22
Sep 2025
Sun
22 Sep 2025 Sun
Kunnamkulam Model Police Beating at Peechi Station as well

തൃശ്ശൂര്‍: കുന്നംകുളം പോലീസ് സ്റ്റേഷനിലെ പോലീസ് മര്‍ദനം വിവാദമാകുകയും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തതിന് തൊട്ട് പിന്നാലെ പീച്ചിയിലും ‘കുന്നംകുളം മോഡല്‍’ ക്രൂരത. പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ ഉടമ കെ.പി. ഔസേപ്പ്, മകന്‍ പോള്‍ ജോസഫ്, ഹോട്ടല്‍ ജീവനക്കാര്‍ എന്നിവരെ പീച്ചി പോലീസ് സ്റ്റേഷനില്‍വെച്ച് എസ്‌ഐ പി.എം. രതീഷ് അപമാനിക്കുകയും മര്‍ദിക്കുകയും ചെയ്യുന്ന ദൃശ്യം പുറത്തായി. 2023 മെയ് 24ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ 13 മാസത്തെ ശ്രമത്തിനൊടുവില്‍ വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷയിെത്തുടര്‍ന്ന് 2024 ഓഗസ്റ്റ് 14നാണ് കിട്ടിയത്. കുന്നംകുളം സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പീച്ചി പോലീസ് സ്റ്റേഷനിലെ മര്‍ദനദൃശ്യവും പുറത്ത്. മാനേജര്‍ റോണിയെയും ഡ്രൈവര്‍ ലിതിന്‍ ഫിലിപ്പിനെയുമാണ് മര്‍ദിച്ചത്. പോള്‍ ജോസഫിനെ ലോക്കപ്പിലിടുകയും ഔസേപ്പ് ഉള്‍പ്പെടെയുള്ളവര്‍ക്കുനേരേ ആക്രോശിക്കുകയും ചെയ്യുന്നുണ്ട്. ഫഌസ്‌ക് കൊണ്ടും അടിക്കാന്‍ ശ്രമിച്ചിരുന്നതായി ഔസേപ്പ് പറഞ്ഞു.

പാലക്കാട് വണ്ടാഴി സ്വദേശി ദിനേഷും സഹോദരന്റെ മകന്‍ ജിനീഷും ചേര്‍ന്ന് ഔസേപ്പിന്റെ ഉടമസ്ഥതയിലുള്ള പട്ടിക്കാട് സെന്ററിലെ ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടലില്‍ എത്തുകയും ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ സംബന്ധിച്ച് തര്‍ക്കമുണ്ടാകുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ പീച്ചി സ്റ്റേഷനിലെത്തിയ ലാലീസ് മാനേജരെയും ഡ്രൈവറെയും എസ്‌ഐ പി.എം രതീഷ് മര്‍ദിക്കുകയായിരുന്നു. ഭയന്ന ഔസേപ്പ് പരാതിക്കാരനുമായി ഒത്തുതീര്‍പ്പുചര്‍ച്ച നടത്തുകയും കേസ് പിന്‍വലിക്കാന്‍ അഞ്ചുലക്ഷം രൂപ നല്‍കുകയും ചെയ്തു.

ദൃശ്യത്തിനുവേണ്ടി വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷകള്‍ പലയിടത്തും നല്‍കിയെങ്കിലും ആദ്യം ലഭിച്ചില്ല. ഒടുവില്‍ വിവരാവകാശക്കമ്മിഷനുതന്നെ അപ്പീല്‍ നല്‍കുകയും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയും ചെയ്തപ്പോഴാണ് ദൃശ്യങ്ങള്‍ നല്‍കാന്‍ അധികൃതര്‍ തയ്യാറായത്.

കുന്നംകുളം സംഭവത്തിനുപിന്നാലെ പോലീസ് സ്റ്റേഷനിലെ പോലീസ് മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടും പുറത്തുവന്നത് പോലീസിന് നാണക്കേടായിട്ടുണ്ട്.