18
Jul 2025
Tue
18 Jul 2025 Tue
popular front of india Bombay high court

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിച്ച സെമിനാറുകളിലോ കരാട്ടെ പോലുള്ള കായിക പരിശീലന പരിപാടികളിലോ പങ്കെടുക്കുന്നത് യുഎപിഎ പ്രകാരമുള്ള ഭീകരകൃത്യമായി കണക്കാക്കാനാവില്ലെന്ന് കോടതി. മൂന്ന് മുന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവേ ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2022 സപ്തംബര്‍ 21ന് ആണ് സെയ്യദ് ഫൈസല്‍ സെയ്യദ് ഖലീല്‍, അബ്ദുല്‍ ഹാദി അബ്ദുല്‍ റൗഫ് മോമിന്‍, ഇന്‍ഫാന്‍ മില്ലി എന്നിവര്‍ക്കെതിരേ ഭീകര വിരുദ്ധ സ്‌ക്വാഡ് കേസെടുത്തത്. 2021 നവംബര്‍ 21നും 2022 ജൂലൈയിലും ഇവര്‍ പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച സെമിനാറുകളിലും കായിക, ആയുധ പരിശീലനത്തിലും പങ്കെടുത്തുവെന്നാണ് കേസെന്ന് ജസ്റ്റിസുമാരായ സൂര്യവംശി, സന്ദീപ് കുമാര്‍ മോറെ എന്നിവര്‍ ചൂണ്ടിക്കാട്ടി.

ഈ പരിപാടികളില്‍ ഇന്ത്യയില്‍ മുസ്ലിംകള്‍ ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയമാകുന്നതായും കേന്ദ്ര സര്‍ക്കാര്‍ വിവിധ ഹൈന്ദവ സംഘടനകളെ ഉപയോഗിച്ച് മുസ്ലിംകളെ ആക്രമിക്കുന്നതായും പ്രസംഗിച്ചുവെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. വരുംകാലം മുസ്ലിംകളെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസകരമായിരിക്കുമെന്നും അതിനാല്‍ പോപ്പുലര്‍ ഫ്രണ്ടില്‍ ചേരണമെന്നും ആഹ്വാനം ചെയ്തുവെന്നും പ്രോസിക്യൂഷന്‍ ആരോപിക്കുന്നു.

ALSO READ: കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയെന്ന പരാമര്‍ശം; വീഴ്ച്ച പറ്റിയെന്ന് അവതാരക; ഞാനും ഒരു കുഞ്ഞിന്റെ അമ്മ

പൗരത്വ ഭേദഗതി നിയമം, എന്‍ആര്‍സി, ഹിജാബ് നിരോധനം, മുത്തലാഖ് എന്നിവയ്‌ക്കെതിരേ പ്രഭാഷകര്‍ കടുത്ത വിമര്‍ശനമുന്നയിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു.

എന്നാല്‍, 2022 സപ്തംബര്‍ 28ന് ആണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചതെന്ന് ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, നിരോധിക്കുന്നതിന് ഒരാഴ്ച്ച മുമ്പാണ് കുറ്റാരോപിതര്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്. സപ്തംബര്‍ 22ന് മൂന്നുപേരും അറസ്റ്റിലാവുകയും ചെയ്തു.

ഹരജിക്കാരെ അറസ്റ്റ് ചെയ്യുന്ന സമയത്ത് പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കപ്പെട്ടിരുന്നില്ല. മാത്രമല്ല, പോപ്പുലര്‍ ഫ്രണ്ടിനെ യുഎപിഎയുടെ ഫസ്റ്റ് ഷെഡ്യൂള്‍ പ്രകാരമുള്ള ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടില്ലെന്നും ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു. ഏതെങ്കിലും മീറ്റിങുകളിലോ കരാട്ടെ പരിശീലനത്തിലോ പങ്കെടുത്തത് കൊണ്ട് അവര്‍ ഭീകരപ്രവര്‍ത്തനം നടത്തിയതായി കണക്കാക്കാനാവില്ല. വാളുകളും കത്തികളും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയതും ബാബരി മസ്ജിദിനെക്കുറിച്ചും ആള്‍ക്കൂട്ട കൊലകളെക്കുറിച്ചുമുള്ള പ്രഭാഷണ വീഡിയോകളും മാത്രമാണ് എന്‍ഐഎ കേസില്‍ തെളിവായി ഹാജരാക്കിയിട്ടുള്ളതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

ഇര്‍ഫാന്‍ മില്ലിയില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയതായി പ്രോസിക്യൂഷന്‍ പറയുന്നുണ്ടെങ്കിലും അവ ഏതെങ്കിലും ഭീകര പ്രവര്‍ത്തനത്തിനോ സര്‍ക്കാരിനെ അട്ടിമറിക്കാനോ ഉപയോഗിച്ചതായി തെളിവ് നല്‍കിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

വിചാരണയിലുള്ള കേസായതിനാല്‍ അതിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്ന് കോടതി അറിയിച്ചു. എന്നാല്‍, കേസില്‍ 145ഓളം സാക്ഷികളെ വിസ്തരിക്കാനുണ്ട്. രണ്ട് വര്‍ഷവും എട്ട് മാസവുമായി ഹരജിക്കാര്‍ ജയിലിലാണ്. അടുത്ത കാലത്തൊന്നും വിചാരണ അവസാനിക്കാന്‍ സാധ്യതയില്ല. ഈ സാഹചര്യത്തില്‍ മൂന്നുപേര്‍ക്കും ജാമ്യം അനുവദിക്കുന്നതായി കോടതി ഉത്തരവിട്ടു.

English News Summary
The court held that participation in seminars organized by the Popular Front of India or physical training programs like karate cannot be considered a terrorist offense under the UAPA. This observation was made by the Aurangabad Bench of the Bombay High Court while hearing the bail plea filed by three former Popular Front workers.