ദുഷാന്‍ബെ: കാഫ നാഷന്‍സ് കപ്പ് ഫുട്‌ബോളില്‍ കരുത്തരായ ഇറാനുമായുള്ള പോരാട്ടത്തില്‍ അവസാന മിനിറ്റുകളില്‍ ഇന്ത്യ കളി കൈവിട്ടു. എതിരില്ലാത്ത മൂന്നുഗോളിനാണ് ഫിഫ റാങ്കിങ്ങില്‍ 20 ാം സ്ഥാനത്തുള്ള ഇറാന്‍ വിജയിച്ചത്. അമിര്‍ ഹുസൈന്‍, താരേമി, അലി പോര്‍ഗാര എന്നിവരാണ് ഇറാന് വേണ്ടി ഗോളുകള്‍ നേടിയത്.
|
ആദ്യ പകുതിയില്‍ ഇറാനെ ഗോളടിക്കാന്‍ വിടാതെ പ്രതിരോധിച്ച് നിര്‍ത്താന്‍ ഇന്ത്യന്‍ നിരയ്ക്ക് സാധിച്ചിരുന്നു. 60 ാം മിനിറ്റ് വരെ ഇറാനെ ഗോളടിക്കാന്‍ ഇന്ത്യന്‍ പ്രതിരോധ നിര അനുവദിച്ചില്ല. സന്ദേശ് ജിംഗന്‍, ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സന്ധു എന്നിവരുടെ മികവുറ്റ പ്രകടനം ആദ്യ പകുതിയില്‍ ഇന്ത്യക്ക് ഗുണകരമായിരുന്നു.
ആദ്യപകുതിയിലെ ഉജ്വല ചെറുത്തുനില്‍പ്പിനു ശേഷമാണ് ഇന്ത്യ മൂന്ന് ഗോളുകളും വഴങ്ങിയത്. ഗോള്‍ കണ്ടെത്താനാവാത്ത പകുതിയില്‍ ഇന്ത്യയുടെ പ്രതിരോധം വലിയ തോതില്‍ പ്രകീര്‍ത്തിക്കപ്പെട്ടു. ഇറാന്‍ ഇന്ത്യയുടെ പ്രതിരോധത്തെ ഭേദിക്കാന്‍ നിരന്തരമായി ശ്രമിച്ചെങ്കിലും ഫലവത്തായിരുന്നില്ല.
ഇറാന്‍ മികച്ച കൗണ്ടര്‍ അറ്റാക്കിങ് നീക്കങ്ങളിലൂടെ ഗോള്‍ നേടാനുള്ള വഴികള്‍ കണ്ടെത്തുകയായിരുന്നു. 60ാം മിനുട്ടിലാണ് ഇറാന്‍ ആദ്യ ഗോള്‍ നേടുന്നത്. അമര്‍ഹൊസൈനായിരുന്നു സ്‌കോറര്‍. 89ാം മിനുട്ടില്‍ അലിപോര്‍ ഗാരയായിരുന്നു ഇറാന്റെ രണ്ടാം ഗോള്‍ നേടിയത്. അധിക നിമിഷത്തില്‍ താരേമി കൂടി സ്‌കോര്‍ ചെയ്തതോടെ വമ്പന്‍ തോല്‍വി തന്നെ ഇന്ത്യ വഴങ്ങുകയായിരുന്നു.
ഗ്രൂപ്പ് ബിയിലെ പോരാട്ടത്തില്‍ തോറ്റെങ്കിലും ഇന്ത്യയുടെ പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ല. ആദ്യ മത്സരത്തില്‍ ഇന്ത്യ താജിക്കിസ്ഥാനെ വീഴ്ത്തിയതും വലിയൊരു നേട്ടമായിരുന്നു.
ഏഷ്യന്‍ ഫുട്‌ബോള്‍ റാങ്കിങ്ങില്‍ നിലവില്‍ രണ്ടാം സ്ഥാനക്കാരായ ഇറാന്‍ 7 ലോകകപ്പുകള്‍ക്കു യോഗ്യത നേടിയവരാണ്. കാഫ നേഷന്‍സ് കപ്പിലെ ടോപ് റാങ്ക് ടീമും ഇറാനാണ്. 3 തവണ ഏഷ്യന്‍ കപ്പ് കിരീടം നേടിയിട്ടുമുണ്ട്.




