്ബുക്ക് കുറിപ്പില്‍ ജി വേണുഗോപാല്‍ പറഞ്ഞു. വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ച വീഡിയോയുടെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് വേണുഗോപാല്‍ കുറിപ്പ് പങ്കുവച്ചത്.
കുറിപ്പ് ഇങ്ങനെ:
അങ്ങനെ ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ ഭാഗ്യവാനായിരിക്കുന്നു ഈ ഞാന്‍??. ഇപ്പോള്‍, കാഷ്മീരിലെ സോന്‍മാര്‍ഗ്, ഗുല്‍മാര്‍ഗ്, പെഹല്‍ഗാം എന്നിവിടങ്ങളില്‍ ട്രെക്കിംഗും, മഞ്ഞ് മലകയറ്റവും എല്ലാം കഴിഞ്ഞ് ശ്രീനഗറില്‍ ഭാര്യയുമൊത്ത് തിരിച്ചെത്തിയപ്പോഴാണ് ഈയൊരു വാര്‍ത്ത എന്റെ മോഡല്‍ സ്‌കൂള്‍ ഗ്രൂപ്പിലെ സുഹൃത്തുക്കള്‍ ‘ ഇങ്ങനെ നീ ഇടയ്ക്കിടയ്ക്ക് ചത്താല്‍ ഞങ്ങളെന്തോന്ന് ചെയ്യുമെടേയ്….’ എന്ന ശീര്‍ഷകത്തോടെ അയച്ച് തന്നത്.
ഇനി ഞാന്‍ ഉടനെയൊന്നും മരിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നൊരു പത്ര സമ്മേളനം നടത്തണോ എന്ന് നിങ്ങള്‍ ഉപദേശിക്കണേ.
മലയാളം കൂടാതെ തമിഴ്, തെലുഗു, ഹിന്ദി, സംസ്‌കൃതം തുടങ്ങിയ ഭാഷകളിലും വേണുഗോപാല്‍ പാടിയിട്ടുണ്ട്. പറവൂര്‍ സഹോദരിമാര്‍ എന്നറിയപ്പെട്ടിരുന്ന ശാസ്ത്രീയ സംഗീതഞ്ജരായ രാധാമണി, ശാരദാമണി എന്നിവരുടെ അനിയത്തിയുടെ മകനാണ് വേണുഗോപാല്‍. നിരവധി അവാര്‍ഡുകളും സ്വന്തമാക്കുകയുണ്ടായി.
Singer G Venugopal once again denies fake news of his death.


