23
May 2025
Wed
23 May 2025 Wed
Gold deposits in Kerala

സ്വര്‍ണവില കുത്തനെ ഉയരുമ്പോള്‍ അതുമായി ബന്ധപ്പെട്ട എല്ലാ വാര്‍ത്തകളും പഠനങ്ങളും ശ്രദ്ധ നേടുകയാണ്. (Gold deposits in Kerala ) രാജ്യത്തെ സ്വര്‍ണത്തിന്റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് പുതിയ വഴികള്‍ തേടുകയാണ് സര്‍ക്കാര്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആന്ധ്രയിലും കര്‍ണാടകയിലും ഓഡീഷയിലുമെല്ലാം സ്വര്‍ണ്ണ നിക്ഷേപം ഉള്ളതായി പര്യവേക്ഷണത്തില്‍ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍, നമ്മുടെ കേരളത്തിലും വലിയ സ്വര്‍ണ്ണ നിക്ഷേപം ഉണ്ടെന്നാണ് യാഥാര്‍ത്ഥ്യം. വയനാടിനും നിലമ്പൂരിനും പുറമെ 2006 ല്‍ പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലും സ്വര്‍ണ നിക്ഷേപം കണ്ടെത്തിയിട്ടുണ്ടെന്നാണ് കേരള സര്‍ക്കാറിന്റെ ഖനന ഭൂവിജ്ഞാന വകുപ്പ് തന്നെ വ്യക്തമാക്കുന്നത്.

കേരള സര്‍ക്കാറിന്റെ രേഖകള്‍ പ്രകാരം വയനാട് ജില്ലയിലെ മേപ്പാടി, ചുണ്ടേല്‍, വൈത്തിരി, തരിയോട് പ്രദേശങ്ങളിലും മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താഴ്വരയില്‍ മരുത, മണ്ണുചിനി, കാപ്പില്‍, കടന്നവണ്ണ പ്രദേശങ്ങളിലും ചാലിയാര്‍, പുന്നപ്പുഴ നദീതടങ്ങളിലും പാലക്കാട് ജില്ലയില്‍ അട്ടപ്പാടി പ്രദേശത്തും സ്വര്‍ണ നിക്ഷേപമുണ്ട്.

ALSO READ: ഇറാന്‍ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇസ്രായേല്‍ തയ്യാറെടുക്കുന്നു; ആണവ സമ്പുഷ്ടീകരണം തുടരുമെന്ന് ഇറാന്‍

വയനാട്ടിലെ സ്വര്‍ണ നിക്ഷേപ സാധ്യതകള്‍ ആദ്യം മനസ്സിലാക്കുന്നത് പണിയര്‍ ഉള്‍പ്പെടുന്ന ഗോത്രവിഭാഗക്കാരാണ്. ഈ വിവരം ബ്രീട്ടിഷുകാരുടെ അറിവിലേക്ക് എത്തിയതോടെയാണ് ഖനന നീക്കം സജീവമായത്. ചാലിയാറിലൂടെ ഒഴുകിയെത്തുന്ന സ്വര്‍ണത്തിന്റെ യഥാര്‍ത്ഥ ഉറവിടം വയനാടന്‍ മലനിരകളായിരുന്നു. ആദിവാസികള്‍ തങ്ങളുടേതായ രീതികളില്‍ സ്വര്‍ണ്ണം പുഴയില്‍ നിന്ന് അരിച്ചെടുത്തിരുന്ന സ്ഥാനത്തേക്ക് 1877 ല്‍ പുതിയ കമ്പനി തന്നെ രൂപീകരിച്ച് ബ്രിട്ടീഷുകാര്‍ ഖനനം ആരംഭിച്ചു.

വിതേഴ്‌സ് എന്ന ഓസ്‌ട്രേയിയക്കാരന്റെ ആല്‍ഫ ഗോള്‍ഡ് മൈന്‍ കമ്പനി വയനാടന്‍ കുന്നുകളിലും നാടുകാണി ചുരത്തിനപ്പുറം നിലമ്പൂരിലും മഞ്ഞ ലോഹം തേടി വ്യാപക തിരച്ചില്‍ ആരംഭിച്ചു. വൈത്തിരി മുതല്‍ ചേരമ്പാടി വരെയുള്ള പ്രദേശങ്ങളില്‍ ഖനനം നടന്നിരുന്നുവെന്നാണ് രേഖകളിലുള്ളത്. നിലമ്പൂരിലെ ചാലിയാര്‍ നദിയെ സ്വര്‍ണവാഹിനി എന്നാണു വിളിച്ചിരുന്നതെന്ന് മലബാര്‍ മാന്വലില്‍ വില്യം ലോഗന്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്.

വയനാട്ടിലെ സ്വര്‍ണ ശേഖരത്തിന്റെ വിവരം അറിഞ്ഞതോടെ ആല്‍ഫ് ഗോള്‍ഡ് മൈന്‍ കമ്പനിക്ക് പുറമെ കൂടുതല്‍ കമ്പനികള്‍ ഇവിടേക്ക് എത്തി. മേപ്പാടി, പന്തലൂര്‍, വൈത്തിരി, തരിയോട് തുടങ്ങിയി ഭാഗങ്ങളിലാണ് 35 ലേറെ കമ്പനികള്‍ ഖനനം നടത്തിയെന്നാണ് ചരിത്രം. വലിയ മുതല്‍ മുടക്കോടെയാണ് ഖനനം ആരംഭിച്ചതെങ്കിലും പ്രതീക്ഷിച്ച പോലെ സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ ഒരു കമ്പനിക്കും സാധിച്ചിരുന്നില്ല. ഇതോടെ ഓരോരുത്തരായി പതിയെ കമ്പനി പൂട്ടി മലയിറങ്ങുകയായിരുന്നു.

കമ്പനി പൊളിഞ്ഞതോടെ ഗോള്‍ഡ് മൈന്‍സ് ഇന്ത്യ എന്ന കമ്പനിയുടെ ഉടമ സ്മിത്ത് മൂണ്‍ എന്ന മുതലാളിക്ക് ആത്മഹത്യ ചെയ്യേണ്ടി വതും ചരിത്രം. സ്മിത്തിന്റെ മരണശേഷം ഭാര്യ ലിസി സ്മിത്ത് ഖനന പ്രദേശം മദ്രാസ് സര്‍ക്കാരിനു കൈമാറി. ഇന്ന് ഈ പ്രദേശം ലേഡി സ്മിത്ത് എന്ന് അറിയപ്പെടുന്ന വനമാണ്. സുഗന്ധഗിരിയില്‍ ബ്രിട്ടീഷുകാര്‍ സ്വര്‍ണം അരിച്ചെടുക്കുന്നതിനായി ഉപയോഗിച്ച കൂറ്റന്‍ ഉരുക്കു കട്ടകളുടെ ശേഷിപ്പുകളും ഇപ്പോള്‍ കാണാന്‍ സാധിക്കും.

സ്വാതന്ത്ര്യത്തിനു ശേഷം നടന്ന പഠനങ്ങളിലു തരിയോട് വലിയ സ്വര്‍ണ നിക്ഷേപമുള്ളതായി കേന്ദ്ര ജിയോളജി വകുപ്പ് കണ്ടെത്തിയിരുന്നു. എന്നാല്‍ പരിസ്ഥിതിക്കു വലിയ ക്ഷതം ഉണ്ടാക്കുമെന്നതിനാലാണ് സര്‍ക്കാര്‍ അതിനു തയാറയില്ല. പിന്നീട് ബാണാസുര സാഗര്‍ ഡാം വന്നപ്പോള്‍ തരിയോട് എന്ന വയനാട്ടിലെ ഒരു കാലത്തെ ഏറ്റവും വലിയ ‘പട്ടണവും’ സ്വര്‍ണ്ണ നിക്ഷേപവും തന്നെ പൂര്‍ണ്ണമായി വെള്ളത്തിനടിയിലായി.

1993-94 കാലഘട്ടത്തില്‍ ജിയോളജി വകുപ്പ് നടത്തിയ പഠനത്തിലും നിലമ്പൂരിലെ മരുത ഭാഗത്ത് 250 ഹെക്ടര്‍ വനഭൂമിയില്‍ വലിയ തോതിലുള്ള സ്വര്‍ണ നിക്ഷേപം കണ്ടെത്തിയിരുന്നു. തുടര്‍ പഠനങ്ങള്‍ക്കും മറ്റുമായി അന്ന് തന്നെ ഒന്നേമുക്കാല്‍ കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചതായി അന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇത് സംബന്ധിച്ച വിവരങ്ങളൊന്നും ഇല്ലാതായി.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണ ശേഖരമുള്ള മണ്ണ് മരുതയിലേതാണെന്നാണ് പറയപ്പെടുന്നത്. 1960കളില്‍ തുടങ്ങിയ പൊന്നരിപ്പ് 1990 വരെ തുടര്‍ന്നു. കൂട്ടില്‍പ്പാറ, പരലുണ്ട, ഇരുള്‍കുന്ന്, മണ്ണിച്ചീനി എന്നിവിടങ്ങളിലെ വന പ്രദേശങ്ങളിലുള്ള മേല്‍മണ്ണില്‍ നിന്നും മലകളില്‍ നിന്നും മഴവെള്ളത്തോടൊപ്പം ഒഴുകിയെത്തുന്ന സ്വര്‍ണതരികള്‍ ലഭിച്ച് തുടങ്ങിയതോടെയാണ് മരുത വനങ്ങളിലെ മലകളില്‍ മേല്‍മണ്ണില്‍ സ്വര്‍ണ്ണ നിക്ഷേപമുണ്ടെന്ന് മനസ്സിലായി തുടങ്ങിയത്.

മഴവെള്ളച്ചാലുകളില്‍ സ്വര്‍ണ്ണം അരിച്ചെടുക്കുന്ന നൂറ് കണക്കിന് ആളുകള്‍ഒരുകാലത്ത് ഉണ്ടായിരുന്നുവെന്നാണ് നിലമ്പൂരിലെ പഴയ തലമുറ പറയുന്നത്. ഇത്തരത്തില്‍ അരിച്ചെടുക്കുന്ന സ്വര്‍ണ്ണം വാങ്ങാനായി മാത്രം മരുത അങ്ങാടിയില്‍ പത്തോളം കടകളും ഉണ്ടായിരുന്നു. ഇങ്ങനെ ലഭിച്ച വരുമാനത്തിലൂടെ വീട് വെച്ചവരും, സ്ഥലം വാങ്ങിയവരും ഗള്‍ഫില്‍ പോയവരുമെല്ലാം അക്കാലത്ത് നിരവധിയായിരുന്നു.

എന്നാല്‍, മരുതമലയിലെ പൊന്നരിപ്പ് മൂലം
ഒഴുകിയെത്തുന്ന മണ്ണ് സമീപത്തെ പാടങ്ങളില്‍ കൃഷി അസാധ്യമാക്കിയതോടെ കര്‍ഷകര്‍ സംഘടിച്ച് പ്രതിഷേധിക്കാന്‍ തുടങ്ങി. ഇതോടെ അനധികൃതമായി വനത്തില്‍ നടക്കുന്ന സ്വര്‍ണ്ണഖനനം 1991ല്‍ സര്‍ക്കാര്‍ നിരോധിച്ചു. ഇതിന് ശേഷമാണ് 1993-94 വര്‍ഷങ്ങളില്‍ ജിയോളജി വകുപ്പ് നടത്തിയ പഠനത്തില്‍ മരുതയിലുള്ള 250 ഹെക്ടര്‍ വനഭൂമിയില്‍ സ്വര്‍ണ്ണ നിക്ഷേപമുള്ളതായി കണ്ടെത്തുന്നത്.

മരുതയില്‍ മാത്രമല്ല വഴിക്കടവ് പഞ്ചായത്തിന്റെ മറ്റ് പ്രദേശങ്ങള്‍, എടക്കര, മൂത്തേടം, പോത്തുകല്ല്, ചുങ്കത്തറ പഞ്ചായത്തുകളിലെ മേല്‍ മണ്ണിലും സ്വര്‍ണ നിക്ഷേപമുള്ളതായി പറയുന്നു. അട്ടപ്പാടി, വയനാട്, നിലമ്പൂര്‍ എന്നിവിടങ്ങളിലായി പതിനായിരം കോടി രൂപയിലധികം മൂല്യമുള്ള സ്വര്‍ണ്ണശേഖരമുള്ളതായാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ പുതിയ കണ്ടെത്തല്‍.

പാലക്കാട്ടെയും വയനാട്-നിലമ്പൂര്‍ മേഖലകളിലെയും സ്വര്‍ണ്ണ നിക്ഷേപങ്ങളില്‍ പര്യവേക്ഷണത്തിന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജിഎസ്‌ഐ), മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പുമായി (ഡിഎംജി) സഹകരിച്ച് പുതിയൊരു നീക്കം നടത്തുന്നതായി 2020 ല്‍ വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അതേക്കുറിച്ചും യാതൊരു സൂചനകളും ഇല്ലാതായി.

സ്വര്‍ണവില കുതിച്ചുയരുന്ന പുതിയ സാഹചര്യത്തില്‍ വീണ്ടും ഖനന സാധ്യതകള്‍ സര്‍ക്കാര്‍ തേടുന്നതായാണ് റിപോര്‍ട്ട്. അങ്ങിനെയെങ്കില്‍ അധികം വൈകാതെ കേരളത്തിലും സ്വര്‍ണോല്‍പ്പാദനത്തിന്റെ പൊന്‍ തിളക്കം കാണാനാവും.