ന്യൂഡല്‍ഹി: രാജ്യത്തെ ഹിന്ദുത്വ ഭീകരാക്രമണക്കേസുകളിലേക്ക് വെളിച്ചംവീശിയ മലേഗാവ് സ്‌ഫോടനം ചര്‍ച്ചയാകുമ്പോള്‍, അത്ര ആരും ശ്രദ്ധിച്ചിട്ടില്ലാത്ത മുന്‍ ആര്‍എസ്എസ് പ്രചാരകന്‍ യശ്വന്ത് ഷിന്‍ഡെയുടെ ഇന്റര്‍വ്യൂ പുറത്തുവിട്ട് പ്രശസ്ത വെബ്‌പോര്‍ട്ടലായ ദി വയര്‍. ആര്‍എസ്എസ്സിന്റെ ദേശീയ എക്‌സിക്യൂട്ടീവ് ഇന്ദ്രേഷ് കുമാര്‍ ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ 2004 മുതല്‍ 2008 വരെ ഇന്ത്യയിലുടനീളം ബോംബ് സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. സംഘ്പരിവാറിന്റെ ഉള്ളറകള്‍ കൃത്യമായി മനസ്സിലാക്കിയിരുന്ന യശ്വന്ത് ഷിന്‍ഡെയുടെ വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് രാജ്യം കേട്ടത്. ബോംബ് നിര്‍മ്മാണ പരിശീലന ക്യാമ്പുകളില്‍ പങ്കെടുത്തതായും പര്‍ഭാനി, പൂര്‍ണ, ജല്‍ന എന്നിവിടങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ സംഘ്പരിവാര്‍ പോഷക സംഘടനകള്‍ക്ക് ബന്ധമുള്ളതായും യശ്വന്ത് ഷിന്‍ഡെ വെളിപ്പെടുത്തി. ഔറംഗാബാദ് പള്ളിയെ സ്‌ഫോടനം പാളിപ്പോയെന്നും അത് ആര്‍എസ്എസ് അംഗം ഹിമാന്‍ഷു പാന്‍സെയുടെ മരണത്തിലേക്ക് നയിച്ചെന്നും, ആര്‍എസ്എസിന്റെ ഉന്നതരുമായി ബന്ധമുള്ള യശ്വന്ത് ഷിന്‍ഡെ ആരോപിക്കുന്നു.
|
WATCH THIS ALSO
നന്ദേഡ് സ്‌ഫോടനം
ഇന്ത്യയിലെ തീവ്ര ഹിന്ദുത്വവാദികള്‍ പ്രതിസ്ഥാനത്തുനില്‍ക്കുന്ന പ്രധാന കേസുകളിലൊന്നാ നന്ദേഡ് സ്‌ഫോടനത്തില്‍ കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ട് അടുത്തിടെ യശ്വന്ത് ഷിന്‍ഡെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. രാജ്യത്തുടനീളം ആര്‍.എസ്.എസ് നിരവധി ബോംബാക്രമണങ്ങള്‍ സംഘടിപ്പിച്ചതായും ബോംബ് പരിശീലനം നടത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് നന്ദേഡ് കേസില്‍ കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ട് യശ്വന്ത് ഷിന്‍ഡെ കോടതിയെ സമീപിച്ചത്. ആര്‍.എസ്.എസിന്റെ ബോംബ് നിര്‍മ്മാണ പരിശീലനങ്ങളിലും ഇക്കാര്യത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന ചര്‍ച്ചകളിലും പങ്കെടുത്തുവെന്ന് യശ്വന്ത് ഷിന്‍ഡെ ഹരജിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈയാവശ്യം സുപ്രീം കോടതി ചെവികൊണ്ടില്ല. ഇതിന് പിന്നാലെയാണ് മലേഗാവ് കേസിന്റെ പശ്ചാത്തലത്തില്‍ ഷിന്‍ഡെയുടെ വെളിപ്പെടുത്തല്‍ വീണ്ടും ഉണ്ടായത്.
മഹാരാഷ്ട്രയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ലക്ഷ്മണ്‍ രാജ്‌കൊണ്ടേവാറിന്റെ വീട്ടില്‍ ബോംബ് നിര്‍മാണത്തിനിടെ മകനടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ട കേസാണ് നന്ദേഡ് സ്‌ഫോടനം. 2006 ഏപ്രില്‍ നാലിനാണ് നന്ദേഡിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാജ്‌കൊണ്ടേവാറിന്റെ വീട്ടില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ മകന്‍ നരേഷ് കൊണ്ടേവാര്‍, വിശ്വഹിന്ദു പരിഷത്ത് നേതാവ് ഹിമാന്‍ഷും പാണ്ഡെ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം സ്ഥലത്തെത്തിയ പൊലിസ് പൊട്ടാതെ അവശേഷിച്ച ബോംബ് കണ്ടെടുത്ത് നിര്‍വീര്യമാക്കിയിരുന്നു. ഈ കേസിലെ ചില പ്രതികള്‍ക്ക് മലേഗാവ് ഉള്‍പ്പെടെയുള്ള ഭീകരാക്രമണങ്ങളിലും പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു.
സ്‌ഫോടകവസ്തുക്കള്‍ കൂട്ടിയോജിപ്പിക്കുമ്പോള്‍ സ്‌ഫോടനമുണ്ടായെന്നാണ് സിബിഐ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നത്. പൊട്ടാത്ത മറ്റൊരു ബോംബും ഏതാനും വെടിയുണ്ടകളും കണ്ടെടുത്തതായും കുറ്റപത്രം പറയുന്നു. എന്നാല്‍, ഇതൊന്നും പരിഗണിക്കാതെയാണ് കോടതി പ്രതികളെ വെറുതെലിട്ടത്. സ്‌ഫോടക വസ്തുക്കള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും പടക്കങ്ങള്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടമാണ് സംഭവത്തിന് കാരണമെന്നുമുള്ള പ്രതിഭാഗം അഭിഭാഷകന്‍ എന്‍.ഡി റണ്‍വാളിന്റെ വാദം അംഗീകരിച്ച് പ്രതികളെ കോടതി വെറുതെവിടുകയാണുണ്ടായത്.
ലക്ഷ്യം അധികാരത്തിലേറല്‍
2004 തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയില്‍ നൂറു കണക്കിന് സ്‌ഫോടനങ്ങള്‍ നടത്താനായിരുന്നു ആര്‍.എസ്.എസ് പദ്ധതി. എന്നാല്‍ ബോംബ് നിര്‍മ്മാണ പരിശീലന ക്യാംപില്‍ പങ്കെടുത്ത ചിലരെ ഞാന്‍ പിന്തിരിപ്പിച്ചു. അതിനാല്‍ പലതും നടക്കാതെ പോയി. ബി.ജെ.പിക്ക് അധികാരത്തിലേറാനാണ് സ്‌ഫോടനങ്ങള്‍ ആസൂത്രണംചെയ്തത്. വിവിധ ഭാഗങ്ങളിലെ പരിശീലന ക്യാംപുകളിലെ അനുഭവങ്ങളും ഷിന്‍ഡെ പറയുന്നുണ്ട്. പൂനെയിലെ സിന്‍ഹാദ് കോട്ടക്കു സമീപമാണ് ആദ്യ പരിശീലനം നടന്നത്. അതിലെ ഇന്‍സ്ട്രക്ടര്‍മാരായിരുന്ന വി.എച്ച്.പി അഖിലേന്ത്യാ ഓര്‍ഗനൈസിങ് സെക്രട്ടറി മിലിന്ദ് പരാന്ദെ, മിഥുന്‍ ചക്രവര്‍ത്തി എന്ന രവി ദേവ്, ഹിമാന്‍ഷു പാന്‍സെ, രാകേഷ് ധവാദെ എന്നിവരാണ് ആക്രമണങ്ങളുടെയെല്ലാം മുഖ്യ ആസൂത്രകര്‍. മലേഗാവില്‍ സ്‌ഫോടനം നടത്തിയ കേസില്‍ പ്രതിയായി ജയിലില്‍ കിടന്ന വ്യക്തിയാണ് രാകേഷ് ധവാദെ.
ഇവര്‍ ഒളിവിലിരുന്ന് സ്‌ഫോടനങ്ങള്‍ സംഘടിപ്പിച്ചു. പൊലിസിലെ പക്ഷപാതം കാണിക്കുന്ന ഉദ്യോഗസ്ഥരുടെയും ഒരുവിഭാഗം മാധ്യമങ്ങളുടെയും സാഹയത്തോടെ മുസ്‌ലിംകളെ കുറ്റപ്പെടുത്തി. ഇത് 2014ല്‍ ബി.ജെ.പിയെ അധികാരത്തിലെത്തിച്ചു.
ഇന്ദ്രേഷ് കുമാറിനെ ജമ്മുവിലും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിനെ കൊല്‍ക്കത്തയില്‍ വച്ചും സന്ദര്‍ശിച്ച കാര്യം തിയതികള്‍ സഹിതം ഷിന്‍ഡെ ഓര്‍മിപ്പിച്ചു. ഇന്ത്യന്‍ സൈന്യത്തില്‍ നിന്നുള്ള ആധുനിക ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പരിശീലിപ്പിച്ച കാര്യവും അദ്ദേഹം തുറന്നു പറഞ്ഞു. ഹിന്ദുമതം മഹത്തരമാണ്. ഹിന്ദുക്കള്‍ക്ക് ഭീകരതയുമായി ഒത്തുപോകാനാവില്ല. പക്ഷേ വി.എച്ച്.പി, ആര്‍.എസ്.എസ്, ബജ്‌റംഗ്ദള്‍ എന്നീ സംഘടനകള്‍ ബി.ജെ.പിയുടെ രാഷ്ട്രീയനേട്ടത്തിന് വേണ്ടി ഭീകരപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയാണെന്നാണ് അദ്ദേഹം പറയുന്നത്.
Yashwant Shinde, a Former RSS Pracharak, has made Explosive allegations against the Rasthriya Swayamsevak Sangh (RSS), claiming its members, including National Executive Indresh Kumar, Orchetsrated Bomb Blasts across India from 2004 to 2008.

