25
Jul 2025
Mon
25 Jul 2025 Mon
Hindutva activists' love jihad and human trafficking allegations turn against the Catholic Church

ന്യൂഡല്‍ഹി: മുസ്ലിംകള്‍ക്കെതിരെ ഹിന്ദുത്വവാദികള്‍ ഉന്നയിച്ച ലൗജിഹാദ്, മനുഷ്യക്കടത്ത് ആരോപണങ്ങള്‍ കത്തോലിക്കാ സഭയെ തിരിഞ്ഞുകുത്തുന്നു. ലൗ ജിഹാദ് തടയാന്‍ എന്ന് അവകാശപ്പെട്ട് ഏറെക്കുറേ ബിജെപി ഭരിക്കുന്ന ഏതാണ്ടെല്ലാ സംസ്ഥാനങ്ങളും പാസ്സാക്കിയെടുത്ത നിയമമായ മതംമാറ്റ നിരോധനഭേദഗതി നിയമത്തിലൂടെയാണ്, ഇപ്പോള്‍ രാജ്യത്തെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ ഹിന്ദുത്വവാദികള്‍ ലക്ഷ്യംവയ്ക്കുന്നത്. നേരത്തെ ലൗ ജിഹാദിനെതിരേ നിയമം കൊണ്ടുവരുന്ന എന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായപ്പോള്‍ തന്നെ ആ നിയമത്തിന് കൈയടിച്ചവരാണ് കേരളത്തിലെ ഒരുവിഭാഗം ക്രിസ്ത്യാനികള്‍. ഈ നിയമപ്രകാരം ഹിന്ദുമതം സ്വീകരിക്കാന്‍ വളരെ ഈസിയാണെങ്കിലും ഹിന്ദുമതത്തില്‍നിന്ന് ഇസ്ലാം, ക്രിസ്ത്യന്‍ മതങ്ങള്‍ സ്വീകരിക്കല്‍ ഏറെ പ്രയാസമാണ്. ഹിന്ദുമതം വിട്ട് മറ്റൊരു മതം സ്വീകരിക്കാന്‍ നിരവധി രേഖകളും നോട്ടറി സര്‍ട്ടിഫൈഡ് അഫിഡവിറ്റും സഹിതം കലക്ടര്‍ക്ക് മുമ്പാകെ അപേക്ഷിച്ച് ആഴ്ചകളോളം കാത്തിരിക്കണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുപിയില്‍ ആണ് നിയമം ആദ്യം പ്രാബല്യത്തില്‍ വന്നത്. ആന്റി ലൗ ജിഹാദ് ആക്ട് എന്ന പേരാണ് ആദ്യം ഇതിനെ ഒരുവിഭാഗം മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. നിയമം പ്രാബല്യത്തില്‍ വന്ന് ആദ്യ സമയങ്ങളില്‍ കുറച്ച് മുസ്ലിംകളെയാണ് അറസ്റ്റ്‌ചെയ്തതെങ്കിലും പിന്നീട് ഈ നിയമപ്രകാരം ഇരകളാക്കപ്പെട്ടത് കൂടുതലും ഉത്തരേന്ത്യയിലെ ക്രിസ്ത്യാനികളാണ്. പതിവ് ഞായറാഴ്ച പ്രാര്‍ഥന നടത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍പ്പോലും ഈ നിയമപ്രകാരം അറസ്റ്റിലായി. ഏറ്റവുമൊടുവിലാണ് കേരളത്തില്‍നിന്നുള്ള കന്യാസ്ത്രീകളും അറസ്റ്റിലായതും ജയിലിലടക്കപ്പെട്ടതും.

സിറോ മലബാര്‍ സഭയുടെ കീഴില്‍ ആലപ്പുഴ ചേര്‍ത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് എന്ന സന്ന്യാസസഭയിലെ സിസ്റ്റര്‍മാരായ വന്ദന മേരിയും പ്രീതി ഫ്രാന്‍സിസും ആണ് ഛത്തിസ്ഗഡില്‍വച്ച് അറസ്റ്റിലായത്. മൂന്ന് ഹിന്ദു പെണ്‍കുട്ടികള്‍ക്ക് ആഗ്രയിലെ സഭയ്ക്ക് കീഴിലുള്ള ഹോളി ഫാതമ ഹോസ്പിറ്റലില്‍ ജോലി ശരിയാക്കിക്കൊടുക്കുകയും ജോലിക്കായി ഇവരെ ട്രെയിനില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നതിനിടെയാണ് ഛത്തിസ്ഗഡിലെ ദുര്‍ദ് റെയില്‍വേ സ്റ്റേഷനില്‍വച്ച് അറസ്റ്റിലായത്. സഭാവേഷത്തിലുള്ള കന്യാസ്ത്രീകള്‍ക്കൊപ്പം മൂന്ന് ഹിന്ദു യുവതികളെ കണ്ട ടിടിഇ, അവരെ തടഞ്ഞുവയ്ക്കുകയും വേഗം സ്ഥലത്തെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ ഫോണില്‍ വിളിക്കുകയുമായിരുന്നു.

പ്രായപൂര്‍ത്തിയായ യുവതികള്‍ അവരുടെ പിതാക്കളുടെ ആധാര്‍ കാര്‍ഡ് സഹിതമുള്ള സമ്മതപത്രം കാണിച്ചെങ്കിലും ഹിന്ദുത്വര്‍ക്കും ടിടിഇക്കും തൃപ്തിയായില്ല. പിന്നീട് പോലീസെത്തി കന്യാസ്ത്രീകളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ്‌ചെയ്ത് റിമാാന്‍ഡില്‍ വിട്ടു. ജോലിക്കായി വീട്ടില്‍നിന്നിറങ്ങിയ യുവതികളെ ദുര്‍ദിലെ സര്‍ക്കാരിന് കീഴിലുള്ള വനിതാക്ഷേമകേന്ദ്രത്തിലേക്കും മാറ്റുകായയിരുന്നു. അടുത്ത ദിവസം പെണ്‍കുട്ടികളെ കുടുംബത്തിനൊപ്പം വിട്ടു.

പെണ്‍കുട്ടികളെ മതംമാറ്റാന്‍ കൊണ്ടുപോകുകയാണെന്നുംസംഭവം മനുഷ്യക്കാടത്താണെന്നുമുള്ള ബജ്‌റംഗ്ദളുകാരുടെ ആരോപണം പോലീസ് ശരിവയ്ക്കുന്ന വിധത്തിലാണ് കേസും വകുപ്പും.

നേരത്തെ സംഘ്പരിവാര്‍ ഉയര്‍ത്തിയ മുസ്ലിം വിരുദ്ധ അജണ്ടകളുടെ പ്രചാരണം ഏറ്റെടുത്ത കത്തോലിക്കാസഭ ഇപ്പോള്‍ നേരിടുന്ന്ത ചരിത്രഥ്തിലെ കാവ്യനീതിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മുസ്ലിം സമുദായത്തിനെതിരേ മനുഷ്യക്കടത്തും വ്യാജ ലൗജിഹാദ് ആരോപണങ്ങളും ഉന്നയിച്ച് ഇവിടത്തെ അന്തരീക്ഷം മലിനമാക്കാന്‍ മുന്നില്‍നിന്ന് ക്രൈസ്തവസഭകളിലെ ഒരുവിഭാഗം ഉയര്‍ത്തിവിട്ട വിഷധൂളികള്‍ ഇപ്പോവും കെട്ടടങ്ങിയിട്ടില്ല. 2012ല്‍ കോഴിക്കോട്ടെ മുക്കം ഓര്‍ഫനേജിലേക്ക് ബിഹാറിലെയും ജാര്‍ഖണ്ഡിലെയും ദരിദ്രരായ കുട്ടികളെ കൊണ്ടുവന്നപ്പോള്‍ അത് മനുഷ്യക്കാടത്തായി അവതരിപ്പിക്കാന്‍ മുന്നില്‍നിന്നവരില്‍ സഭാ വക്താവും ഉണ്ടായിരുന്നു. അന്ന് പഠനം മുടക്കി നാട്ടിലേക്ക് തിരിച്ചയച്ച ജാര്‍ഖണ്ഡിലെയും ബിഹാറിലെയും കുട്ടികള്‍ പിന്നീട് സ്‌കൂളിലേക്ക് പോയതുമില്ല. അവരുടെ പഠനം അവിടെവച്ച് മുടങ്ങി.

വഖ്ഫ് സ്വത്തുക്കള്‍ കൈയടക്കാനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിവാദമായ വഖ്ഫ് ഭേദതി നിയമത്തെ സ്വാഗതംചെയ്തവരാണ് കത്തോലിക്കാ സഭ. എന്നാലിപ്പോള്‍ മുസ്ലിംകളുടെ വിശ്വാസപരമായ സ്വത്തുക്കള്‍ കൈയിട്ട് വാരാന്‍ അവസരം ആയെന്ന് ഉറപ്പായതോടെ ബിജെപി സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം സഭാസ്വത്തുക്കളാണെന്ന സൂചനവന്നുകഴിഞ്ഞു.

അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥാനത്ത് നിര്‍മിച്ച രാമക്ഷേത്രത്തിന്റെ ശിലാന്യാസം നടന്നപ്പോള്‍, ഭക്തിസാന്ദ്രം പ്രാണപ്രതിഷ്ഠ എന്ന പ്രകോപനപരമായ തലക്കെട്ട് വെണ്ടക്ക അക്ഷരത്തില്‍ ഒന്നാംപേജ് ലീഡാക്കിയത് ജന്മഭൂമിയോ മാതൃഭൂമിയോ അല്ല, മറിച്ച് കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപികയായിരുന്നു. ഇന്നിപ്പോള്‍ പാലാ അരമനയിലും ശിവലംഗം ഉണ്ടെന്ന് ഹിന്ദുത്വവാദികള്‍ ആരോപണമുന്നയിക്കുമ്പോള്‍, അത് കാവ്യനീതിയായി മാത്രമെ കാണാനാകൂവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Hindutva activists’ love jihad and human trafficking allegations turn against the Catholic Church