മുംബൈ: GPay, PhonePe ഉപയോഗം സാധാരണക്കാർ വരെ ജീവിതത്തിൻ്റെ ഭാഗമാക്കിയതോടെ ഇനി അത്തരം ഓൺലൈൻ പണമിടപാടുകൾക്ക് ചാർജ് ഈടാക്കാൻ ആലോചന. അടിസ്ഥാന സൗകര്യങ്ങളും പ്രവർത്തന ചെലവുകളും കൈകാര്യം ചെയ്യുന്നതിൽ ബാങ്കുകളെയും പേയ്‌മെന്റ് സേവന ദാതാക്കളെയും പിന്തുണയ്ക്കുന്നതിനായി, 3,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) പേയ്‌മെന്റുകളിലും മർച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് അവതരിപ്പിക്കുന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാർ ആലോചിക്കുന്നു. വ്യാപാരി വിറ്റുവരവിനേക്കാൾ ഇടപാട് മൂല്യത്തെ അടിസ്ഥാനമാക്കി മർച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് അനുവദിക്കുന്നതിനുള്ള ചർച്ചകൾ നടന്നുവരികയാണെന്ന് എൻഡിടിവി ആണ് റിപ്പോർട്ട് ചെയ്തത്. ഉയർന്ന മൂല്യമുള്ള ഡിജിറ്റൽ ഇടപാടുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ചെലവ് വർദ്ധിക്കുന്നതിനെക്കുറിച്ച് ബാങ്കുകളും പേയ്‌മെന്റ് സേവന ദാതാക്കളും ആശങ്കകൾ ഉന്നയിച്ച സാഹചര്യത്തിലാണ് നടപടി.
|
ചെറിയ യുപിഐ പേയ്‌മെന്റുകൾ ഒഴിവാക്കപ്പെടാൻ സാധ്യതയുണ്ടെങ്കിലും, വലിയ ഇടപാടുകൾക്ക് ഉടൻ മർച്ചന്റ് ഫീസ് ഈടാക്കും. ഇത് 2020 ജനുവരി മുതൽ നിലവിലുണ്ടായിരുന്ന സീറോ-എംഡിആർ നയം പുനസ്ഥാപിക്കലാണെന്നു സര്ക്കാർ വൃത്തങ്ങൾ പറഞ്ഞു. റീട്ടെയിൽ ഡിജിറ്റൽ ഇടപാടുകളുടെ ഏകദേശം 80 ശതമാനവും യുപിഐയാണ്. എന്നാൽ സീറോ മർച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് (MDR ) വ്യവസ്ഥയിൽ ഈ മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിന് പരിമിതമായ പ്രോത്സാഹനങ്ങളുണ്ട്. യുപിഐ ഇടപാടുകൾക്കായി വലിയ വ്യാപാരികൾക്ക് 0.3 ശതമാനം MDR പേയ്‌മെന്റ് കൗൺസിൽ ഓഫ് ഇന്ത്യ നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ, RuPay ഒഴികെയുള്ള ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് പേയ്‌മെന്റുകളുടെ മർച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് 0.9 ശതമാനം മുതൽ 2 ശതമാനം വരെയാണ്.
ബാങ്കുകൾ, ഫിൻടെക് സ്ഥാപനങ്ങൾ, നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവയുൾപ്പെടെയുള്ള പങ്കാളികളുമായി കൂടിയാലോചിച്ച ശേഷം, ഒന്നോ രണ്ടോ മാസത്തിനുള്ളിൽ യുപിഐ പേയ്‌മെന്റുകളുടെ നിരക്കുകൾ കണക്കാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Union Government Weighs Charges On UPI Payments Over Rs 3,000


