24
Jun 2025
Sat
24 Jun 2025 Sat
kerala zumba dance

കോഴിക്കോട്: സ്‌കൂളുകളില്‍ സൂംബ, ഏറോബിക്‌സ്, യോഗ തുടങ്ങിയ കായിക വിനോദങ്ങള്‍ നടപ്പാക്കുന്നതിനെതിരായ എതിര്‍പ്പ് അടിസ്ഥാനമില്ലാത്തതാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. (Kerala Zumba dance controversy: Minister Shivan kutty explain) ഈ പ്രവര്‍ത്തനങ്ങള്‍ ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായാണ്. അനാവശ്യ എതിര്‍പ്പുകള്‍ സമൂഹത്തില്‍ വിഭാഗീയത വളര്‍ത്തുമെന്നും അദ്ദേഹം ആരോപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡ്രസ് കോഡും എതിര്‍പ്പുകളും

ഫുട്‌ബോള്‍, വോളിബോള്‍, നീന്തല്‍ തുടങ്ങിയ കായിക ഇനങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ കൃത്യമായ ഡ്രസ് കോഡുണ്ട്. ഇത് പാലിച്ചാണ് കായികതാരങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. സ്‌കൂളുകളില്‍ കുട്ടികള്‍ ലഘു വ്യായാമങ്ങള്‍ ചെയ്യുന്നത് യൂണിഫോമിലാണ്. ആരോടും അല്‍പവസ്ത്രം ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല.

വിദ്യാഭ്യാസ അവകാശ നിയമം (ഞഠഋ) അനുസരിച്ച് സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പഠന പ്രക്രിയകളില്‍ കുട്ടികള്‍ നിര്‍ബന്ധമായും പങ്കെടുക്കണം. അധ്യാപകര്‍ക്ക് വകുപ്പ് നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ബാധ്യതയുണ്ട്. ചില മതസംഘടനകള്‍ സ്‌കൂളുകളിലെ കായിക വിനോദങ്ങളെ ‘ആടിനെ പട്ടിയാക്കുന്ന’ നിലപാടാണ് സ്വീകരിക്കുന്നത്.

ഇത്തരം നിലപാടുകള്‍ ഭൂരിപക്ഷ വര്‍ഗീയത വളര്‍ത്താനേ ഉപകരിക്കൂ. ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹിജാബ് അടക്കമുള്ള വസ്ത്രധാരണ രീതിക്കെതിരെ മറ്റു സംസ്ഥാനങ്ങളില്‍ പ്രതിഷേധങ്ങള്‍ ഉണ്ടായപ്പോള്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ ജനാധിപത്യ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ഇവിടെ ചിലര്‍ ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് അനുകൂലമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കായിക വിനോദങ്ങളുടെ പ്രാധാന്യം

കായിക വിനോദങ്ങള്‍ കുട്ടികളില്‍ മാനസികവും ശാരീരികവുമായ ഉന്മേഷവും ആരോഗ്യവും വര്‍ധിപ്പിക്കും. ഇത് അവരുടെ പഠനത്തെയും വ്യക്തിത്വത്തെയും നല്ല രീതിയില്‍ സ്വാധീനിക്കും. അതിനാല്‍ ഇത്തരം ആരോഗ്യകരമായ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കണം.

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയില്‍ ആരോഗ്യ, കായിക വിദ്യാഭ്യാസം നിര്‍ബന്ധിത പാഠ്യവിഷയമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലേക്ക് പഠന സാമഗ്രികള്‍ തയാറാക്കി വിതരണം ചെയ്തിട്ടുണ്ട്. സ്ഥിരമായി കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് പേശീബലം വര്‍ധിപ്പിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

കൂടുതല്‍ ജീവിതശൈലീ രോഗങ്ങളുള്ള കേരളത്തില്‍ കായിക വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നത്. രോഗങ്ങളെ പ്രതിരോധിക്കാനും മാനസിക സമ്മര്‍ദം കുറയ്ക്കാനും കായിക പ്രവര്‍ത്തനങ്ങള്‍ സഹായിക്കും. കുട്ടികളില്‍ അച്ചടക്കം, സ്ഥിരോത്സാഹം, ലക്ഷ്യബോധം എന്നിവ വളര്‍ത്താനും ജയപരാജയങ്ങളെ അതിജീവിക്കാനും തീരുമാനമെടുക്കാനും ഇത് സഹായിക്കുന്നു.

കൂട്ടായ കായിക പ്രവര്‍ത്തനങ്ങളിലൂടെ സഹപാഠികളെ ബഹുമാനിക്കാനും ഒരുമിച്ച് പ്രവര്‍ത്തിക്കാനും വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരെ ഒരുമിപ്പിക്കാനും സാമൂഹ്യ ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും സാധിക്കും. കളികളിലെ പങ്കാളിത്തം നിയമങ്ങളെയും മര്യാദകളെയും കുറിച്ച് പഠിപ്പിക്കുകയും സത്യസന്ധത, നീതിബോധം, ഫെയര്‍ പ്ലേ എന്നിവ വളര്‍ത്തുകയും ചെയ്യും.

പാഠ്യപദ്ധതിയിലെ ഉള്ളടക്കം

പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി ആരോഗ്യ കായിക വിദ്യാഭ്യാസത്തില്‍ കാലികമായ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അടിസ്ഥാന ചലന നൈപുണികള്‍, ശരീര പരിപാലന ശേഷികള്‍, താളാത്മക ചലനങ്ങള്‍, ശാരീരിക ഏകോപന ശേഷികള്‍, ആരോഗ്യം, പോഷകാഹാരം, കായിക ക്ഷമത, വിവിധ വ്യായാമമുറകള്‍, ശാസ്ത്രീയമായ സ്‌പോര്‍ട്‌സ് പരിശീലന രീതികള്‍, പ്രഥമ ശുശ്രൂഷ, യോഗ, സമ്മര്‍ദം കുറയ്ക്കുന്ന വ്യായാമങ്ങള്‍, ശരീരസ്ഥിതി വൈകല്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള വ്യായാമമുറകള്‍ തുടങ്ങിയവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

ഹൃദയം, ശ്വസന ക്ഷമത, പേശീശക്തി, പേശീ ക്ഷമത, ശരീര അനുപാതം തുടങ്ങിയവ എല്ലാ കുട്ടികളും നേടണമെന്നതാണ് ലക്ഷ്യം. ഹൃദയ, ശ്വസന ക്ഷമത വര്‍ധിപ്പിക്കാന്‍ നടത്തം, ജോഗിങ്, ഓട്ടം, നീന്തല്‍, സൈക്ലിങ്, ഡാന്‍സിങ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പരിശീലിക്കാം. ഏറോബിക് ഡാന്‍സ്, സൂംബ ഡാന്‍സ്, ഫ്രീ സ്‌റ്റൈല്‍ ഡാന്‍സ് തുടങ്ങിയവ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. സംഗീതത്തിന്റെ സഹായത്തോടെയുള്ള ഈ പ്രവര്‍ത്തനങ്ങള്‍ ഹൃദയമിടിപ്പ് ഉയര്‍ത്തുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് ഹൃദ്രോഗം പോലുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സഹായിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.