27
Jul 2025
Sun
27 Jul 2025 Sun
Dharmasthala SIT

ബെംഗളൂരു: ധര്‍മസ്ഥല കൂട്ടക്കൊലപാതകത്തില്‍ നിര്‍ണായക നീക്കത്തിനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം. നാളെ മുതല്‍ പ്രദേശത്ത് കുഴിയെടുത്ത് പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൃതദേഹങ്ങള്‍ കുഴിച്ചിട്ടതിനെ സംബന്ധിച്ച് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. ക്ഷേത്ര പരിസരത്ത് എവിടെയൊക്കെയാണ് മൃതദേഹം കുഴിച്ചിട്ടത് എന്നത് സംബന്ധിച്ച് ശുചീകരണ തൊഴിലാളി അന്വേഷണസംഘത്തിന് മൊഴി നല്‍കി.

ക്ഷേത്ര പരിസരത്തെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലെ വനമേഖലയിലും മൃതദേഹങ്ങള്‍ കുഴിച്ചിട്ടു എന്നും ഇയാള്‍ വെളിപ്പെടുത്തി. അന്വേഷണ സംഘം തങ്ങളുടെ പ്രത്യേക ഹെല്പ് ഡസ്‌ക് ഓഫീസ് ബെല്‍ത്തങ്ങാടിയില്‍ ഉടന്‍ തുറക്കും. 2003ല്‍ ധര്‍മസ്ഥലയില്‍ വെച്ച് കാണാതായ അനന്യ ഭട്ടിന്റെ തിരോധാനക്കേസും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.

ശുചീകരണ തൊഴിലാളി കൈമാറിയ അസ്ഥികൂടം ഇന്ന് വിശദമായി പരിശോധിക്കും. അസ്ഥികൂടത്തിലെ മണ്ണും പ്രദേശത്തെ മണ്ണും താരതമ്യം ചെയ്യും. ശചീകണ തൊഴിലാളിയില്‍ നിന്ന് ഇന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഡിജിപി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള 20 അംഗ അന്വേഷണസംഘമാണ് ധര്‍മസ്ഥല കേസ് അന്വേഷിക്കുന്നത്. ഇതിനിടെ അന്വേഷണം തുടങ്ങുന്നതിന് മുന്‍പായി ഡിസിപി സൗമ്യലത അന്വേഷണ സംഘത്തില്‍ നിന്ന് പിന്മാറിയിയത് വലിയ ചര്‍ച്ചയായിരുന്നു. വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നാണ് പിന്മാറ്റമെന്നാണ് സൗമ്യലത അറിയിച്ചത്.

1998നും 2014നും ഇടയില്‍ ധര്‍മസ്ഥലയില്‍ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ താന്‍ നിര്‍ബന്ധിതനായിരുന്നുവെന്ന് ശുചീകരണ തൊഴിലാളി ദക്ഷിണ കന്നഡ പൊലീസിന് മൊഴി നല്‍കിയത് വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. അവസാനം സംസ്‌കരിച്ചതാണെന്ന് അവകാശപ്പെട്ടുള്ള മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് ഇയാള്‍ പൊലീസില്‍ മൊഴി നല്‍കിയത്.

ALSO WATCH

ആരോപണവിധേയരെല്ലാം ധര്‍മസ്ഥല മഞ്ചുനാഥ ക്ഷേത്രത്തിലെ സൂപ്പര്‍വൈസര്‍മാരും ജീവനക്കാരുമാണ്. എതിര്‍ക്കുന്നവരെ ഇല്ലാതാക്കാന്‍ ഒരു മടിയുമില്ലാത്തവരാണ് അവരെന്നും തനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയാല്‍ പേരുകള്‍ വെളിപ്പെടുത്താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മഞ്ചുനാഥ സ്വാമി ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നതിനു പിന്നാലെ നിരവധി പേര്‍ ധര്‍മസ്ഥലക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു.

എന്നാല്‍ ക്ഷേത്രം ട്രസ്റ്റ് നിയന്ത്രിക്കുന്നവര്‍ കേന്ദ്രത്തിലും സംസ്ഥാത്തും ഭരിക്കുന്ന സര്‍ക്കാരുകളില്‍ വലിയ സ്വാധീനമുള്ളവരാണ്. അതുകൊണ്ട് തന്നെ ആരോപണങ്ങള്‍ വന്നിട്ടും കര്‍ണാടക സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടാത്തത് വലിയ ചര്‍ച്ചയായിരുന്നു. മാധ്യമങ്ങളുടെ വലിയ സമ്മര്‍ദ്ദത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ എസ്ഐടി രൂപീകരിച്ചത്.

English News Summary
The Special Investigation Team (SIT) constituted by the Karnataka government to probe the allegations surrounding the clandestine burial of hundreds of bodies in Dharmasthala on Saturday officially launched its inquiry in Mangaluru.