21
Aug 2025
Tue
21 Aug 2025 Tue
myna bird

മൈനകളെ തുരത്താന്‍ പൊതുജനങ്ങളുടെ സഹായം തേടി ഖത്തര്‍ സര്‍ക്കാര്‍. മൈനകള്‍ക്ക് ഭക്ഷണം നല്‍കരുതെന്നും ഇവയെ രാജ്യത്ത് എവിടെ കണ്ടാലും അറിയിക്കണമെന്നും നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ് മൈനകളെ തുരത്താനുള്ള നടപടികളില്‍ പൊതുജനങ്ങളുടെ പിന്തുണയും സഹായവും വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനകം 36,000 മൈനകളെയാണ് സര്‍ക്കാര്‍ മെനക്കെട്ട് കൂട്ടിലടച്ചിരിക്കുന്നത്. റൗദത്ത് അല്‍ ഫറാസില്‍ ഇവയെ പാര്‍പ്പിക്കാന്‍ സുരക്ഷിത കേന്ദ്രമൊരുക്കിയിട്ടുണ്ട്.

നമ്മുടെ നാട്ടുമ്പുറങ്ങളിലൊക്കെ കാണുന്ന പാവം മൈനകളോട് എന്തിനീ ക്രൂരത എന്ന് ആലോചിക്കാന്‍ വരട്ടെ. ലോകത്തിലെ ഏറ്റവും ആക്രമണകാരികളായ പക്ഷികളായാണ് മൈനകളെ കണക്കാക്കുന്നത്.

ALSO READ: ബിജെപിക്കാര്‍ ആ കാളയെ കളയരുത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഉടനുണ്ടാവും: വിഡി സതീശന്റെ മുന്നറിയിപ്പ് ആരെ ഉദ്ദേശിച്ച്?

മൈനകള്‍ ഖത്തറില്‍ അധിനിവേശകരാണ്. കുടിയേറ്റക്കാരായ ഇവ ആവാസ വ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും ദോഷകരമാകുന്ന സാഹചര്യത്തിലാണ് ഇവയെ തുരത്താന്‍ മാസങ്ങളായി അധികൃതര്‍ കടുത്ത നടപടികള്‍ സ്വീകരിച്ചു വരുന്നത്. ഇതിനായി രാജ്യമൊട്ടാകെ കൂടുകളും കെണികളും സ്ഥാപിച്ച് പ്രത്യേക പദ്ധതി തന്നെ ആവിഷ്‌കരിച്ചിട്ടുണ്ട്.

തെക്കന്‍ ഏഷ്യക്കാരായ മൈനകള്‍ 1960കളിലോ 1980കളിലോ ആണ് ഖത്തറിലെത്തിയത്. ഏത് പരിതസ്ഥിതിയോടും എളുപ്പത്തില്‍ ഇണങ്ങുകയും അതിവേഗം പെറ്റുപെരുകയും ചെയ്യുന്ന മൈനകള്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.

പ്രാദേശിക പക്ഷികള്‍ക്ക് രക്ഷയില്ല
ഭക്ഷണ ശേഖരണത്തിലും കൂടുകളുടെ നിര്‍മാണത്തിലും മൈനയോട് മല്‍സരിക്കാന്‍ കഴിയാതെ പ്രാദേശിക പക്ഷിവര്‍ഗങ്ങള്‍ വലിയ തോതില്‍ ഇല്ലാതായി. ബുള്‍ബുള്‍ പക്ഷികള്‍, പ്രാവുകള്‍ എന്നിവ ഉള്‍പ്പെടെയുള്ളവയുടെ എണ്ണം കഴിഞ്ഞ 10 വര്‍ഷത്തിനിടെ വലിയ തോതില്‍ കുറഞ്ഞു. മറ്റു പക്ഷികളുടെ കുഞ്ഞുങ്ങളെ വരെ കൊന്ന് തിന്നുന്ന മൈനകള്‍ അവയുടെ കൂടും കൈയേറി.

കൃഷിക്കും ഭീഷണി
കൃഷിയിടങ്ങളില്‍ മൈനകള്‍ വലിയ നാശം സൃഷ്ടിക്കുന്നതായി ഖത്തറിലെ കര്‍ഷകര്‍ പരാതിപ്പെടുന്നു. വിളവെടുപ്പിനെയും പ്രാദേശിയ സമ്പദ് വ്യവസ്ഥയെയും ഇത് ബാധിച്ചു തുടങ്ങിയിട്ടുണ്ട്.

രോഗവാഹികള്‍
പക്ഷിപ്പനി, പക്ഷികള്‍ വഴി പടരുന്ന മലേറിയ തുടങ്ങിയ രോഗങ്ങള്‍ പടര്‍ത്തുന്നതില്‍ മൈനകള്‍ക്ക് പ്രധാന പങ്കുണ്ട്. ഇതും പ്രാദേശിക പക്ഷി വര്‍ഗങ്ങള്‍ക്ക് ഭീഷണിയായി തീരുന്നു.

എങ്ങനെ തുരത്താം?
മൈനകളെ കൂട്ടമായി കാണുകയോ അവ കൂടുകെട്ടുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ അക്കാര്യം അധികൃതരെ അറിയിക്കണം. മൈനകളുടെ സാന്നിധ്യം യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതിലൂടെ അപകടകാരികളായ മൈനകളെ നിയന്ത്രിക്കുന്നതിനുള്ള വിദഗ്ധ സംഘത്തിന്റെ നടപടികള്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ കഴിയുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

മൈനകള്‍ക്ക് ഭക്ഷണം നല്‍കരുതെന്ന് മാത്രമല്ല തുറസ്സായ സ്ഥലങ്ങളില്‍, പ്രത്യേകിച്ചും വളര്‍ത്തുമൃഗങ്ങള്‍ക്ക് നല്‍കിയ ഭക്ഷണാവശിഷ്ടങ്ങള്‍ നിക്ഷേപിക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. മാലിന്യനിക്ഷേപ പെട്ടികള്‍ മൂടി വയ്ക്കുകയും വേണം.

വീടിന്റെ ഭിത്തികളിലെയും മേല്‍ക്കൂരകളിലെയും ദ്വാരങ്ങള്‍ അടയ്ക്കുന്നതും മരങ്ങളിലെ ഉണങ്ങിയ ചില്ലകള്‍ നീക്കുന്നതും മൈനകള്‍ കൂടു വയ്ക്കുന്നത് തടയാന്‍ സഹായകമാകും.

മൈനകളെ പിടികൂടാനായി പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന കൂടുകളും കെണികളും പൊതുജനങ്ങള്‍ നശിപ്പിക്കുകയോ തുറക്കുകയോ ചെയ്യരുത്. ഉചിതമായ രീതിയില്‍ വിദഗ്ധ സംഘം അവ കൈകാര്യം ചെയ്യുമെന്നും അധികൃതര്‍ ഓര്‍മപ്പെടുത്തി.