രാജ്യവ്യാപകമായി വോട്ടര്‍ പട്ടികയില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഒക്ടോബറില്‍ ഇതിനായുള്ള നടപടികള്‍ ആരംഭിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ പറഞ്ഞു. ബിഹാര്‍ മോഡലില്‍ രാജ്യവ്യാപക എസ്‌ഐആര്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്.
|
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമാനമായ ഒരു വോട്ടര്‍ പട്ടിക പരിഷ്‌കരണം നടത്തിയിരുന്നു. ഈ പ്രക്രിയ ഇപ്പോള്‍ എല്ലാ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും. ബിഹാര്‍ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് മുന്‍പ് തന്നെ പ്രത്യേക തീവ്ര പുനരവലോകനം (Special Intensive Revision – SIR) പ്രഖ്യാപിച്ചേക്കുമെന്നും വൃത്തങ്ങള്‍ പറയുന്നു.
മരിച്ചവരുടെ പേരും, സ്ഥിരമായി താമസം മാറിയവരുടെ പേരും, വ്യാജ എന്‍ട്രികളും, പൗരന്മാരല്ലാത്തവരുടെ പേരും വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുക, ഒപ്പം വോട്ടവകാശമുള്ള എല്ലാവരെയും ഉള്‍പ്പെടുത്തുക എന്നിവയാണ് പ്രത്യേക തീവ്ര പുനരവലോകനത്തിന്റെ പ്രധാന ലക്ഷ്യമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവകാശപ്പെടുന്നത്.
ALSO READ: രാജ്യവ്യാപകമായി എസ്‌ഐആര്‍ നടപ്പാക്കാനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷന്‍
എന്നാല്‍, ബിഹാറില്‍ ഈ നീക്കത്തിലൂടെ പുറത്തായവരില്‍ ബഹുഭൂരിഭാഗവും മുസ്ലിംകളും ആദിവാസികള്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക വിഭാഗക്കാരുമായിരുന്നു. ഒട്ടും സുതാര്യമല്ലാത്ത രീതിയിലുള്ള നടപടിക്രമങ്ങള്‍ക്കെതിരേ സുപ്രിം കോടതിയില്‍ നിന്ന് വലിയ വിമര്‍ശനം ഉയരുകയും പുറത്താക്കപ്പെട്ടവരുടെ പട്ടിക അതിനുള്ള കാരണങ്ങള്‍ സഹിതം പുറത്തിറക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബിജെപി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരിനെ സഹായിക്കാനും പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട എന്‍ആര്‍സി വളഞ്ഞ വഴിയിലൂടെ നടപ്പാക്കാനുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിക്കുന്നതെന്നാണ് ആക്ഷേപം.
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം രാജ്യവ്യാപകമായി നടപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പിന് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്.
വിവിധ സംസ്ഥാനങ്ങള്‍ കഴിഞ്ഞ തവണ എസ്‌ഐആര്‍ നടത്തിയ തീയതിയും അതിനുശേഷമുള്ള സാഹചര്യവും യോഗത്തില്‍ വിശദീകരിച്ചിരുന്നു. ബിഹാറില്‍ നടപ്പാക്കിയ പരിഷ്‌കരണ നടപടികള്‍ അവിടുത്തെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിശദീകരിച്ചു. സംസ്ഥാനങ്ങളില്‍ എസ്‌ഐആറിനുള്ള പ്രാഥമിക നടപടികള്‍ ഈ മാസം പൂര്‍ത്തിയാകുമെന്ന് ഭൂരിഭാഗം തിരഞ്ഞെടുപ്പ് ഓഫീസര്‍മാരും യോഗത്തില്‍ അറിയിച്ചു.
ഏതൊക്കെ രേഖകള്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് സ്വീകരിക്കാമെന്നതില്‍ എല്ലാ ഉദ്യോഗസ്ഥരും അഭിപ്രായം അറിയിച്ചു. എന്നാല്‍ ആധാര്‍ രേഖയായി സ്വീകരിക്കുമോയെന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇന്നലെ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ മൗനം പാലിക്കുകയാണ്.
വോട്ടര്‍മാരെ പരിശോധിക്കാന്‍ ഉപയോഗിക്കാവുന്ന രേഖകളുടെ പട്ടിക തയ്യാറാക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന സിഇഒമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓരോ പ്രദേശത്തും സാധാരണയായി അംഗീകരിക്കപ്പെടുന്നതും എളുപ്പത്തില്‍ ലഭ്യമാകുന്നതുമായ സര്‍ട്ടിഫിക്കറ്റുകളെ അടിസ്ഥാനമാക്കിയായിരിക്കും ഈ പട്ടിക.
ഉദാഹരണത്തിന്, ഗോത്രവര്‍ഗ്ഗക്കാര്‍ കൂടുതലുള്ള സംസ്ഥാനങ്ങളിലും വടക്കുകിഴക്കന്‍ പ്രദേശങ്ങളിലും തീരദേശ മേഖലകളിലും തിരിച്ചറിയലിനും താമസത്തിനും പ്രത്യേക രേഖകള്‍ സാധാരണമാണ്. പല സ്ഥലങ്ങളിലും പ്രാദേശിക സ്വയംഭരണ കൗണ്‍സിലുകളും തദ്ദേശ സ്ഥാപനങ്ങളും നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്കും വ്യാപകമായ അംഗീകാരമുണ്ട്. ഈ വ്യത്യാസങ്ങള്‍ കണക്കിലെടുത്ത് പരിശോധനാ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ സംസ്ഥാനങ്ങളോട് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഒക്ടോബറോടെ രാജ്യത്തുടനീളം തീവ്ര വോട്ടര്‍ പട്ടികാ പരിഷ്‌കരണം ആരംഭിക്കുമെന്നാണ് കരുതുന്നത്.
English Summary
The Election Commission of India is set to bring about comprehensive changes to the voter list nationwide. According to sources within the Election Commission, the process will begin in October. The commission plans to complete the nationwide Special Intensive Revision (SIR), on the lines of the Bihar model, this year itself.


