തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ മഴമുന്നറിയിപ്പില്‍ മാറ്റം. (Extremely heavy rain in the state; Red alert in five districts) അതിതീവ്രമഴയുടെ സാധ്യത കണക്കിലെടുത്ത് റെഡ് അലര്‍ട്ട് രണ്ട് ജില്ലകളില്‍ നിന്ന് അഞ്ച് ജില്ലകളാക്കി വര്‍ധിപ്പിച്ചു.
|
കണ്ണൂര്‍ കാസര്‍കോട് ജില്ലകള്‍ക്ക് പുറമെ മലപ്പുറം, കോഴിക്കോട്, വയനാട്, ജില്ലകളിലാണ് റെഡ് അലര്‍ട്ട് നല്‍കിയിരിക്കുന്നത്. അതേസമയം പത്തനംതിട്ട കോട്ടയം എറണാകുളം ഇടുക്കി തൃശ്ശൂര്‍ പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും.
നാളെ 9 ജില്ലകള്‍ക്കാണ് ഓറഞ്ച് അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. വരും ദിവസങ്ങളിലും മഴ കനക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
അതേസമയം തിരുവനന്തപുരത്ത് ശക്തമായ കാറ്റില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് റോഡിലേക്ക് വീണു. പെരുമാതുറ സ്വദേശി സീന റഷീദിന്റെ വീടിന്റെ മേല്‍ക്കൂരയാണ് വീണത്. ഇരുമ്പ് ഷീറ്റിട്ട മേല്‍ക്കൂര പൂര്‍ണമായി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
ജനത്തിരക്കുള്ള സമയമായിരുന്നെങ്കിലും ആരും അപകടത്തില്‍ പെടാതെ രക്ഷപ്പെട്ടു. തുടര്‍ന്ന് അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തുകയും ഗതാഗതം പുനസ്ഥാപിക്കുകയുമായിരുന്നു.
നീരൊഴുക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് കാഞ്ഞിരപ്പുഴ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി
അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നുണ്ട്. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്.
അതിനാല്‍ മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്.
മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.



