28
Aug 2025
Sun
28 Aug 2025 Sun
fake doctor

10 വര്‍ഷക്കാലം തങ്ങള്‍ക്ക് മരുന്ന് കുറിച്ച് നല്‍കിയിരുന്ന കുടുംബ ഡോക്ടര്‍ വ്യാജനാണെന്നറിഞ്ഞ ഞെട്ടലിലാണ് ബെംഗളൂരു ദൊഡ്ഡകനഹള്ളിയിലെ നാട്ടുകാര്‍. മുനീന്ദ്രാചാരിയെന്നയാളാണ് ‘ഹെല്‍ത്ത് ലൈന്‍ പോളി ക്ലിനിക്’ എന്ന പേരില്‍ ചികില്‍സ നടത്തി വന്നത്. സാധാരണ പനിയും തലവേദനയും മുതല്‍ ഗുരുത രോഗങ്ങള്‍ക്ക് വരെ മുനീന്ദ്രാചാരി ചികില്‍സിച്ചിട്ടുണ്ടെന്നാണ് സമീപവാസികള്‍ സാക്ഷ്യപ്പെടുത്തുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാര്‍ച്ച് മാസം ഡോക്ടറെ കാണാനെത്തിയ രോഗിക്ക് തോന്നിയ സംശയമാണ് കുരുക്കായത്. തുടര്‍ന്ന് രോഗി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് പരാതി നല്‍കുകയായിരുന്നു. പരാതിയില്‍മേല്‍ കെ.ആര്‍.പുര താലൂക്ക് ഹെല്‍ത്ത് ഓഫിസര്‍ക്ക് അന്വേഷണത്തിന് നിര്‍ദേശം ലഭിച്ചു.

ആയുര്‍വേദ ഡോക്ടറാണെന്ന് പറയുന്ന മുനീന്ദ്ര, ഇംഗ്ലിഷ് മരുന്നുകളാണ് രോഗികള്‍ക്ക് നല്‍കി വരുന്നത്. സ്റ്റിറോയ്ഡുകളടക്കമുള്ള ഇഞ്ചക്ഷനുമെടുക്കാറുണ്ടെന്നും പരാതിക്കാരന്‍ ആരോപിച്ചിരുന്നു. ഇവിടെ നിന്നും കുത്തിവെപ്പ് എടുത്ത് മടങ്ങിയതിന് പിന്നാലെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തനിക്ക് ചികില്‍സ തേടേണ്ടി വന്നുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

ALSO READ: ഇരിക്കാന്‍ വൃത്തിഹീനമായ സീറ്റ് നല്‍കി; യാത്രക്കാരിക്ക് ഇന്‍ഡിഗോ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

രണ്ട് ഡോക്ടര്‍മാരുടെ പേരിലാണ് ക്ലിനിക് ആരംഭിച്ചിരിക്കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.രഘുനാഥിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ഇവരില്‍ ഒരാള്‍ എംബിബിഎസും എംഡിയുമുള്ള ഡോക്ടറാണെന്നും ഫാമിലി ഫിസിഷ്യനായ മുന്ദീന്ദ്രയുമാണ് ആശുപത്രിയുടെ നടത്തിപ്പുകാരെന്നാണ് രേഖകളില്‍ ഉള്ളത്. ക്ലിനിക്കിന്റെ ലെറ്റര്‍ ഹെഡും മുനീന്ദ്രയുടെ പേരിലാണ്.

ഇതോടെ വിദ്യാഭ്യാസ രേഖകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടു. എന്നാല്‍ രേഖ നല്‍കാന്‍ മുനീന്ദ്ര തയ്യാറായില്ല. 2023 ല്‍ ആയുര്‍വേദ ക്ലിനിക് ആയിട്ടാണ് ഇത് റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും 2028 വരെ കാലാവധിയുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചെന്നറിഞ്ഞതിന് പിന്നാലെ മുനീന്ദ്ര ഒളിവില്‍ പോയി. ഇയാളെ പിടികൂടുന്നതിനുള്ള ശ്രമത്തിലാണ് പോലീസ്.