23
Oct 2025
Wed
23 Oct 2025 Wed
CPIM accusing SDPI behind poultry waste rendering plant protest turns violent

കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിലെ അമ്പായത്തോട് ഇറച്ചിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രഷ്‌കട്ട് കോഴി അറവു മാലിന്യസംസ്‌കരണ പ്ലാന്റിനെതിരായ നാട്ടുകാരുടെ സമരം അക്രമാസക്തമായി പ്ലാന്റിന് തീയിടുകയും പോലീസുകാരെ കൈയേറ്റം ചെയ്യുകയും ചെയ്തതിനു പിന്നില്‍ എസ്ഡിപിഐ ആണെന്ന ആരോപണവുമായി സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം എസ്ഡിപിഐ അക്രമികള്‍ നുഴഞ്ഞ് കയറുകയും കലാപം അഴിച്ചുവിടുകയുമായിരുന്നു. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും സ്വത്ത് വകകള്‍ നശിപ്പിക്കുകയും പോലീസിനെ അക്രമിക്കുകയും ചെയ്തത് പരിശീലനം ലഭിച്ച ജില്ലയ്ക്ക് പുറത്തുനിന്നുപോലും എത്തിച്ചേര്‍ന്ന എസ്ഡിപിഐ ക്രിമിനലുകളാണെന്നും സിപിഐഎം ആരോപിച്ചു.ജനകീയ പ്രതിഷേധത്തില്‍ നുഴഞ്ഞു കയറി കലാപം നടത്തിയവരെ സമഗ്ര അന്വേഷണത്തിലൂടെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.

അതേസമയം, ഡിവൈഎഫ്‌ഐ നേതാവ് ടി മെഹറൂഫ് ആണ് കേസിലെ ഒന്നാം പ്രതി. കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവുമാണ് മെഹറൂഫ്്. കലാപം സൃഷ്ടിക്കല്‍, വഴി തടയല്‍, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സംഘര്‍ഷമുണ്ടാക്കിയതിലാണ് 321 പേര്‍ക്കെതിരെ കേസ്. കേസില്‍ മൂന്ന് എഫ്‌ഐആറുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അഞ്ചുവര്‍ഷമായി തുടരുന്ന സമരത്തോട് അധികൃതര്‍ മുഖം തിരിക്കുകയും പ്രദേശത്ത് ജനജീവിതം അസഹ്യമാവുകയും ചെയ്തതോടെയായിരുന്നു ഇന്നലെ പ്രതിഷേധം അക്രമാസക്തമായത്. ജനക്കൂട്ടം പ്ലാന്റിന് തീയിട്ടതിനെ തുടര്‍ന്ന് വാഹനങ്ങള്‍ കത്തിനശിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനു വന്ന അഗ്നിശമനസേനയുടെ വാഹനങ്ങളും സമരക്കാര്‍ തടയുകയുണ്ടായി.
അതേസമയം സമരക്കാര്‍ക്കു നേരെ പോലീസ് കണ്ണീര്‍വാതകം അടക്കം പ്രയോഗിച്ചപ്പോള്‍ കുട്ടികളടക്കമുള്ളവര്‍ക്ക് പരിക്കേറ്റു. കല്ലേറിലും സംഘര്‍ഷത്തിലും പോലീസ് ഉദ്യോഗസ്ഥര്‍ക്കടക്കം പരിക്കേല്‍ക്കുകയുണ്ടായി.

സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ പ്രസ്താവന:

കട്ടിപ്പാറ പഞ്ചായത്തിലെ ഇറച്ചിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രഷ്‌കട്ട് അറവ് മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ ദുര്‍ഗന്ധംകൊണ്ട് പൊറുതിമുട്ടിയ സമീപവാസികളായ ജനങ്ങള്‍ ദീര്‍ഘകാലമായി സമരത്തിലാണ്. ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ട് എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കാന്‍ നടപടികള്‍ ഉണ്ടാവണം. ഹൈക്കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്രഷ്‌കട്ട് അറവ് മാലിന്യ പ്ലാന്റിനെതിരെ ജനങ്ങള്‍ നടത്തിവരുന്ന സമരങ്ങളെല്ലാം ശക്തവും സമാധാനപരവുമായിരുന്നു.

പ്രയാസമനുഭവിക്കുന്ന നിഷ്‌കളങ്കരായ ജനങ്ങളെ മറയാക്കി ചൊവ്വാഴ്ച നടന്ന സമരത്തില്‍ മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം എസ്ഡിപിഐ അക്രമികള്‍ നുഴഞ്ഞ് കയറുകയും കലാപം അഴിച്ചുവിടുകയുമായിരുന്നു. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും സ്വത്ത് വകകള്‍ നശിപ്പിക്കുകയും പോലീസിനെ അക്രമിക്കുകയും ചെയ്തത് പരിശീലനം ലഭിച്ച ജില്ലയ്ക്ക് പുറത്തുനിന്നുപോലും എത്തിച്ചേര്‍ന്ന എസ്ഡിപിഐ ക്രിമിനലുകളാണ്. നിരപരാധികളായ ജനങ്ങളെ മുന്‍നിര്‍ത്തി കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഗൂഢശക്തികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അക്രമങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം’സിപിഎം ജില്ലാസെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ALSO READ: താമരശ്ശേരിയില്‍ അറവുമാലിന്യ മാലിന്യസംസ്‌കരണ ഫാക്ടറിക്കെതിരായ സമരം അക്രമാസക്തമായി; ഫാക്ടറിക്കു തീയിട്ടു, പോലീസുകാര്‍ക്കും സമരക്കാര്‍ക്കും പരിക്ക്