ഇസ്രായേല്‍ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടത്തിയ ആക്രമണത്തിന് ‘കൂട്ടായ പ്രതികരണം’ ഉണ്ടാകണമെന്ന് ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം ആല്‍ഥാനി ആവശ്യപ്പെട്ടു. ഖത്തറിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് നിരവധി അറബ് രാഷ്ട്രങ്ങള്‍ രംഗത്തെത്തുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
|
”മേഖലാ തലത്തിലുള്ള ഒരു പ്രതികരണമുണ്ടാകും. ഈ പ്രതികരണം നിലവില്‍ മറ്റ് മേഖലയിലെ പങ്കാളികളുമായി കൂടിയാലോചനയിലും ചര്‍ച്ചയിലുമാണ്,” ബുധനാഴ്ച യുഎസ് മാധ്യമമായ സിഎന്‍എന്നിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു, ”മുഴുവന്‍ ഗള്‍ഫ് മേഖലയും അപകടത്തിലാണ്’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”ഈ ഭീഷണിപ്പെടുത്തല്‍ തുടരുന്നതില്‍ നിന്ന് ഇസ്രായേലിനെ പിന്തിരിപ്പിക്കുന്ന അര്‍ത്ഥവത്തായ ഒന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,” ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മേഖലയെ ‘കുഴപ്പങ്ങളിലേക്ക്’ നയിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രാദേശിക നേതാക്കള്‍ ഖത്തറില്‍ യോഗം ചേരും. ഓരോ രാജ്യവും അവരുടെ നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തുന്നുണ്ട്. അന്താരാഷ്ട്ര നിയമം ലംഘിച്ചതിന് നെതന്യാഹുവിനെ വിചാരണ ചെയ്യാന്നുള്ള എല്ലാ വഴികളും തേടുകയാണ്,”- അല്‍ ജസീറ റിപോര്‍ട്ടര്‍ ചാള്‍സ് സ്ട്രാറ്റ്ഫോഡ് പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ട് വെച്ച ഗാസ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ഇസ്രായേല്‍ ചൊവ്വാഴ്ച ദോഹയില്‍ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ കുറഞ്ഞത് ഏഴ് പേര് കൊല്ലപ്പെട്ടു, എന്നാല്‍ ഹമാസ് നേതൃത്വം രക്ഷപ്പെട്ടതായി ഹമാസ് അറിയിച്ചു. ആഗോളതലത്തില്‍ അപലപിക്കപ്പെട്ട ഈ ആക്രമണത്തില്‍ തങ്ങളുടെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി ഖത്തര്‍ പറയുന്നു.
പിന്തുണ അറിയിച്ച് ഫ്രാന്‍സ്
ബുധനാഴ്ച ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് ആല് ഥാനിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇസ്രായേലിന്റെ ആക്രമണത്തെ അപലപിച്ചു. ‘ഈ ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ല. ഞാന്‍ അവയെ അപലപിക്കുന്നു. ഖത്തറിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഫ്രാന്‍സ് പ്രതിജ്ഞാബദ്ധമാണെന്ന് ഞാന്‍ ആവര്‍ത്തിച്ച് പറയുന്നു,’ അദ്ദേഹം എക്സില്‍ കുറിച്ചു.
ഇസ്രായേലിന്റെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് വ്യാപിച്ച ആക്രമണ പരമ്പരയുടെ ഭാഗമാണ് ഈ ആക്രമണം. 72 മണിക്കൂറിനുള്ളില്‍ ആക്രമിക്കപ്പെട്ട ആറാമത്തെ രാജ്യവും ഈ വര്‍ഷം ഏഴാമത്തെ രാജ്യവുമാണിത്. ബുധനാഴ്ച യെമനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 35 പേര് കൊല്ലപ്പെട്ടു.
ഇസ്രായേലിന്റെ ഖത്തറിലെ ആക്രമണം എണ്ണ സമ്പന്നമായ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഒരു മുന്നറിയിപ്പാണെന്ന് ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പ് നേതാവ് ബുധനാഴ്ച പറഞ്ഞു. മേഖലയിലെ സായുധ ഗ്രൂപ്പുകള്‍ പരാജയപ്പെട്ടാല്‍ ഭാവിയില്‍ ഗള്‍ഫ് രാജ്യങ്ങളെയും ലക്ഷ്യമിടുമെന്ന മുന്നറിയിപ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ആക്രമണത്തിന് ഇരയായ ഖത്തറിനൊപ്പമാണ് ഞങ്ങള്‍, ഫലസ്തീന് ചെറുത്തുനില്പ്പിനൊപ്പവും ഞങ്ങള്‍ നില്ക്കുന്നു,’ ഹിസ്ബുല്ല നേതാവ് നയിം ഖാസിം പറഞ്ഞു. ഈ മേഖലയുടെ വലിയ ഭാഗങ്ങളില്‍ ‘വിശാല ഇസ്രായേല്‍’ സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇസ്രായേലിന്റെ ആക്രമണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തീവ്രദേശീയവാദികളായ ഇസ്രായേലികള്‍ പിന്തുണയ്ക്കുന്ന ‘വിശാല ഇസ്രായേല്‍’ എന്ന ആശയം അധിനിവേശ വെസ്റ്റ് ബാങ്ക്, ഗാസ, ലെബനന്, സിറിയ, ഈജിപ്ത്, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ അവകാശവാദം ഉന്നയിക്കുന്ന ഒരു വിപുലീകരണ ദര്‍ശനത്തെയാണ് സൂചിപ്പിക്കുന്നത്.
ഗാസയില്‍ ‘സമാധാനത്തിനുള്ള ഏതൊരു സാധ്യതയും’ ഇല്ലാതാക്കാനാണ് ഇസ്രായേലിന്റെ ആക്രമണം ലക്ഷ്യമിടുന്നതെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ഇസ്രായേലി ബന്ദികള്‍ക്കുള്ള എല്ലാ പ്രതീക്ഷകളും ഇല്ലാതാക്കുകയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂസലില്ലാതെ നെതന്യാഹു
എന്നാല്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ഉള്‍പ്പെടെയുള്ള ആഗോള നേതാക്കളുടെ വിമര്‍ശനങ്ങളെ നെതന്യാഹു കാര്യമാക്കുന്നില്ലെന്നാണ് സൂചന.
ബുധനാഴ്ച ഖത്തറിനെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ഭീഷണിപ്പെടുത്തി. ‘തീവ്രവാദികള്‍ക്ക് അഭയം നല്കുന്ന ഖത്തറിനോടും എല്ലാ രാജ്യങ്ങളോടും ഞാന്‍ പറയുന്നു, ഒന്നുകില്‍ അവരെ പുറത്താക്കുക അല്ലെങ്കില്‍ അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക. നിങ്ങള്‍ അത് ചെയ്തില്ലെങ്കില്‍, ഞങ്ങള്‍ ചെയ്യും,’ നെതന്യാഹു പറഞ്ഞു.
അതേ സമയം, ഹമാസ് ഓഫീസിന് ഖത്തര്‍ ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട് നെതന്യാഹു നടത്തിയ ‘വിവേകരഹിതമായ’ പരാമര്‍ശങ്ങളെ ഖത്തര്‍ അപലപിച്ചു. ‘ഹമാസ് ഓഫീസിന് ആതിഥേയത്വം വഹിച്ചത് അമേരിക്കയുടെയും ഇസ്രായേലിന്റെയും അഭ്യര്‍ത്ഥന പ്രകാരമുള്ള ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമാണെന്ന് നെതന്യാഹുവിന് പൂര്‍ണ്ണമായി അറിയാം,’ ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച ഒരു പ്രസ്താവനയില്‍ പറഞ്ഞു.
”ഖത്തറിനെ ലക്ഷ്യമിട്ട ഭീരുത്വപരമായ ആക്രമണത്തെ ന്യായീകരിക്കാനുള്ള ശ്രമം നാണക്കേടാണ്. രാജ്യത്തിന്റെ പരമാധികാരം ലംഘിക്കുമെന്ന വ്യക്തമായ ഭീഷണിയും ഇതില്‍ ഉള്‍പ്പെടുന്നു,” എന്നും പ്രസ്താവനയില്‍ പറയുന്നു.
ഖത്തര്‍ മണ്ണില്‍ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകില്ലെല്ലെന്ന് ചൊവ്വാഴ്ച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിന് പുല്ലുവില കല്‍പ്പിച്ചാണ് നെതന്യാഹുവിന്റെ ഭീഷണി ഉണ്ടായി.


