കോഴിക്കോട്: കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ മാമിയുടെ (മുഹമ്മദ് ആട്ടൂര്‍) തിരോധാനത്തില്‍ വെളിപ്പെടുത്തലുമായി മാമിയുടെ ബന്ധുവും മുന്‍ പൊലീസ് ഉദ്യോഗസ്ഥനുമായ എ.കെ ഹസന്‍. അന്വേഷണത്തില്‍ തുടക്കം മുതല്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടായെന്നും നടക്കാവ് എസ്എച്ച്ഒ ആയിരുന്ന പി.കെ ജിജീഷിന് മേല്‍ സമ്മര്‍ദമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ ഒരിക്കലും കാടിളക്കി പരിശോധിക്കേണ്ടെന്നും ജസ്റ്റ് ഫയല്‍ അപ്‌ഡേറ്റ് ചെയ്താല്‍ മാത്രം മതിയെന്നുമാണ് മുകളില്‍നിന്ന് ലഭിച്ച നിര്‍ദേശം. സഹപ്രവര്‍ത്തകനായിരുന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യങ്ങള്‍ തന്നോട് പറഞ്ഞതെന്നും എ.കെ ഹസന്‍ സ്വകാര്യ ചാനലിനോട് പറഞ്ഞു.
|
തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ നിരന്തരമായി ഇടപെട്ടുകൊണ്ടിരുന്ന ആളാണ് താന്‍. ഓരോ ദിവസവും നടക്കുന്ന കാര്യങ്ങള്‍ പുറത്തുവരുന്ന സ്ഥിതിയുണ്ടായതോടെ കേസിന്റെ സ്വകാര്യത നഷ്ടപ്പെട്ടു. സാക്ഷികള്‍ ആരെല്ലാം, മൊഴികള്‍ എന്തൊക്കെ എന്നെല്ലാം പുറത്തുവന്നുുകൊണ്ടിരുന്നു. മാമി തിരോധാനത്തില്‍ പങ്കുള്ളവര്‍ പൊലിസിനെ സ്വാധീനിച്ചു. കോഴിക്കോട് ഡി.സി.പിക്ക് മാമിയുടെ മകള്‍ നല്‍കിയ രഹസ്യപരാതി പോലും ചോര്‍ന്നു. ആശുപത്രിയില്‍ വച്ച് ആരോപണ വിധേയന്‍ ഇത് കാണിച്ചുകൊടുത്തു. പുറത്തുള്ള ഒരാള്‍ക്ക് ഇത് എങ്ങനെ ലഭിച്ചെന്നും അദ്ദേഹം ചോദിച്ചു.
2023 ഓഗസ്റ്റിലാണ് മാമിയെ കാണാതായത്. തിരോധനാവുമായി ബന്ധപ്പെട്ട പരാതി ആദ്യം അന്വേഷിച്ച ലോക്കല്‍ പൊലിസിലെ ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല അന്വേഷണത്തിന് ഉത്തരമേഖല ഐ.ജി രാജ്പാല്‍ മീണ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മിഷണര്‍ കെ.എ ബോസിനാണ് അന്വേഷണ ചുമതല. ആദ്യം അന്വേഷണം നടത്തിയ അന്നത്തെ സി.ഐ പി.കെ ജിജീഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് നടപടി. കേസിന്റെ ആരംഭഘട്ടത്തില്‍ തന്നെ തെളിവുകള്‍ ശേഖരിക്കുന്നതില്‍ അന്വേഷണസംഘത്തിന് മേല്‍നോട്ടം വഹിച്ച ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച ഉണ്ടായതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
Former police officer reveals details about disappearance of real estate tycoon Muhammed Attoor


