കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരായ സമരത്തില്‍ സംഘര്‍ഷം സൃഷ്ടിച്ചത് എസ്ഡിപിഐ എന്ന നിലപാടില്‍ ഉറച്ച് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി.
|
‘ബോധപൂര്‍വമായ ഗൂഢാലോചനയാണ് നടന്നത്. എസ്ഡിപിഐ നേരത്തെയും മറ്റ് സ്ഥലങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. സമാധാനപരമായി കാര്യങ്ങള്‍ നേരിട്ട പൊലീസിനെയും സംഘര്‍ഷം ഉണ്ടാക്കാന്‍ പ്രേരിപ്പിക്കുന്ന നടപടികള്‍ ഉണ്ടായതായും’- മെഹബൂബ് മീഡിയവണിനോട് പറഞ്ഞു.
അതേസമയം, ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാമ് സമര സമിതി. എസ്ഡിപിഐ നുഴഞ്ഞ് കയറി എന്ന വാദവും സമരസമിതി തളളിയിരുന്നു. സമരസമിതിയംഗങ്ങള്‍ പ്ലാന്‍് അക്രമിച്ചില്ലെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സമരസമിതിയുടെ ഭാഗമായിരുന്നുവെന്നുമാണ് സമരസമിതി ചെയര്‍മാനായ ബാബു കുടുക്കി വ്യക്തമാക്കിയത്.
ഫ്രഷ് കട്ടിന്റെ ഗുണ്ടകളോ കമ്പനിയുടെ എതിരാളികളോ ആണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. കുട്ടികളെയും സ്ത്രീകളെയും കവചമാക്കി എന്ന പൊലീസ് ആരോപണവും അദ്ദേഹം തള്ളിയിരുന്നു. അതേസമയം ഫ്രഷ് കട്ട് സമരത്തിലെ സംഘര്‍ഷത്തില്‍ പൊലീസിനെ ന്യായീകരിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് കോണ്‍ഗ്രസ് പറഞ്ഞു.
പൊലീസ് ന്യായീകരണ തൊഴിലാളികളായി സിപിഎം മാറിയതായി ഡിസിസി അധ്യക്ഷന്‍ കെ പ്രവീണ്‍കുമാര്‍ പറഞ്ഞു. കട്ടിപ്പാറയില്‍ നടന്നത് പൊലീസ് അതിക്രമമാണ്. ഷാഫി പറമ്പിലിനെ അക്രമിച്ച പൊലീസിനെ പോലും ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും പ്രവീണ്‍കുമാര്‍ ആവശ്യപ്പെട്ടു.
അറവ് മാലിന്യ സംസ്‌കരണ പ്ലാന്റ് വിരുദ്ധ സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തിന്റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ഇന്നലെ പുറത്ത് വന്നിട്ടുണ്ട്. മുഖം മറച്ചാണ് അക്രമികള്‍ സ്ഥലത്തെത്തിയത്. ഭീതിപ്പെടുത്തുന്ന ആക്രമണമാണ് നടന്നതെന്ന് സംസ്‌കരണ പ്ലാന്റിലെ തൊഴിലാളികള്‍ പറഞ്ഞു. പെട്രോളുമായി എത്തിയ അക്രമികള്‍ വാഹനങ്ങള്‍ക്ക് തീ ഇടുകയും ഫാക്ടറി കത്തിക്കുകകയും ചെയ്തു. തൊഴിലാളികളെയും ജീവനക്കാര്‍ ആക്രമിച്ചെന്നും, പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ എത്തിയ ആംബുലന്‍സ് കടത്തിവിട്ടില്ലെന്നും തൊഴിലാളികള്‍ ആരോപിച്ചു.
ആക്രമണത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പെടെ 321 പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഡിവൈഎഫ്‌ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി മെഹറൂഫാണ് ഒന്നാം പ്രതി. കലാപം, വഴി തടയല്‍, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
പൊലീസിനെ ആക്രമിച്ചതിലാണ് 321 പേര്‍ക്കെതിരെ കേസ്. പ്രതികളെ പിടികൂടാന്‍ പൊലീസ് വ്യാപക തെരച്ചിലാണ് നടത്തുന്നത്. കണ്ണൂര്‍ റേഞ്ച് ഡി ഐ ജി സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അതേസമയം, പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കോടഞ്ചേരി, ഓമശേരി, കട്ടിപ്പാറ,പഞ്ചായത്ത് കൊടുവള്ളി നഗരസഭ എന്നിവിടങ്ങളിലെ വിവിധയിടങ്ങളില്‍ സമര സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
ചൊവ്വാഴ്ച്ച വൈകിട്ടാണ് പ്ലാന്റിനു മുന്നില്‍ നടന്ന സമരത്തിനിടെ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ കോഴിക്കോട് റൂറല്‍ എസ്പി ഉള്‍പ്പെടെ 16 പൊലീസുകാര്‍ക്കും 25 ഓളം നാട്ടുകാര്‍ക്കും പരിക്കേറ്റിരുന്നു.


