സോഷ്യൽ മീഡിയ വഴി അടുപ്പംസ്ഥാപിച്ച് 14കാരിയുടെ നഗ്നചിത്രം കൈക്കലാക്കുകയും കുട്ടിയുടെ അമ്മയുടെ അഞ്ചരപ്പവന്റെ സ്വർണമാല തട്ടിയെടുത്തു മുങ്ങുകയും ചെയ്ത 21കാരനെ മലപ്പുറം വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ചമ്രവട്ടം സ്വദേശി തുമ്പില്‍ മുഹമ്മദ് അജ്മൽ ആണ് അറസ്റ്റിലായത്. സമാനമായ കേസിൽ ജയിലിലായ പ്രതി പുറത്തിറങ്ങിയ ശേഷമാണ് 14കാരിയെ കബളിപ്പിച്ചത്.
|
സ്നാപ്ചാറ്റ് വഴിയാണ് പ്രതി ജൂലൈ നാലിന് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ഇതു പ്രണയത്തിനു വഴിമാറുകയും യുവാവ് വിവാഹ വാഗ്ദാനം നല്‍കിയതോടെ ഇയാളുടെ ആവശ്യപ്രകാരം പെണ്‍കുട്ടി തന്റെ നഗ്‌നഫോട്ടോ അയച്ചു നൽകുകയും ചെയ്തു. തുടര്‍ന്ന് തന്റെ പിതാവ് ജ്വല്ലറി വ്യാപാരിയാണെന്നും മാലയുടെ ചിത്രം അയച്ചുതന്നാല്‍ പുതിയ മോഡലിലുള്ള മാല പണിയിച്ചു നല്‍കാമെന്നും ഇയാൾ പെൺകുട്ടിയെ പറഞ്ഞുവിശ്വസിപ്പിച്ചു. ഇതോടെ പെണ്‍കുട്ടി സ്വന്തം മാലയുടെ ചിത്രം അയച്ചു കൊടുത്തു. എന്നാല്‍ ഇത് ചെറിയ മാലയാണെന്നും വലിയ മാലയുടെ ഫോട്ടോ ആണെങ്കിൽ അതിലും വലിയ മാല വാങ്ങിച്ചു നല്‍കാമെന്നും മുഹമ്മദ് അജ്മല്‍ നല്‍കി.
തുടര്‍ന്നാണ് കുട്ടി അമ്മയുടെ മാല കൈക്കലാക്കി ചിത്രം അയച്ചു കൊടുത്തത്. ഇതോടെ മാല നേരില്‍ കണ്ടാല്‍ മാത്രമേ മോഡല്‍ മനസ്സിലാകു എന്ന് പറഞ്ഞതനുസരിച്ച് പ്രതിക്ക് വീട്ടിലേക്കു വരുന്നതിനായി പെണ്‍കുട്ടി ലൊക്കേഷന്‍ അയച്ചു കൊടുത്തു. വീട്ടിലെത്തിയ അജ്മലിന് പെണ്‍കുട്ടി ജനലിലൂടെ മാല നല്‍കി. അപ്പോള്‍ തന്നെ പ്രതി മാലയുമായി മുങ്ങുകയും ചെയ്തു. പ്രതി പിന്നീട് സ്‌നാപ്ചാറ്റ് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ഒളിവില്‍ പോയി. മാലയുമായി യുവാവ് കടന്നു കളഞ്ഞതോടെയാണ് പെണ്‍കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞത്. തുടര്‍ന്ന് വളാഞ്ചേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സിസിടിവി കാമറകള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞവർഷമാണ് പ്രതി ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കല്‍പകഞ്ചേരി സ്വദേശിനിയെ തട്ടിപ്പിനിരയാക്കിയത്. ഈ കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ച് ഇറങ്ങിയതിനു പിന്നാലെയായിരുന്നു പുതിയ തട്ടിപ്പ്. പ്രതിക്കെതിരെ കല്‍പകഞ്ചേരി, തിരൂര്‍ പോലീസ് സ്റ്റേഷനുകളിലും സമാനമായ കേസുണ്ട്. മലപ്പുറം ജില്ല പോലീസ് മേധാവി ആര്‍ വിശ്വനാഥന്‍, തിരൂര്‍ ഡിവൈഎസ്പി എ.ജെ. ജോണ്‍സണ്‍ എന്നിവരുടെ നിര്‍ദേശ പ്രകാരം വളാഞ്ചേരി എസ്.എച്ച്. ഒ ബഷീര്‍ സി. ചിറക്കലാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.സി.പി.ഒമാരായ ഷൈലേഷ്, പി. സജുകുമാര്‍ എന്നിവരും ഡാന്‍സാഫ് സം ഘവും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ALSO READ: യുഎസില്‍ ഇന്ത്യന്‍ ടെക്കിയെ പോലീസ് വീട്ടില്‍ കയറി വെടിവച്ചുകൊന്നു


