15
May 2025
Fri
15 May 2025 Fri
Gaza death

ജറൂസലം: വലിയ പട്ടിണി മരണത്തിന്റെ വക്കില്‍നില്‍ക്കുന്ന ഗസയില്‍ കൊടുംക്രൂരത തുടര്‍ന്ന് ഇസ്രായേല്‍. (Gaza: Israel kills at least 143 in one day) 14 മണിക്കൂറിനിടെ 143 പേരാണ് ഇസ്രായേല്‍ ബോംബിങില്‍ കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗസയില്‍ സമാധാനം സ്ഥാപിക്കുമെന്ന വീരവാദവുമായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പശ്ചിമേഷ്യ സന്ദര്‍ശനം തുടരുന്നതിനിടെയാണ് ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചത്. ക്രൂരമായ ബോംബിങ്ങില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.

1948ല്‍ ഇസ്രായേല്‍ സ്ഥാപിതമായ ശേഷം ജൂത സൈന്യം 7.50 ലക്ഷത്തിലേറെ ഫലസ്തീനികളെ ആട്ടിയോടിച്ചതിന്റെ 77ാമത് വാര്‍ഷികത്തിന്റെ പശ്ചാത്തലത്തിലാണ് ആക്രമണം. തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനുസില്‍ ബുധനാഴ്ച രാത്രി മാത്രം ആക്രമണങ്ങളില്‍ 57 പേര്‍ കൊല്ലപ്പെട്ടതായി നാസര്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.

ALSO READ:  സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ഉറവിടം തേടി ആരോഗ്യ വകുപ്പ്

വടക്കന്‍ മേഖലയില്‍ ഗസ്സ സിറ്റിയിലെയും ജബലിയയിലെയും ജനവാസ മേഖലകളില്‍ ഇസ്രായേല്‍ ബോംബിട്ടു. ഗസ്സയില്‍ മറ്റൊരു രക്തരൂഷിത ദിനം എന്ന് ദേര്‍ അല്‍ ബലാഹില്‍ നിന്ന് അല്‍ ജസീറ ലേഖകന്‍ താരിഖ് അബു അസൂം റിപ്പോര്‍ട്ട് ചെയ്തു. ഒരു മുന്നറിയിപ്പുമില്ലാതെ ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ഖാന്‍ യൂനിസിലെ ഒമ്പത് വീടുകള്‍ക്ക് മേല്‍ ബോംബിട്ടു.

ഈ വീടുകളിലെ മുഴുവന്‍ കുടുംബങ്ങളും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും അദ്ദേഹം പറഞ്ഞു. നിര്‍ബന്ധിത ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ നിരന്തരം ലഭിച്ചതിനെത്തുടര്‍ന്ന് സാധാരണക്കാര്‍ പലായനം ചെയ്യേണ്ട സ്ഥിതിയാണ്. ഉറങ്ങിക്കിടക്കുമ്പോഴാണ് ഫലസ്തീനികള്‍ക്ക് മേല്‍ ഇസ്രായേല്‍ ബോംബിടുന്നത്.

ജബലിയ അഭയാര്‍ഥി ക്യാമ്പിലും സമീപ പ്രദേശങ്ങളിലും 13 തവണ വ്യോമാക്രമണം നടത്തി. കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ സിവില്‍ ഡിഫന്‍സിന് കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രൂക്ഷമായ വ്യോമാക്രമണവും സൈനിക മുന്നറിയിപ്പും കാരണം ആയിരക്കണക്കിനു പേര്‍ വ്യാഴാഴ്ച കുടിയൊഴിഞ്ഞു പോയതായി അല്‍ ജസീറയുടെ മറ്റൊരു ലേഖകന്‍ ഹനി മഹമൂദ് റിപ്പോര്‍ട്ട് ചെയ്തു. ഫലസ്തീനികളെ ഒഴിപ്പിച്ച് ഗസ്സ പൂര്‍ണമായും പിടിച്ചെടുക്കാനുള്ള നീക്കം ഇസ്രായേല്‍ തുടങ്ങിയതായി അന്താരാഷ്ട്ര മനുഷ്യ

ാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ആരോപിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്തും എല്ലാ മാനുഷിക സഹായങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയുമാണ് ഇസ്രായേല്‍ പദ്ധതി നടപ്പാക്കുന്നത്. ഈ നീക്കത്തിനെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്തുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു.

19 മാസത്തിലേറെയായി തുടരുന്ന ആക്രമണത്തില്‍ ഗസ്സയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഇസ്രായേല്‍ വാസയോഗ്യമല്ലാതാക്കിയിട്ടുണ്ട്. 90 ശതമാനം ഫലസ്തീനികളും പല തവണ കുടിയിറക്കപ്പെടുകയും ചെയ്തു. ഗസ്സയിലേക്കുള്ള ഭക്ഷണവും മരുന്നും അടക്കമുള്ള സഹായങ്ങള്‍ രണ്ടു മാസത്തോളമായി പൂര്‍ണമായും തടഞ്ഞിരിക്കുകയാണ്.

53,010 പേരാണ് ഇതിനകം ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 119,919 പേര്‍ക്കാണ് പരിക്കുപറ്റിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പറയുന്നു. എന്നാല്‍, മരണ സംഖ്യ 61,700 കവിഞ്ഞെന്നും കാണാതായ ആയിരക്കണക്കിന് പേര്‍ മരിച്ചതായി കാണക്കാക്കുകയാണെന്നും ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചു.