15
May 2025
Mon
15 May 2025 Mon
Edan Alexander

ഗസയില്‍ തടവിലുള്ള യുഎസ്-ഇസ്രായേലി പൗരനായ സൈനികനെ ഹമാസ് വിട്ടയക്കും. വെടിനിര്‍ത്തലിന് വേണ്ടി അമേരിക്കയുമായി നേരിട്ട് നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ഹമാസ് തീരുമാനം. (Hamas to release US-Israeli captive Edan Alexander)  ഇസ്രായേലിനെ ഒഴിവാക്കിയാണ് ഹമാസും അമേരിക്കയും നേരിട്ടുള്ള ചര്‍ച്ചകള്‍ മുന്നോട്ട് പോകുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

”ഇസ്രായേല്‍ സൈനികനായ എദാന്‍ അലക്‌സാണ്ടറെ വിട്ടയക്കും. വെടിനിര്‍ത്തല്‍, അതിര്‍ത്തികള്‍ തുറക്കല്‍, ഗസയിലേക്കുള്ള സഹായ സാമഗ്രികള്‍ എത്തിക്കല്‍ തുടങ്ങിയവയ്ക്ക് മുന്നോടിയായാണ് നടപടി”- ഹമാസ് ഞായറാഴ്ച്ച പ്രസ്താവനയില്‍ അറിയിച്ചു.

കഴിഞ്ഞ 70 ദിവസമായി ഗസയിലേക്കുള്ള ഭക്ഷണവും മരുന്നും ഉള്‍പ്പെടെ ഇസ്രായേല്‍ തടഞ്ഞുവച്ചിരിക്കുകയാണ്. 21 വയസ്സുകാരനായ അലക്‌സാണ്ടറെ എപ്പോള്‍ വിട്ടയക്കുമെന്ന് വ്യക്തമല്ല. എന്നാല്‍, അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇതുണ്ടാവുമെന്നാണ് റിപോര്‍ട്ട്.

ALSO READ: കൊല്ലപ്പെട്ട അബ്ദുല്‍ റഊഫ് അസ്ഹര്‍ എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം 2015ല്‍ കൊല്ലപ്പെട്ട ഐഎസ് നേതാവിന്റേത്

കരാറിന്റെ വിശദാംശങ്ങള്‍ അറിയിക്കുന്നതിന് യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോപ് ഇന്ന് ഇസ്രായേലില്‍ എത്തും.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈയാഴ്ച്ച മിഡില്‍ ഈസ്റ്റിലെ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ഇസ്രായേലിനെ ഒഴിവാക്കിയാണ് ട്രംപിന്റെ സന്ദര്‍ശനം.

യുഎസില്‍ ജനിച്ച് വളര്‍ച്ച അലക്‌സാണ്ടറെ ഒക്ടോബര്‍ 7ന് നടത്തിയ ആക്രമണത്തില്‍ സൈനിക താവളത്തില്‍ നിന്നാണ് ഹമാസ് തട്ടിക്കൊണ്ടുപോയത്. ഹമാസ് തടവില്‍ ജീവനോടെ ബാക്കിയുള്ള ഏക അമേരിക്കന്‍ പൗരനാണ് എദാന്‍ അലക്‌സാണ്ടര്‍.

വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ മധ്യസ്ഥരായ ഖത്തറും ഈജിപ്തും ഹമാസിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു. വെടിനിര്‍ത്തല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ഹമാസിന്റെ തീരുമാനം സഹായകമാവുമെന്ന് ഇരുരാജ്യങ്ങളും പ്രതീക്ഷ പ്രകടിപ്പിച്ചു.

ഹമാസുമായി നേരിട്ട് ചര്‍ച്ച നടത്തുന്ന അമേരിക്കയുടെ നടപടിയില്‍ ഇസ്രായേല്‍ അസ്വസ്ഥരാണ്. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി ബെഞ്ചമിന്‍ നെതന്യാഹു യുദ്ധം നീട്ടിക്കൊണ്ടു പോവുകയാണെന്ന അഭിപ്രായം അമേരിക്കന്‍ നേതൃത്വത്തിനുണ്ട്.