ഷാര്‍ജയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിപഞ്ചികയുടെ കത്തില്‍ പറയുന്നത് കൊടിയ പീഡനത്തിന്റെ കഥകള്‍. (Sharjah suicide abuse Vipanchika letter) കേരളപുരം സ്വദേശി മണിയന്റെയും ഷൈലജയുടെയും മകള്‍ വിപഞ്ചിക മണിയന്‍ (33), ഒന്നര വയസ്സുള്ള മകള്‍ വൈഭവി എന്നിവരെയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഷാര്‍ജ അല്‍ നഹ്ദയിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തി തൂക്കിയ ശേഷം വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് കരുതുന്നത്.
|
ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് വിപഞ്ചികയുടെ ബന്ധുകള്‍ ഉന്നയിക്കുന്നത്. വിപഞ്ചികയ്ക്കും മകള്‍ വൈഭവിക്കും നീതി കിട്ടുന്നതിന് ഏതറ്റം വരെയും പോകുമെന്നു വിപഞ്ചികയുടെ അമ്മ ഷൈലജ പറഞ്ഞു. ബുധനാഴ്ച്ച രാവിലെ വീട്ടുജോലിക്കാരി ഫ്‌ലാറ്റില്‍ എത്തി വിളിച്ചപ്പോള്‍ കതക് തുറന്നില്ല. തുടര്‍ന്ന് മാറി താമസിച്ചിരുന്ന ഭര്‍ത്താവ് നിതീഷിനെ അറിയിക്കുകയും നിതീഷെത്തി കതക് പൊളിച്ചു അകത്തു കടന്നപ്പോഴാണു മരണ വിവരം അറിയുന്നത്.
തന്റെ മരണത്തിന് ഉത്തരവാദികള്‍ ഭര്‍ത്താവ് നിതീഷ്, സഹോദരി നീതു, പിതാവ് മോഹനന്‍ എന്നിവരാണെന്നു വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. വിവാഹ ആഡംബരമായി നടത്തിയില്ല, സ്ത്രീധനം കുറഞ്ഞു, കാര്‍ നല്‍കിയില്ല എന്നൊക്കെ കുറ്റം പറഞ്ഞു മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു. ഞെട്ടിക്കുന്ന വിവരങ്ങളാണ് കത്തിലുള്ളത്.
‘ഭര്‍ത്താവ് നിതീഷ് വൈകൃതമുള്ള മനുഷ്യനാണ്. കാണാന്‍ പാടില്ലാത്ത പല വിഡിയോകളും കണ്ട ശേഷം അത് ബെഡ് റൂമില്‍ വേണമെന്ന് ആവശ്യപ്പെടും. തനിക്ക് ആവശ്യമുള്ള ഒരു സാധനങ്ങളും വാങ്ങിത്തരില്ല,തന്നെ പുറത്തു കൊണ്ട് പോകില്ല ‘വിപഞ്ചിക കത്തില്‍ ആരോപണം ഉന്നയിക്കുന്നു.
കല്യാണം ആഡംബരമായി നടത്തിയില്ല. സ്ത്രീധനം കുറഞ്ഞുപോയി, കാര്‍ കൊടുത്തില്ല എന്നൊക്കെ പറഞ്ഞ് എന്നെ കൊല്ലാക്കൊല ചെയ്യുന്നു. വീടില്ലാത്തവള്‍, പണമില്ലാത്തവള്‍, തെണ്ടി ജീവിക്കുന്നവള്‍ എന്നിങ്ങനെയെല്ലാം ആക്ഷേപിച്ചു. കുഞ്ഞിനെ ഓര്‍ത്ത് തന്നെ വിടാന്‍ കെഞ്ചിയിട്ടും ഭര്‍തൃസഹോദരി കേട്ടില്ല. ഒരിക്കല്‍ ഇവരുടെ വാക്കും കേട്ട് നിതീഷ് വീട്ടില്‍ വലിയ ബഹളമുണ്ടാക്കി. മുടിയും പൊടിയും എല്ലാം ചേര്‍ന്ന ഷവര്‍മ എന്റെ വായില്‍ കുത്തിക്കയറ്റി. അവളുടെ പേരും പറഞ്ഞ് ഗര്‍ഭിണിയായിരുന്ന എന്റെ കഴുത്തില്‍ ബെല്‍റ്റ് ഇട്ട് വലിച്ചു.
ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല. ഗര്‍ഭിണിയായി ഏഴാം മാസത്തില്‍ തന്നെ നിതീഷ് വീട്ടില്‍ നിന്ന് ഇറക്കി വിട്ടു. നിതീഷിന് ഒരുപാട് സ്ത്രീകളുമായി ബന്ധമുണ്ടെന്നും കത്തില്‍ പരാമര്‍ശമുണ്ട്. തുടക്കത്തിലൊക്കെ നിതീഷ് തന്നെ തല്ലുമായിരുന്നുവെങ്കിലും കാര്യങ്ങള്‍ നോക്കുമായിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി തനിക്ക് വെള്ളമോ ആഹാരമോ വസ്ത്രമോ ഒന്നും തരില്ലെന്നും വ്യക്തമാക്കുന്നു. എന്നെ അവര്‍ക്ക് ഒരു മാനസിക രോഗിയാക്കണം. എന്റെ കൂട്ടുകാര്‍ക്കും ഒഫിസിലുള്ളവര്‍ക്കുമെല്ലാം നിതീഷും അയാളുടെ സഹോദരിയും അച്ഛനും ചെയ്യുന്ന ദ്രോഹങ്ങളെക്കുറിച്ച് അറിയാമെന്നും പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





