തൃശ്ശൂര്‍: പുതുക്കാട് നവജാതശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതികളായ അവിവാഹിതരായ മാതാപിതാക്കളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത് തുടര്‍ച്ചയായ 12 മണിക്കൂര്‍ സമയം നീണ്ട ചോദ്യംചെയ്യലിനൊടുവില്‍. ആമ്പല്ലൂര്‍ ചേനക്കാല ഭവിന്‍ (25), വെള്ളിക്കുളങ്ങര നൂലുവള്ളി മുല്ലക്കപ്പറമ്പില്‍ അനീഷ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്നലെ ആമ്പല്ലൂരിലെയും നൂലുവള്ളിയിലെയും വീടുകളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമായിരുന്നു ചോദ്യംചെയ്യല്‍. കൊലപാതകത്തിനും ഗൂഢാലോചനയ്ക്കുമാണ് ഇവര്‍ക്കെതിരെ നിലവില്‍ കേസെടുത്തിരിക്കുന്നത്.
|
അനീഷയെയും ഭവിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. കുഞ്ഞുങ്ങളെ കുഴിച്ചിട്ട കുഴികള്‍ മാന്തിയുള്ള പരിശോധനയും ഇന്നു നടക്കും. അമ്മ അനീഷയാണ് ഒന്നാം പ്രതി. ആദ്യ കുഞ്ഞിനെ കുഴിച്ചിട്ട അനീഷയുടെ വീടിന്റെ പരിസരം, രണ്ടാമത്തെ കുഞ്ഞിനെ കുഴിച്ചിട്ട രണ്ടാം പ്രതി ഭവിന്റെ വീടിന്റെ പരിസരം എന്നിവിടങ്ങളിലാണ് ഫോറന്‍സിക് സംഘത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുക.
2020ല്‍ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ഭവിനും അനീഷയും പ്രണയത്തിലാവുകയും തുടര്‍ന്ന് ഗര്‍ഭിണിയായ അനീഷ 2021 നവംബറില്‍ ആദ്യ കുഞ്ഞിനെ പ്രസവിക്കുകയുമായിരുന്നു. നൂലുവള്ളിയിലെ വീട്ടിലെ കുളിമുറിയില്‍ വച്ച് പ്രസവിച്ച ആണ്‍കുഞ്ഞ് പൊക്കിള്‍കൊടി കഴുത്തില്‍ ചുറ്റിയതിനെ തുടര്‍ന്ന് മരിച്ചിരുന്നതായി അനീഷ പറഞ്ഞു. ഈ കുട്ടിയെ അനീഷയുടെ വീട്ടുപറമ്പില്‍ രഹസ്യമായി കുഴിച്ചിടുകയായിരുന്നു. എട്ടു മാസത്തിനുശേഷം കുട്ടിയുടെ അസ്ഥി ഭവിന് കൈമാറി.
മരിച്ച കുഞ്ഞുങ്ങളുടെ അസ്ഥി അന്ത്യകര്‍മങ്ങള്‍ ചെയ്ത് കടലില്‍ നിമജ്ജനം ചെയ്യാമെന്ന് പറഞ്ഞാണ് ഭവിന്‍ അസ്ഥി വാങ്ങിയത്. എപ്പോഴെങ്കിലും പിരിയേണ്ട ഘട്ടമുണ്ടായാല്‍ ഇതുപയോഗിച്ച് ഭീഷണിപ്പെടുത്താമെന്ന് ഭവിന്‍ കരുതിയിരുന്നതായും പൊലിസ് പറഞ്ഞു.
തുടര്‍ന്നും ഭവിനുമായി ബന്ധം തുടര്‍ന്ന അനീഷ 2024ല്‍ വീണ്ടും ഗര്‍ഭിണിയായി. ഏപ്രില്‍ 24ന് വീട്ടിലെ മുറിയില്‍ വച്ച് രണ്ടാമതും പ്രസവിച്ച അനീഷ കുഞ്ഞ് കരഞ്ഞതോടെ ശ്വാസംമുട്ടിച്ച് കൊന്നു. തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം ഭവിന്റെ ആമ്പല്ലൂരിലെ വീട്ടുപറമ്പില്‍ ഇരുവരും ചേര്‍ന്ന് രഹസ്യമായി കുഴിച്ചുമൂടിയെന്നുമാണ് അനീഷ നല്‍കിയ മൊഴി. പ്രസവശേഷം അനിഷ മൃതദേഹം സ്‌കൂട്ടറിലാണ് ഭവിന്റെ വീട്ടിലെത്തിച്ചത്.
റൂറല്‍ പൊലിസ് ചീഫ് ബി. കൃഷ്ണകുമാര്‍, ചാലക്കുടി ഡിവൈ.എസ്.പി ബിജുകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇരുവരെയും ചോദ്യം ചെയ്തതില്‍ പൊരുത്തക്കേടാെന്നുമുണ്ടായില്ല. ലബോറട്ടറി ടെക്‌നീഷ്യയായി ജോലി ചെയ്യുന്ന അനീഷ കുറച്ചുകാലമായി ഭവിനുമായി അകല്‍ച്ചയിലായിരുന്നു. അനീഷ മറ്റൊരു വിവാഹത്തിനൊരുങ്ങുന്നുവെന്ന സംശയം മൂലം ഭവിന്‍ ഫോണിലൂടെയും നേരിട്ടും നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നു. ശനിയാഴ്ച രാത്രി അനീഷയെ ഫോണില്‍ വിളിച്ചപ്പോള്‍ ഫോണ്‍ എന്‍ഗേജ്ഡ് ആയിരുന്നതാണ് ഭവിന് പ്രകോപനമായത്. ഇതോടെ മദ്യലഹരിയിലായിരുന്ന ഭവിന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന അസ്ഥി ബാഗിലാക്കി സ്റ്റേഷനിലെത്തുകയായിരുന്നു.
ഭവിന്റെ മൊഴിയുടെ നിജസ്ഥിതിയറിയാന്‍ പൊലിസ് ഫോറന്‍സിക്, സയന്റിഫിക് വിദഗ്ധരുടെ സഹായം തേടി. തുടര്‍ന്നാണ് അസ്ഥികള്‍ രണ്ട് കുഞ്ഞുങ്ങളുടെ ശരീര ഭാഗങ്ങളാണെന്ന് സ്ഥിരീകരിച്ചത്. അസ്തികള്‍ തങ്ങളുടെ കുഞ്ഞിന്റെതാണെന്ന് ഇരുവരും സ്ഥിരീകരിച്ചെങ്കിലും ഡിഎന്‍എ പരിശോധനയിലൂടെ സ്ഥിരീകരിച്ച ശേഷമേ തുടര്‍നടപടികള്‍ സ്വീകരിക്കാനാകൂ.
Police on Sunday arrested a 23-year-old woman and her male friend in connection with the murder of their two newborns over the past four years in Thrissur. The arrests followed a dramatic turn of events on Saturday night when Bhavin, in a highly intoxicated state, walked into the Puthukkad police station carrying a bag containing skeletal remains of two infants.


