16
Sep 2025
Wed
16 Sep 2025 Wed
rats in icu

ഇന്‍ഡോര്‍: ഐസിയുവില്‍ എലികള്‍ നവജാത ശിശുക്കളെ കടിച്ചു മുറിച്ചു. കടിയേറ്റ കുഞ്ഞുങ്ങളില്‍ ഒരാള്‍ മരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ട് നവജാത ശിശുക്കളുടെ വിരലുകളിലും തലയിലുമാണ് എലികള്‍ കടിച്ചത്. കഴിഞ്ഞ ആഴ്ച ജനിച്ച രണ്ട് കുഞ്ഞുങ്ങളാണ് എലികളുടെ ആക്രമണത്തിനിരയായത്. തുടര്‍ന്ന് രണ്ട് നഴ്‌സുമാരെ സസ്‌പെന്‍ഡ് ചെയ്തു. മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

മധ്യപ്രദേശിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയായ മഹാരാജ യശ്വന്ത്‌റാവു ആശുപത്രിയിലാണ് സംഭവം. ഒരു കുഞ്ഞിന്റെ വിരലുകളിലും രണ്ടാമത്തെ കുഞ്ഞിന്റെ തലയിലും തോളിലുമാണ് എലി കടിച്ചത്.

ALSO READ: ഓണാഘോഷത്തിനിടെ ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥിക്ക് കുത്തേറ്റു

പരിക്കേറ്റ നവജാത ശിശുക്കളെ കണ്ട നഴ്‌സുമാരാണ് ആശുപത്രി അധികൃതരെ വിവരമറിയിച്ചത്. തുടര്‍ന്ന് സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ നവജാത ശിശുക്കള്‍ക്ക് സമീപം എലികളെ കണ്ടെത്തി.

1.2 കിലോ മാത്രം ഭാരമുണ്ടായിരുന്ന, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്ന കുഞ്ഞാണ് മരിച്ചത്. 5-7 ദിവസം മാത്രം പ്രായമുള്ള ഈ പെണ്‍കുഞ്ഞിനെ അവളുടെ മാതാപിതാക്കള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചതാണെന്ന് ആശുപത്രി ഡീന്‍ ഡോ. അരവിന്ദ് ഘന്‍ഗോറിയ പറഞ്ഞു.

കുഞ്ഞ് മരണാസന്നയായി വെന്റിലേറ്ററിലായിരുന്നു. സെപ്റ്റിസീമിയ മൂലമാണ് കുഞ്ഞ് മരിച്ചതെന്നും എലി കടിച്ചതുകൊണ്ടല്ല മരിച്ചതെന്നും ഡോക്ടര്‍ പറയുന്നു. രണ്ടാമത്തെ കുഞ്ഞിന് ശസ്ത്രക്രിയ കഴിഞ്ഞു, ഇപ്പോള്‍ വെന്റിലേറ്റര്‍ സഹായത്തില്‍ സുരക്ഷിതനാണെന്നും ഡോക്ടര്‍ പറഞ്ഞു.

മരിച്ച പെണ്‍കുഞ്ഞ് ഖാര്‍ഗോണ്‍ ജില്ലയില്‍ നിന്നുള്ളതാണ്. ചികിത്സയിലുള്ള ആണ്‍കുഞ്ഞ് അയല്‍ ജില്ലയായ ദേവാസില്‍ നിന്നുള്ളതാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഐസിയുവില്‍ എലികളെ കണ്ടിട്ടും ആശുപത്രി അധികൃതരെ അറിയിക്കാതിരുന്ന നഴ്‌സിംഗ് ഓഫീസര്‍മാരായ ആകാന്‍ഷ ബെഞ്ചമിനെയും ശ്വേത ചൗഹാനെയും സസ്‌പെന്‍ഡ് ചെയ്‌തെന്നും ഡോക്ടര്‍ പറഞ്ഞു.