മലപ്പുറം: കോഴിക്കോട് (കരിപ്പൂര്‍) അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട. ഇന്നലെ രാത്രി 11.45ന് കസ്റ്റംസ് നടത്തിയ പരിശോധനയില്‍ 40 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് സ്ത്രീകളെ കസ്റ്റംസ് അറസ്റ്റ്‌ചെയ്തു. സംസ്ഥാനത്തെ ഈ വര്‍ഷത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളില്‍ ഒന്നാണിത്.
|
കോയമ്പത്തൂര്‍ സ്വദേശിനി കവിത രാജേഷ് കുമാര്‍ (40), ചെന്നൈ സ്വദേശിനിയായ റബിയത്ത് സൈദു (40), തൃശൂര്‍ സ്വദേശിനിയായ സിമി ബാലകൃഷ്ണന്‍ (39) എന്നിവരാണ് അറസ്റ്റിലായത്. എയര്‍ ഏഷ്യ വിമാനമായ AK33 ല്‍ തായ്‌ലന്‍ഡില്‍ നിന്ന് എത്തിയവരാണ് ഇവര്‍. തായ്‌ലന്‍ഡ് നിര്‍മ്മിത ചോക്‌ലേറ്റുകള്‍, കേക്കുകള്‍, ക്രീം ബിസ്‌ക്കറ്റുകള്‍ എന്നിവയില്‍ ഒളിപ്പിച്ച 34 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവും ഏകദേശം 15 കിലോഗ്രാം രാസവസ്തുക്കള്‍ ചേര്‍ത്ത ലഹരി വസ്തുക്കളും ആണ് പിടിച്ചെടുത്തത്.
വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ ലഗേജുകള്‍ പരിശോധിക്കുന്നതിനിടെയാണ് എയര്‍ കസ്റ്റംസ്, എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് അധികൃതര്‍ കഞ്ചാവ് കണ്ടെത്തിയത്. ഇവര്‍ തായ്‌ലന്‍ഡില്‍ നിന്ന് ക്വാലാലംപൂര്‍ വഴി കോഴിക്കോടുവരെ യാത്ര ചെയ്തതായി അന്വേഷണത്തില്‍ വ്യക്തമായി.
കഴിഞ്ഞ കുറച്ചു നാളുകളായി കേരളത്തിലെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിമരുന്ന് കടത്ത് വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ കസ്റ്റംസ് പരിശോധന കൂടുതല്‍ ശക്തമാക്കിയിരുന്നു. കൊച്ചി കസ്റ്റംസ് പ്രിവന്റീവിന് കീഴിലാണ് കോഴിക്കോട് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ ദിവസം അബൂദബിയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന 18 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് കരിപ്പൂരില്‍ നിന്ന് പൊലീസ് പിടികൂടിയിരുന്നു. വിമാനത്താവളത്തില്‍ ഈ കഞ്ചാവ് ഏറ്റുവാങ്ങാനായി കാത്തുനിന്ന മട്ടന്നൂര്‍ ഇടവേലിക്കല്‍ കുഞ്ഞിപറമ്പത്ത് വീട്ടില്‍ പ്രിന്റിജില്‍ (35), തലശ്ശേരി പെരുന്താറ്റില്‍ ഹിമം വീട്ടില്‍ റോഷന്‍ ആര്‍ ബാബു (33) എന്നിവരാണ് പിടിയിലായത്. പിടികൂടിയ കഞ്ചാവിന് അന്താരാഷ്ട്ര വിപണിയില്‍ ഒന്‍പത് കോടി രൂപ വിലവരും.
Three women caught by Air Customs at Karipur Airport with drugs worth Rs. 40 crore


