23
May 2025
Wed
23 May 2025 Wed
saudi crown prince mbs welcomes india-saudi ceasefire

അക്ബര്‍ പൊന്നാനി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജിദ്ദ: യു എസ് – ജി സി സി ഉച്ചകോടി റിയാദില്‍ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഉദ്ഘാടനം ചെയ്തു. ഉച്ചകോടിയുടെ ഉദ്ഘാടന സെഷനില്‍ തന്നെ ഇന്ത്യ – പാക് സംഘര്‍ഷം വിഷയമായി. ദിവസങ്ങള്‍ നീണ്ട രൂക്ഷമായ സംഘര്‍ഷങ്ങള്‍ക്ക് വിരാമമിട്ട് വെടിനിര്‍ത്തല്‍ നടപ്പാക്കിയതിന് ഇന്ത്യയെയും പാകിസ്താനെയും സൗദി കിരീടാവകാശി തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ അഭിനന്ദിച്ചു.

മധ്യ പൗരസ്ത്യ മേഖലയുടെ വളര്‍ച്ച, സമൃദ്ധി, സുസ്ഥിരത തുടങ്ങിയ പൊതുവായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഈ ഉച്ചകോടി വലിയ ഫലം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി കിരീടാവകാശി പറഞ്ഞു. ഈ ലക്ഷ്യത്തോടെ പ്രാദേശിക, രാജ്യാന്തര തലങ്ങളിലെ തുടര്‍ച്ചയായ സഹകരണവും ഏകോപനവുമാണ് റിയാദിലെ യു എസ് – ജി സി സി ഉച്ചകോടി അടിവരയിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അറബ് സമാധാന മാര്‍ഗരേഖയുടെയും യു എന്‍ പ്രമേയങ്ങളുടെയും അടിസ്ഥാനത്തില്‍ ഫലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തണമെന്ന് സൗദി കിരീടാവകാശി ആവശ്യപ്പെട്ടു. മേഖല നേരിടുന്ന വെല്ലുവിളികളുടെ വ്യാപ്തിയെക്കുറിച്ച് തങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കാനും ശാശ്വത പരിഹാരം കണ്ടെത്താനും കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ മാറ്റം അരങ്ങേറിയ സിറിയയെ ഉപരോധങ്ങളില്‍ നിന്ന് മോചിപ്പിക്കണമെന്നും ഇക്കാര്യത്തില്‍ ഡൊണാള്‍ഡ് ട്രംപ് നടത്തിയ സിറിയന്‍ ഉപരോധങ്ങളുടെ നീക്കം സംബന്ധിച്ച പ്രഖ്യാപനത്തെ അഭിനന്ദിക്കുന്നതായും കിരീടാവകാശി പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റിന്റെ നീക്കം സിറിയയിലെ സഹോദരങ്ങളായ ജനതയുടെ ദുരിതം ലഘൂകരിക്കുമെന്ന് അദ്ദേഹം തുടര്‍ന്നു.

യമന്‍ വിഷയത്തെ പരാമര്‍ശിക്കവേ, സമാധാന സംഭാഷണങ്ങളിലൂടെ അവിടുത്തെ വ്യത്യസ്ത കക്ഷികള്‍ തമ്മില്‍ സമഗ്രമായ ഒരു രാഷ്ട്രീയ പരിഹാരം കണ്ടെത്തുന്നതിനെയാണ് പ്രോത്സാഹിപ്പിക്കുന്നതിനും മുഹമ്മദ് ബിന്‍ സല്‍മാന്‍ ഊന്നിപ്പറഞ്ഞു. സിറിയന്‍ പ്രസിഡന്റ് അഹമ്മദ് ശരഅ, ലബനാന്‍ പ്രസിഡന്റ് ജോസഫ് ഔന്‍, ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് എന്നിവരും പ്രത്യേകം ക്ഷണിക്കപ്പെട്ടവരായി ഉച്ചകോടിയില്‍ പങ്കെടുത്തു. ഖത്തര്‍, യുഎഇ എന്നിവിടങ്ങളിലും ട്രംപ് പര്യടനം നടത്തുന്നുണ്ട്.