ഇസ്രായേലിലെ നഖബ് (നെഗെവ്) മേഖലയിലുള്ള റാമോന്‍ വിമാനത്താവളത്തനു നേരെ യമനില്‍ നിന്ന് ഡ്രോണ്‍ ആക്രമണം. ഡ്രോണുകളിലൊന്ന് വിമാനത്താവളത്തില്‍ പതിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു. യമനില്‍ നിന്ന് വന്ന മൂന്ന് ഡ്രോണുകള്‍ തടഞ്ഞതായി ഇസ്രായേല്‍ സൈന്യം നേരത്തെ അവകാശപ്പെട്ടിരുന്നു.
|
വിമാനത്താവളത്തിലെ യാത്രക്കാരുടെ കാത്തിരിപ്പ് കേന്ദ്രത്തിലുണ്ടായിരുന്ന ഒരാള്‍ക്ക് കാലുകള്‍ക്ക് ഗുരുതരമായ പരിക്കേറ്റതായി ഇസ്രായേല്‍ സ്ഥിരീകരിച്ചു. ചിലര്‍ക്ക് നിസാര പരിക്കേറ്റതായും റിപോര്‍ട്ടുണ്ട്.
മൂന്ന് ഡ്രോണുകള്‍ തടഞ്ഞതായി ആദ്യം പ്രസ്താവന പുറത്തിറക്കിയ ഇസ്രായേല്‍ സൈന്യം, പിന്നീട് ‘നാലാമതൊരു ഡ്രോണ്‍ യമനില്‍ നിന്ന് വിക്ഷേപിച്ചതായും അത് റാമോന്‍ വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീണതായും’ സമ്മതിച്ചു. വിമാനത്താവളത്തില്‍ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങിയിരുന്നില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഡ്രോണ്‍ വിമാനത്താവളത്തിലെ പാസഞ്ചര്‍ ലോഞ്ചില്‍ പതിച്ചതായി ഒരു സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഇസ്രായേലി ആര്‍മി റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. ഡ്രോണ്‍ വീണതിനെ തുടര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്കേറ്റതായി ഇസ്രായേലി ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി അറിയിച്ചു.
ആഗസ്റ്റ് 28-ന് സനായിലെ അന്‍സാറുള്ള നേതാക്കളെ വധിച്ചതിന് ശേഷം എട്ട് ബാലിസ്റ്റിക് മിസൈലുകളും ഏഴ് ഡ്രോണുകളും യമനില്‍ നിന്ന് വിക്ഷേപിച്ചതായി ആര്‍മി റേഡിയോ പറയുന്നു.
അതിനിടെ, ഈജിപ്ഷ്യന്‍ അതിര്‍ത്തിക്ക് സമീപമുള്ള നിറ്റ്‌സാനയില്‍ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങിയതായി ഇസ്രായേലി ഹോം ഫ്രണ്ട് കമാന്‍ഡ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യമനില്‍ നിന്ന് ഇസ്രായേലിലേക്ക് സിനായിയിലൂടെ മൂന്ന് ഡ്രോണുകള്‍ വന്നതായി ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു.
ഏകദേശം ഒരു മണിക്കൂറിന് ശേഷം, വ്യോമസേന മൂന്ന് ഡ്രോണുകള്‍ തടഞ്ഞതായി സൈന്യം അറിയിച്ചു, അതില്‍ രണ്ടെണ്ണം ഇസ്രായേലിലേക്ക് കടക്കുന്നതിന് മുമ്പാണ് തടഞ്ഞത്. ഞായറാഴ്ചത്തെ ഡ്രോണ്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം അന്‍സാറുള്ള ഇതുവരെ ഏറ്റെടുത്തിട്ടില്ല.
പലസ്തീന്‍ ചെറുത്തുനില്‍പ്പിനുള്ള പിന്തുണയും ഗാസയിലെ തുടരുന്ന ഇസ്രായേലി കൂട്ടക്കൊലകള്‍ക്കുള്ള പ്രതികാരവും തുടരുമെന്ന് അന്‍സാറുള്ള നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇസ്രായേലിനെ ലക്ഷ്യമിട്ട് ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചും ഇസ്രായേലുമായി ബന്ധമുള്ള വാണിജ്യ കപ്പലുകള്‍ ആക്രമിച്ചും അവരുടെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
ആഗസ്റ്റ് 28-ന് സനായില്‍ നടന്ന ഒരു സര്‍ക്കാര്‍ യോഗത്തിനിടെ പ്രധാനമന്ത്രി അഹ്‌മദ് ഗാലിബ് അല്‍-റഹ്വിയെയും നിരവധി മന്ത്രിമാരെയും ബോംബാക്രമണത്തില്‍ വധിച്ചതിന് ശേഷം കടുത്ത തിരിച്ചടി നല്‍കുമെന്ന് അന്‍സാറുള്ള പ്രഖ്യാപിച്ചിരുന്നു.


