ആലപ്പുഴ ചേര്‍ത്തല ജെയ്‌നമ്മ തിരോധന കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത സെബാസ്റ്റ്യന്റെ പുരയിടത്തില്‍ നടത്തിയ പരിശോധനയില്‍ ഇരുപതോളം അസ്ഥിക്കഷ്ണങ്ങള്‍ കണ്ടെത്തി. ഇവ കത്തിയ നിലയിലാണ്. കെഡാവര്‍ നായയെ സ്ഥലത്തെത്തിച്ചായിരുന്നു പരിശോധന. ക്രൈം ബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തില്‍ സെബാസ്റ്റ്യനെ വീടിനകത്ത് ചോദ്യം ചെയ്യുകയാണ്. കാണാതായ നാലു സ്ത്രീകളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സെബാസ്റ്റ്യന്‍ സീരിയല്‍ കില്ലറാണെന്ന നിഗമനത്തിലാണ് പോലീസ് എത്തിയിരിക്കുന്നത്. ഈ സ്ത്രീകളുടെ മൃതദേഹാവശിഷ്ടങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയതെന്നാണ് കരുതുന്നത്. ഇതു സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനകളും നടത്താനുണ്ട്. പ്രതിയെ നുണപരിശോധനയ്ക്കു വിധേയനാക്കാനുള്ള നീക്കം ഫലം കണ്ടാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിവാകും. എന്നാല്‍ സെബാസ്റ്റ്യന്‍ നുണപരിശോധനയ്ക്കു വിസമ്മതിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
|
നേരത്തേ അസ്ഥിക്കഷ്ണങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് നിന്നാണ് ഇന്ന് വീണ്ടും അസ്ഥികള്‍ കണ്ടെത്തിയിരിക്കുന്നത്. പുരയിടത്തിലെ കുളത്തിലെ വെള്ളം വറ്റിച്ചും പരിശോധന നടത്തുകയാണ്. സെബാസ്റ്റ്യനെ രാവിലെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പല കാലഘട്ടങ്ങളിലായിട്ടാണ് 4 സ്ത്രീകളെ കാണാതായത്. കുളം വറ്റിച്ചപ്പോള്‍ വസ്ത്രത്തിന്റെ ഭാഗങ്ങളും ഒരു കൊന്തയുടെ ഭാഗവും കണ്ടെത്തിയിരുന്നു. സെപ്റ്റിക് ടാങ്ക് ഉള്‍പ്പടെ ഇളക്കി പരിശോധിച്ചിരുന്നു. ബിന്ദു പത്മനാഭന്‍ എന്ന സ്ത്രീയെ കാണാതായ ആ സമയത്ത് സെബാസ്റ്റ്യന്‍ വീടിന്റെ അകത്ത് ടൈല്‍ മാറ്റി ഗ്രാനൈറ്റ് പാകിയതായി കണ്ടെത്തിയിട്ടുണ്ട്. ഇവിടെ എന്തെങ്കിലും കുഴിച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കും.
ചേര്‍ത്തലയില്‍ കാണാതായ സ്ത്രീകളെ സെബാസ്റ്റ്യന്‍ അപായപ്പെടുത്തിയോ എന്നതാണ് സംശയം. കൂടുതല്‍ മൃതദേഹ അവശിഷ്ടങ്ങളോ, കേസില്‍ നിര്‍ണായകമായേക്കാവുന്ന തെളിവുകളോ ഇവിടെ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കു കൂട്ടല്‍. രണ്ടേകാല്‍ ഏക്കറോളം വരുന്ന പുരയിടത്തില്‍ കുളങ്ങളും ചതുപ്പ് നിലങ്ങളും ഉണ്ട്. ഇവിടങ്ങളില്‍ എല്ലാം പരിശോധന നടത്തും. പള്ളിപ്പുറത്തെ വീടും പരിസരവും കേന്ദ്രീകരിച്ചു നടക്കുന്ന പരിശോധന കേസില്‍ ഏറെ നിര്‍ണായകമാണ്.
റിയല്‍ എസ്റ്റേറ്റ് രംഗത്തു പ്രവര്‍ത്തിച്ചിരുന്ന സെബാസ്റ്റ്യന്‍ കാണാതായ മൂന്നു സ്ത്രീകളുമായി സ്ഥല ഇടപാട് നടത്തുന്നതിന് ബന്ധം സ്ഥാപിച്ചിരുന്നു. ഇതിനു ശേഷമാണ് ഇവരെ കാണാതായത്. കാണാതായ സ്ത്രീകളില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ ഇയാള്‍ ചാര്‍ജ് ചെയ്തതാണ് അന്വേഷണത്തില്‍ പോലീസിന് തുമ്പ് ലഭിക്കാന്‍ കാരണമായത്.



