26
Sep 2025
Fri
26 Sep 2025 Fri
EN Suresh Babu

ഷാഫി പറമ്പിലിനെതിരായ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു. വിഷയത്തില്‍ അനാവശ്യമായി കോലിട്ടിളക്കാന്‍ വന്നാല്‍ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും സുരേഷ് ബാബു പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആരെങ്കിലും പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ അവര്‍ ഷാഫി വീണ് കാണണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കുമെന്നും സുരേഷ് ബാബു പറഞ്ഞു. പാലക്കാട് വെച്ചാണ് സുരേഷ് ബാബു ഇന്ന് വീണ്ടും മാധ്യമങ്ങളോട് പ്രതികരിച്ചത്.

വ്യക്തിപരമായി ഉയരുന്ന അശ്ശീലങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യന്‍ സിപിഎമ്മിന് താല്‍പ്പര്യമില്ല. ആരെങ്കിലും പറയുന്നത് കേട്ട് അഭിപ്രായം പറയുന്നവരല്ല സിപിഎം. വ്യക്തതയുള്ള കാര്യങ്ങളെ പറയൂവെന്നും സുരേഷ് ബാബു പറഞ്ഞു.

ALSO READ: ഗസയില്‍ ഹമാസിന്റെ ഒളിയാക്രമണം; ഇസ്രായേല്‍ സൈനികന്‍ കൊല്ലപ്പെട്ടു

സതീശന്റെ പാര്‍ട്ടിയല്ലല്ലോ സിപിഎം. സതീശന്‍ സ്വപ്ന ലോകത്തിരുന്നാണ് കാര്യങ്ങള്‍ പറയുന്നത്. സതീശന്റെ നെഞ്ചത്ത് രാഹുല്‍ കയറി. അപ്പോള്‍ സതീശന്‍ നടപടി എടുത്തു. സതീശനെതിരെ പുതിയ ഗ്രൂപ്പ് രൂപീകരിച്ച് മുന്നോട്ടു പോകാന്‍ തീരുമാനിച്ചപ്പോഴാണ് സതീശന്‍ രാഹുലിനെതിരേ തിരിച്ചടിച്ചതെന്നും സുരേഷ് ബാബു പ്രതികരിച്ചു.

സിപിഎമ്മില്‍ ഭിന്നത; ഏറ്റെടുക്കാതെ നേതാക്കള്‍
ഷാഫി പറമ്പിലിനെതിരായ ഇഎന്‍ സുരേഷ് ബാബുവിന്റെ ആരോപണത്തെച്ചൊല്ലി സിപിഎമ്മില്‍ അഭിപ്രായ ഭിന്നത. ഷാഫി പറമ്പിലിനെതിരായ ജില്ല സെക്രട്ടറിയുടെ ആരോപണം ഏറ്റെടുക്കാന്‍ നേതാക്കള്‍ തയ്യാറായില്ല. ജില്ലാ സെക്രട്ടറിക്ക് ആരോപണം ഉണ്ടെങ്കില്‍ അദ്ദേഹം തെളിവുകള്‍ പുറത്തു വിടട്ടെയെന്നാണ് സിപിഎം നേതാക്കള്‍ പ്രതികരിച്ചത്.

യൂത്ത് കോണ്‍ഗസ് നേതാവ് പരാതി കൊടുത്തതും പാര്‍ട്ടിയെ വെട്ടിലാക്കുകയാണ്. രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ ചുമതലയില്‍ നിന്ന് നീക്കുകയാണ് വേണ്ടതെന്നും മറ്റ് വിഷയങ്ങള്‍ ഉന്നയിച്ച് വഴി തിരിച്ചു വിടേണ്ടെന്നും എന്‍എന്‍ കൃഷ്ണദാസ് പ്രതികരിച്ചു.

ജില്ലാ സെക്രട്ടറി എന്തു കൊണ്ട് ആരോപണം ഉന്നയിച്ചു എന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണം. ജില്ലാ സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന വിഡി സതീശന്റെ പ്രസ്താവനയോടും കൃഷ്ണദാസ് പ്രതികരിച്ചു. വിഡി സതീശന്‍ ആദ്യം എംഎല്‍എയെ ചുമതലയില്‍ നിന്ന് നീക്കട്ടെയെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് പരാതി നല്‍കിയതില്‍ അഭിപ്രായം പറയാനില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.

ജില്ല സെക്രട്ടറിയുടെ ആരോപണത്തില്‍ കക്ഷി ചേരുന്നില്ലെന്നായിരുന്നു ജില്ലയിലെ മുതിര്‍ന്ന നേതാവായ എകെ ബാലന്റെ പ്രതികരണം. ആരോപണം പറഞ്ഞ ജില്ലാ സെക്രട്ടറിക്ക് അത് തെളിയിക്കാന്‍ കയ്യില്‍ തെളിവ് ഉണ്ടാകുമല്ലോയെന്ന് എകെ ബാലന്‍ ചോദിച്ചു.