16
Jul 2025
Mon
16 Jul 2025 Mon
iuml wayanad chooral mala land deal

കോഴിക്കോട്: മുസ്ലിം ലീഗിനെതിരേ മറ്റൊരു ഫണ്ട് വിവാദം കൂടി പുകയുന്നു. (IUML Wayanad chooral mala land deal controversy) മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതിക്ക് ഭൂമി വാങ്ങാന്‍ മാര്‍ക്കറ്റ് വിലയുടെ ഇരട്ടിയിലധികം തുക ലീഗ് നല്‍കിയെന്ന് ആരോപണം. പാണക്കാട് സാദിഖലി തങ്ങളുടെ പേരില്‍ ഭൂമി രജിസ്റ്റര്‍ ചെയ്തതിലൂടെ രണ്ട് കോടി രൂപയുടെ പാഴ്ചെലവുണ്ടായെന്നും വിമര്‍ശനമുണ്ട്. ഇതുമായി ബന്ധപ്പെട്ട് പി.കെ ബഷീര്‍ എംഎല്‍എയ്ക്ക് എതിരേ പാര്‍ട്ടിയില്‍ രൂക്ഷ വിമര്‍ശനവുമുയര്‍ന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തോട്ടഭൂമിയുടെ സ്വഭാവത്തിലുള്ള സ്ഥലം വന്‍തുക നല്‍കി വാങ്ങിയെന്നാണ് പ്രധാന ആരോപണം. മേപ്പാടി പഞ്ചായത്ത് തൃക്കൈപ്പറ്റ വില്ലേജിലെ വെള്ളിത്തോട് പ്രദേശത്തെ തോട്ടഭൂമിക്ക് സെന്റിന് കൂടിയ വില 65000 രൂപയാണ്. എന്നാല്‍, പുനരധിവാസ പദ്ധതിക്കായി മുസ്ലിം ലീഗ് ഭൂമി വാങ്ങിയത് സെന്റിന് ഒരുലക്ഷത്തി ഇരുപതിനായിരത്തിലധികം മുടക്കി.

11 ഏക്കര്‍ ഭൂമിയുടെ യഥാര്‍ത്ഥ വിലയേക്കാള്‍ ആറ് കോടിയോളം രൂപയാണ് അധികച്ചെലവ്. പുനരധിവാസ പദ്ധതിക്കായി കുറഞ്ഞ വിലയ്ക്ക് നേരത്തെ മുസ്ലിം ലീഗ് ഭൂമി കണ്ടെത്തിയിരുന്നു. പക്ഷെ, അത് തോട്ടഭൂമിയാണെന്ന് നിയമോപദേശം ലഭിച്ചതോടെ ഉപേക്ഷിച്ചു. പിന്നീടാണ് ഇപ്പോള്‍ വിവാദമായ ഭൂമി കൂടിയ വിലകൊടുത്ത് വാങ്ങിയത്.

ALSO READ: ‘പോണ്‍ വീഡിയോകള്‍ കണ്ട് കിടപ്പുമുറിയില്‍ അതുപോലെ പെരുമാറാന്‍ ആവശ്യപ്പെടും; മാലിന്യം പുരണ്ട ഷവര്‍മ വായില്‍ കുത്തിക്കയറ്റി’- നിതീഷിന്റേത് ഞെട്ടിക്കുന്ന ക്രൂരത

11 ഏക്കര്‍ ഭൂമി രജിസ്റ്റര്‍ ചെയ്തത് മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പേരിലാണ്. ഇനി വീട് പണി പൂര്‍ത്തിയായ ശേഷം എട്ട് സെന്റ് വീതം ഗുണഭോക്താക്കള്‍ക്ക് വീണ്ടും രജിസ്റ്റര്‍ ചെയ്ത് നല്‍കും. രണ്ട് തവണ രജിസ്ട്രേഷന്‍ നടത്തുന്നതിലൂടെ രണ്ട് കോടിയോളം രൂപ പഴാവും. തിടുക്കപ്പെട്ട് സാദിഖലി തങ്ങളുടെ പേരില്‍ ഭൂമി രജിസ്റ്റര്‍ ചെയ്തത് എന്തിനെന്ന ചോദ്യം പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെ ഉയരുന്നു.

പികെ ബഷീറിനെതിരേ രൂക്ഷ വിമര്‍ശനം

അതേ സമയം, പുരനധിവാസത്തിനായി പ്രഖ്യാപിച്ച ഭവന പദ്ധതിക്കായി വാങ്ങിയ ഭൂമി നിയമക്കുരുക്കില്‍പെട്ടത് പി.കെ ബഷീര്‍ എംഎല്‍എയുടെ വീഴ്ച മൂലമാണെന്ന് മുസ്ലിം ലീഗില്‍ വിമര്‍ശനം. പുനരധിവാസ പദ്ധതിക്ക് ലീഗ് ചുമതപ്പെടുത്തിയ ഉപസമിതിയുടെ കണ്‍വീനര്‍ പി.കെ ബഷീറാണ്.

11 ഏക്കര്‍ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങള്‍ക്കും നേതൃത്വം നല്‍കിയതും ബഷീറാണ്. ജനങ്ങളില്‍ നിന്ന് 40 കോടി പിരിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള ഭൂമി ഇടപാടില്‍ വേണ്ട ശ്രദ്ധ ബഷീര്‍ കാണിച്ചില്ലെന്നാണ് പാര്‍ട്ടിയിലെ വിമര്‍ശനം. പരുഷ വാക്കുകള്‍ ഉപയോഗിച്ചാണ് പി.കെ കുഞ്ഞാലിക്കുട്ടി ബഷീറിനെ വിമര്‍ശിച്ചത്. ബഷീറിനോട് പൊട്ടിത്തെറിച്ച കുഞ്ഞാലിക്കുട്ടി പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന മുന്നറിയിപ്പും നല്‍കി.

അതീവ ഗൗരവമുള്ളതും പാര്‍ട്ടിയുടെ അഭിമാന പ്രശ്‌നവുമായ വിഷയം ബാലിശമായാണ് കൈകാര്യം ചെയ്തതത്. രേഖകള്‍ നിയമജ്ഞരെ കൊണ്ട് പരിശോധിപ്പിക്കാതെ ഭൂമി ഇടപാട് നടത്തിയതിലെ യുക്തിയും കുഞ്ഞാലിക്കുട്ടി ചോദ്യം ചെയ്തു. നടപടി അക്ഷന്തവ്യമായ അപരാധമാണെന്നും കുഞ്ഞാലിക്കുട്ടി ബഷീറിനോട് പറഞ്ഞു.

പാര്‍ട്ടി അധ്യക്ഷന്‍ സാദിഖലി തങ്ങളും പ്രശ്‌നത്തില്‍ അസ്വസ്ഥനാണ്. വിഷയം സിപിഎം രാഷ്ട്രീയമായി ഏറ്റെടുത്ത സാഹചര്യത്തില്‍ പാര്‍ട്ടിക്ക് പരിക്കേല്‍ക്കാതിരിക്കാനുള്ള പരിശ്രമത്തിലാണ് നേതൃത്വം. ഭൂമിയുടെ മേലുള്ള നിയമക്കുരുക്ക് മറികടക്കാന്‍ ലീഗ് നേതൃത്വം അടിയന്തരമായി നിയമോപദേശം തേടി.

ലീഗിന്റെ പുനരധിവാസ പദ്ധതിയുടെ ചുമതല പി.കെ ബഷീര്‍ നേതൃത്വത്തോട് ചോദിച്ച് വാങ്ങിയതാണ്. വയനാട് മണ്ഡലത്തിലെ ഏക ലീഗ് എംഎല്‍എ, പ്രിയങ്ക ഗാന്ധി എംപിയോടുള്ള വ്യക്തിപരമായ ബന്ധം എന്നിവ കണക്കിലെടുത്ത് പദ്ധതിയുടെ ചുമതല തന്നെ ഏല്‍പിക്കണമെന്ന് ബഷീര്‍ നേതൃത്വത്തോട് ആവശ്യപ്പെടുകയായിരുന്നു.

വയനാട് തൃക്കൈപ്പറ്റ വില്ലേജില്‍ വാങ്ങിയ 11 ഏക്കറിലെ ഒരു ഭാഗം തോട്ടഭൂമിയാണെന്നാണ് വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വൈത്തിരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഭൂവുടകളില്‍ നിന്ന് വിശദീകരണം തേടുകയായിരുന്നു.

എന്നാല്‍, വാങ്ങിയത് തോട്ടമല്ലെന്നും ജന്മം പട്ടയമുള്ള ഭൂമിയാണെന്നും അതിനാലാണ് കൂടുതല്‍ തുക നല്‍കേണ്ടിവന്നതെന്നുമാണ് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ വിശദീകരണം. നിയമോപദേശം സ്വീകരിച്ച ശേഷമാണ് ഭൂമി വാങ്ങിയതെന്നും തോട്ടഭൂമിയല്ലെന്ന് തെളിയിക്കാനുള്ള മുഴുവന്‍ രേഖകളും ഭൂഉടമ ലാന്റ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കുമെന്നുമാണ് മുസ്ലിം ലീഗിന്റെ വാദം.

അതേസമയം, നേരത്തേ പിരിച്ച പല ഫണ്ടുകളിലും അഴിമതിയാരോപണം നേരിട്ട ലീഗിനെ സംബന്ധിച്ച് പുതിയ വിവാദം കടുത്ത പ്രതിസന്ധി സൃഷ്്ടിച്ചിരിക്കുകയാണ്. ഗുജറാത്ത് ഫണ്ട്, സുനാമി ഫണ്ട്, കത്വ-ഉന്നാവോ ഫണ്ട് ഉള്‍പ്പെടെയുള്ളവയില്‍ പാര്‍ട്ടിക്കകത്ത് നിന്നും പുറത്തു നിന്നും ആരോപണമുയര്‍ന്നിരുന്നു.