മുംബൈ: താന്‍ സന്യാസി ആയതുകൊണ്ട് മാത്രമാണ് 17 വര്‍ഷം നീണ്ട കേസിനെ അതിജീവിച്ചതെന്ന് മാലേഗാവ് സ്‌ഫോടന കേസില്‍ വെറുതെവിട്ട മുന്‍ ഭോപാല്‍ ബി.ജെ.പി എം.പി സന്യാസിനി പ്രഗ്യാ സിങ് ഠാക്കൂര്‍ പ്രതികരിച്ചു. ”പൊലീസ് പിടികൂടിയത് മുതല്‍ എന്റെ ജീവിതം നശിപ്പിക്കുന്ന തരത്തില്‍ ഞാന്‍ പീഡിപ്പിക്കപ്പെട്ടു. 17 വര്‍ഷമായി സന്യാസി ജീവിതം നയിക്കുന്ന എന്നെ ആളുകള്‍ തീവ്രവാദിയായി കാണുന്നുണ്ടായിരുന്നു. ഞാന്‍ ഒരു സന്യാസി ആയതുകൊണ്ട് മാത്രം അതിജീവിച്ചു. ഭഗവാനാണ് എനിക്ക് വേണ്ടി ഈ കേസില്‍ പോരാടിയതെന്നും പ്രഗ്യാ കോടതിയില്‍ പറഞ്ഞു.
|
‘കുറഞ്ഞപക്ഷം ഈ കോടതിയെങ്കിലും എന്നെ കേട്ടു. കാവി തീവ്രവാദി എന്ന് വിളിച്ചവരോട് ദൈവം ഒരിക്കലും ക്ഷമിക്കില്ല. ഞാനല്ല, കാവിയാണ് ഈ കേസില്‍ ജയിച്ചത്’ -പ്രജ്ഞ പറഞ്ഞു.
സംശയായതീതമായി കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതോടെയാണ് സ്‌ഫോടന കേസില്‍ മുഖ്യപ്രതിയായിരുന്ന പ്രഗ്യാ സിങ് ഠാക്കൂറിനെ എന്‍.ഐ.എ കോടതി വെറുതെ വിട്ടത്. മാലേഗാവ് ബിക്കുചൗക്കില്‍ 2008 സപ്തംബര്‍ 29ന് ചെറിയ പെരുന്നാള്‍ തലേന്ന് രാത്രിയായിരുന്നു കേസിനാസ്പദമായ സ്‌ഫോടനം. ആറുപേര്‍ക്ക് ജീവന്‍ സഷ്ടമാവുകയും 100 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ALSO READ: മലേഗാവ് സ്ഫോടന കേസില്‍ ഏഴു പ്രതികളെയും വെറുതെവിട്ടു
മാര്‍ക്കറ്റില്‍ തിരക്കുള്ള സമയത്താണ് എല്‍.എം.എല്‍ ഫ്രീഡം മോട്ടാര്‍സൈക്കിളില്‍ സ്ഥാപിച്ച ബോംമ്പ് പൊട്ടിത്തെറിച്ചത്. എന്നാല്‍, എല്‍.എം.എല്‍ ഫ്രീഡം ബൈക്കില്‍ നിന്നാണ് സ്‌ഫോടനം ഉണ്ടായതെന്നും ആ ബൈക്കിന്റെ ഉടമ പ്രഗ്യാ സിങ് ഠാക്കൂര്‍ ആണെന്നും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല.
സ്‌ഫോടനത്തിനു രണ്ടുവര്‍ഷം മുമ്പ് തന്നെ അവര്‍ സന്യാസിയായതിനാല്‍ ബൈക്ക് അവരുടെ കൈവശമുണ്ടായിരുന്നു എന്ന് കരുതാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്‌ഫോടനത്തിന് ആര്‍.ഡി.എക്‌സ് അടക്കമുള്ള സ്‌ഫോടക വസ്തുക്കള്‍ തരപ്പെടുത്തിയത് പുരോഹിതാണെന്നും തെളിയിക്കാന്‍ കഴിഞ്ഞില്ല. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതും ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
സ്‌ഫോടനത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം വീതവും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം വീതവും സര്‍ക്കാര്‍ നല്‍കണമെന്ന് എന്‍.എ.എ കോടതി ഉത്തരവിട്ടു.
മുംബൈ ഭീകരാക്രമണത്തിനിടെ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന ആണ് മാലേഗാവ് സ്‌ഫോടന കേസ് പ്രതികളെ പിടികൂടിയത്. തുടക്കത്തില്‍ മുസ്ലിം ഭീകരവാദികളാണ് സ്‌ഫോടനം നടത്തിയതെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. പ്രദേശത്തെ ചില മുസ്ലിം ചെറുപ്പക്കാരെ പിടികൂടുകയും ചെയ്തു. എന്നാല്‍, കര്‍ക്കരെയുടെ നിഷ്പക്ഷ അന്വേഷണമാണ് ഹിന്ദുത്വ തീവ്രവാദികളെ വലയിലാക്കിയത്.
സ്‌ഫോടനത്തിന് ഉപയോഗിച്ച ബൈക്കാണ് പ്രഗ്യാസിങ്ങിലേക്ക് നയിച്ചത്. മുസ്‌ലിംകളോട് പ്രതികാരം ചെയ്യാനും ഹിന്ദുരാഷ്ട്രത്തിന് വഴിയൊരുക്കാനും രൂപംകൊണ്ട അഭിനവ് ഭാരത് സംഘടനയുമായി ബന്ധപ്പെട്ടവരാണ് അറസ്റ്റിലായവരെന്നായിരുന്നു കുറ്റപത്രം. 11 പേരെയാണ് എ.ടി.എസ് അറസ്റ്റ് ചെയ്തത്.
2011ല്‍ എന്‍.ഐ.എ കേസേറ്റെടുത്തതോടെ, നാലുപേരെ ഒഴിവാക്കുകയും കേസില്‍ മകോക നിയമം പിന്‍വലിക്കുകയും ചെയ്തു. പ്രഗ്യാ സിങ്ങിനെയും കേസില്‍ നിന്ന് ഒഴിവാക്കാന്‍ എന്‍.ഐ.എ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. പിന്നീട് പ്രഗ്യാ സിങ്ങിനെ ബി.ജെ.പി 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റില്‍ ഭോപാല്‍ സീറ്റില്‍ മത്സരിപ്പിച്ച് എം.പിയാക്കിയിരുന്നു.
323 സാക്ഷികളില്‍ 30 ഓളം പേര്‍ വിചാരണക്കുമുമ്പ് മരിച്ചു. ശേഷിച്ചവരില്‍ 37 പേര്‍ വിചാരണക്കിടെ, കൂറുമാറുകയും ചെയ്തു. ഇന്ത്യന്‍ ശിക്ഷ നിയമം, യു.എ.പി.എ, സ്‌ഫോടന വസ്തു നിയമങ്ങള്‍ പ്രകാരമാണ് വിചാരണ നടത്തിയത്.
എങ്കില്‍ ആറുപേരെ കൊന്നത് ആരാണ്?

മലേഗാവ് സ്ഫോടനക്കേസിലെ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കിയ എന്‍.ഐ.എ കോടതിയുടെ വിധി നിരാശാജനകമാണെന്ന് എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി. മുംബൈ ട്രെയിന്‍ സ്ഫോടനക്കേസിലെ പോലെ കേന്ദ്രവും മഹാരാഷ്ട്ര സര്‍ക്കാറും ഈ വിധിയില്‍ സ്റ്റേ ആവശ്യപ്പെടുമോ എന്നും ഉവൈസി ചോദിച്ചു. പ്രതികളെ കുറ്റവിമുക്തരാക്കുന്നതിലേക്ക് നയിച്ചത് മോശം അന്വേഷണമാണെന്ന് അദ്ദേഹം എക്സ് പോസ്റ്റില്‍ പറഞ്ഞു.
‘മലേഗാവ് സ്ഫോടന കേസിലെ വിധി നിരാശാജനകമാണ്. സ്ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മതത്തിന്റെ പേരിലാണ് അവരെ ലക്ഷ്യം വെച്ചത്. ബോധപൂര്‍വമായ മോശം അന്വേഷണമോ പ്രോസിക്യൂഷനോ ആണ് കുറ്റവിമുക്തരാക്കലിന് കാരണമായത്.
സ്‌ഫോടനം നടന്ന് 17 വര്‍ഷങ്ങള്‍ക്ക് ശേഷം, തെളിവുകളുടെ അഭാവത്തില്‍ കോടതി എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി. മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസിലെ കുറ്റവിമുക്തരാക്കല്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടതുപോലെ, മോദിയുടെയും ഫഡ്നാവിസിന്റെയും സര്‍ക്കാറുകള്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കുമോ? മഹാരാഷ്ട്രയിലെ ‘മതേതര’ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉത്തരവാദിത്തം ആവശ്യപ്പെടുമോ? ആ ആറ് പേരെ കൊന്നത് ആരാണ്?’ -ഉവൈസി കുറിച്ചു.


