24
Aug 2025
Thu
24 Aug 2025 Thu
Palakkad blast

പാലക്കാട് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂള്‍ കോമ്പൗണ്ടിനകത്തെ സ്‌ഫോടനം സംബന്ധിച്ച് ദുരൂഹത തുടരുന്നു. പാലക്കാട് മൂത്താന്‍തറയിലെ ദേവി വിദ്യാനികേതന്‍ സ്‌കൂളിന് സമീപമാണ് ഇന്നലെ വൈകീട്ട് സ്‌ഫോടനം നടന്നത്. പന്നിപ്പടക്കമെന്ന് പറഞ്ഞ് സംഭവം നിസ്സാരവല്‍ക്കരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും വിശദമായ അന്വേഷണം വേണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്‌കൂള്‍ പരിസരത്തു നിന്നു പ്രദേശവാസിയായ പത്തു വയസുകാരനാണ് സ്‌ഫോടക വസ്തു ലഭിച്ചത്. ഇത് വലിച്ചെറിയുന്നതിനിടെയായിരുന്നു സ്‌ഫോടനം. ഉഗ്രശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായത്.

സ്‌കൂള്‍ പരിസരത്ത് നിന്ന് ലഭിച്ചത് പന്നിപ്പടക്കമാണെന്നാണ് പൊലീസ് പറയുന്നത്. പരിസരത്ത് നിന്ന് നാലു പന്നിപ്പടക്കങ്ങള്‍ കണ്ടെത്തിയെന്നും നോര്‍ത്ത് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ALSO READ: പിഎഫ്‌ഐ മുന്‍ പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്

ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ ലഭിച്ചതില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. സ്‌ഫോടകവസ്തു സ്‌കൂള്‍ കോമ്പൗണ്ടില്‍ എത്തിയത് എങ്ങനെയെന്ന് വിശദമായ അന്വേഷണം വേണം. സ്‌കൂള്‍ മാനേജ്‌മെന്റിനെ കേന്ദ്രീകരിച്ചും അന്വേഷണം വേണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

എന്നാല്‍, സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് ബിജെപി ആരോപണം. ബോധപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം നടന്നുവെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാര്‍ ആരോപിച്ചു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണം. ഗണേശോത്സവം മുന്‍നിര്‍ത്തി പ്രശ്‌നങ്ങള്‍ നടന്നുവെന്നും ഏത് അന്വേഷണം വേണമെങ്കിലും നടത്തട്ടെയെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു.

അന്വേഷണം വേണമെന്ന് എസ്ഡിപിഐ

സംഘപരിവാര്‍ ശക്തി കേന്ദ്രമായ പാലക്കാട് മൂത്താന്‍ തറയില്‍ സ്‌കൂള്‍ പരിസരത്ത് നടന്ന സ്‌ഫോടനത്തെ സംബന്ധിച്ച് സമഗ്ര അനേഷണം നടത്തണമെന്ന് എസ് ഡി പി ഐ ജില്ലാ പ്രസിഡണ്ട് ഷെഹീര്‍ ചാലിപ്പുറം ആവശ്യപ്പെട്ടു.

പാലക്കാട് ടൗണിന്റെ ഹൃദയഭാഗത്തു നടന്ന ഉഗ്രശേഷിയുള്ള സ്‌ഫോടനത്തില്‍ ഏകദേശം നൂറ് മീറ്ററോളം പ്രകമ്പനം ഉണ്ടായെന്നാണ് പരിസരവാസികള്‍ പറയുന്നത്.

സ്‌കൂളിന്റെ പരിസരത്തു നിന്നും നാല് ബോംബുകള്‍ കൂടി കണ്ടെത്തുകയും, ഒരു ബോംബ് വിദ്യാര്‍ത്ഥിയുടെ കയ്യില്‍ നിന്ന് പൊട്ടുകയും വിദ്യാര്‍ത്ഥിക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തിതിട്ടുണ്ട്. ബാക്കി നാല് ബോംബുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്, ഇവ എങ്ങിനെയാണ് സ്‌കൂള്‍ പരിസരത്ത് എത്തിയതെന്നും അന്വേഷണം നടത്തണം. സ്‌കൂള്‍ പരിസരത്താണ് ഇത്രയും ബോംബുകള്‍ കണ്ടെത്തി എന്നുള്ളത് വളരെയധികം ഗൗരവം നിറഞ്ഞതാണ് .

പാലക്കാട് സംഘപരിവാറിന്റെ ശക്തികേന്ദ്രങ്ങളില്‍ ഒന്നായ മുത്താന്‍ തറയില്‍ ഇതിനുമുമ്പും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. ശ്രീകൃഷ്ണ ജയന്തി, ഓണം, ഗണേശോത്സവം തുടങ്ങിയ ഉത്സവങ്ങള്‍ നടക്കാനിരിക്കുകയാണ് ഈ സ്‌ഫോടനം നടന്നിട്ടുള്ളത്. ഇത് വളരെയധികം ഗൗരവത്തില്‍ എടുക്കുകയും, ഉന്നത പോലീസ് അധികാരികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയും വേണംമെന്നും എസ് ഡി പി ഐ പാലക്കാട് ജില്ലാ പ്രസിഡന്റ് വാര്‍ത്താക്കുറിപ്പില്‍ആവശ്യപ്പെട്ടു.

മാതൃകാപരമായ നടപടി വേണം: കെ എസ് യു

സംഭവത്തിൽ ശക്തമായ അന്വേഷണം നടത്തി മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി അജാസ് കുഴൽമന്ദം ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ഒരിക്കലും ആവർത്തിക്കാൻ പാടുള്ളതല്ലെന്നും നാടിന്റെ സമാധാന അന്തരീക്ഷം തകർക്കുവാനുള്ള ഗൂഢശ്രമങ്ങളെ സമൂഹം ഒറ്റക്കെട്ടായി എതിർക്കേണ്ടതുണ്ടെന്നും അജാസ് പറഞ്ഞു.

ആർഎസ്എസ് നിയന്ത്രണത്തിലുള്ള മാനേജ്മെന്റ് ആണ് ഈ വിദ്യാലയത്തെ നിയന്ത്രിക്കുന്നത്. അത് സംഭവത്തിന്റെ ദുരൂഹത കൂടുതൽ വർധിപ്പിക്കുന്നതാണ്. എത്രയും വേഗം ശക്തമായ അന്വേഷണം നടത്തി പ്രതികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്നും അജാസ് ആവശ്യപ്പെട്ടു.

വെല്‍ഫെയര്‍ പാര്‍ട്ടി

പാലക്കാട് നഗരത്തിലെ സ്‌കൂളിൽ നിന്ന് സ്‌ഫോടകവസ്തുക്കൾ പിടികൂടിയതിൽ പൊലീസ് ഊർജ്ജിതമായ അന്വേഷണം നടത്തണമെന്ന് വെൽഫയർ പാർട്ടി ആവശ്യപ്പെട്ടു. സ്‌ഫോടനത്തിന് പിന്നിലെ വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നും, ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തു ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളിൽ എങ്ങനെയാണ് എത്തിയതെന്നും അന്വേഷിക്കണമെന്നും വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.സി നാസർ ആവശ്യപ്പെട്ടു.