Mamdani declares victory ന്യൂയോര്‍ക്ക് നഗരത്തിലെ ആദ്യ മുസ്ലിം മേയറായി ചരിത്രമിട്ട് ഇന്ത്യന്‍ വംശജനായ സൊഹ്‌റാന്‍ മംദാനി. ഇതോടെ യുഎസിലെ ഏറ്റവും വലിയ നഗരത്തിന്റെ അധിപനായി മാറിയിരിക്കുകയാണ് ഡെമോക്രാറ്റ് സ്ഥാനാര്‍ഥി സൊഹ്റാന്‍ മംദാനി(34).
|
ഇന്ത്യന്‍ വംശജയായ പ്രമുഖ സിനിമ സംവിധായക മീര നായരുടെയും യുഗാണ്ടന്‍ എഴുത്തുകാരന്‍ മഹമൂദ് മംദാനിയുടെയും മകനാണ് സൊഹ്‌റാന്‍. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മുന്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഗവര്‍ണര്‍ ആന്‍ഡ്രു കുമോയായിരുന്നു പ്രധാന എതിരാളി.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ കര്‍ട്ടിസ് സ്ലിവ മത്സരിക്കുന്നുണ്ടെങ്കിലും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കുമോയെയാണ് പിന്തുണച്ചത്. മംദാനി വിജയിച്ചാല്‍ അത് നഗരത്തിന് വിപത്താകുമെന്നും നഗരത്തിനുള്ള ഫെഡറല്‍ സഹായം നിലച്ചേക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്.
കടുത്ത ഇസ്രായേല്‍ വിമര്‍ശകനായ മംദാനി വംശഹത്യക്ക് നേതൃത്വം നല്‍കുന്ന ബെഞ്ചമിന്‍ നെതന്യാഹു ന്യൂയോര്‍ക്ക് നഗരത്തിലെത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ALSO READ: വിമാന ടിക്കറ്റ് ബുക്കിങ് മാനദണ്ഡങ്ങളില്‍ മാറ്റം; അധിക പണം ഈടാക്കാതെ കാന്‍സലേഷന്‍
ട്രംപിന്റെ നയങ്ങളോടുള്ള വിധിയെഴുത്താകും ന്യൂയോര്‍ക്ക് ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ മേയര്‍ തിരഞ്ഞെടുപ്പ് ഫലമെന്നും യുഎസ് രാഷ്ട്രീയത്തിലെ ഗതിമാറ്റത്തിന്റെ സൂചന അറിയാനാകുമെന്നും വിലയിരുത്തലുണ്ട്. മംദാനിക്കു പുറമേ ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ ദക്ഷിണേഷ്യയില്‍ നിന്നുള്ള അന്‍പതിലേറെ സ്ഥാനാര്‍ഥികള്‍ വിവിധ നഗരങ്ങളിലെ സുപ്രധാന സ്ഥാനങ്ങളിലേക്കു മത്സരിക്കുന്നുണ്ട്. വെര്‍ജീനിയ ലഫ്. ഗവര്‍ണര്‍ സ്ഥാനത്തേക്കു മത്സരിക്കുന്ന ഗസല ഹാഷ്മി, സിന്‍സിനാറ്റി മേയര്‍ സ്ഥാനാര്‍ഥി അഫ്താബ് പുരേവല്‍, മോറിസ്‌വില്‍ മേയര്‍ സ്ഥാനാര്‍ഥി സതീഷ് ഗരിമെല്ല എന്നിവരാണ് ഇവരില്‍ പ്രമുഖര്‍.
അമേരിക്കയിലെ ഏറ്റവും ജനസാന്ദ്രതയേറിയ നഗരമായ ന്യൂയോര്‍ക്കിന്റെ മേയറെ തെരഞ്ഞെടുക്കുന്ന വോട്ടെടുപ്പില്‍ 85 ലക്ഷത്തോളം നഗരവാസികളാണ് വോട്ട് ചെയ്യുന്നത്. ബ്രൂക്‌ലിന്‍, ക്വീന്‍സ്, മാന്‍ഹാട്ടന്‍, ദി ബ്രോണ്‍ക്‌സ്, സ്റ്റേറ്റണ്‍ ഐലന്‍ഡ് എന്നീ അഞ്ചു നഗരങ്ങള്‍ ചേര്‍ന്നാണ് ന്യൂയോര്‍ക്ക് സിറ്റി.
‘റിയല്‍ ക്ലിയര്‍ പൊളിറ്റിക്‌സ്’ അഭിപ്രായ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം എതിരാളികളേക്കാള്‍ വ്യക്തമായ മുന്‍തൂക്കം സൊഹ്‌റാന്‍ മംദാനിക്കായിരുന്നു. 46.1 ശതമാനമാണ് മംദാനിക്കുള്ള പിന്തുണ. മുന്‍ ഡെമോക്രാറ്റും മുന്‍ ഗവര്‍ണറുമായ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആന്‍ഡ്ര്യൂ കുമോക്ക് 31.8 ശതാമനം വോട്ടും, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കര്‍ടിസ് സ്ലിവക്ക് 16.3 ശതമാനം വോട്ടും ലഭിക്കുമെന്ന് അഭിപ്രായ സര്‍വേ വ്യക്തമാക്കി.
ജീവിതച്ചിലവും, കുടിയേറ്റ നിയമവും, മഹാനഗരത്തിലെ ക്രമസമാധാനവും ഉള്‍പ്പെടെ സുപ്രധാന വിഷയങ്ങളെല്ലാം ചര്‍ച്ചയാവുന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ വോട്ടഭ്യര്‍ത്ഥനയുമായി അവസാന നിമിഷവും സ്ഥാനാര്‍ഥികള്‍ സജീവമായിരുന്നു.
പരിചയ സമ്പത്തിനും, സാമ്പത്തിക അവസരത്തിനും സുരക്ഷക്കും വോട്ട് രേഖപ്പെടുത്തണമെന്ന് ആന്‍ഡ്ര്യൂ കുമോ വോട്ടെടുപ്പ് ആരംഭിച്ചതിനു പിന്നാലെ ‘എക്‌സ്’ പ്ലാറ്റ്‌ഫോമിലൂടെ ആവശ്യപ്പെട്ടു.
ട്രംപിനെ തള്ളി മംദാനി; ഭീഷണി നേരിടാനുള്ള സമയം
ന്യൂയോര്‍ക്കിനുള്ള ഫെഡറല്‍ ഫണ്ടുകള്‍ തടയുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വെല്ലുവിളിക്ക് തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കാന്‍ മംദാനി ന്യൂയോര്‍ക്കിലെ ജനങ്ങളോട് ആഹ്വാനം ചെയ്തു. അമേരിക്കന്‍ പ്രസിഡന്റിന്റേത് നിയമപരമല്ലെന്നും ഭീഷണിയാണെന്നും വ്യക്തമാക്കിയ അദ്ദേഹം, ഇത്തരം ഭീഷണികള്‍ ഉയര്‍ത്തുന്നവരെ നേരിടേണ്ട സമയമാണിതെന്നും വോട്ടര്‍മാരെ ഓര്‍മിപ്പിച്ചു.
‘ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥി സൊഹ്റാന്‍ മംദാനി വിജയിച്ചാല്‍, എന്റെ പ്രിയപ്പെട്ട ആദ്യ ഭവനത്തിന് ആവശ്യമായ ഏറ്റവും കുറഞ്ഞ തുകയല്ലാതെ ഫെഡറല്‍ ഫണ്ടുകള്‍ സംഭാവന ചെയ്യുകയില്ലെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ‘ഒരു ‘കമ്യൂണിസ്റ്റിലൂടെ ഈ മഹാ നഗരത്തിന് ഒരിക്കലും വിജയ സാധ്യതയില്ല. അതിജീവനത്തിന് പോലും കഴിയില്ല. മഹാദുരന്തമായിരിക്കും ന്യൂയോര്‍ക്കിനെ കാത്തിരിക്കുന്നത് -ട്രംപ് ട്രൂത്ത് സോഷ്യലില്‍ എഴുതി.
ഒരു കമ്യൂണിസ്റ്റ് അധികാരത്തിലിരുന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയേ ഉള്ളൂ. മംദാനി വിജയിച്ചാല്‍ ന്യൂയോര്‍ക്ക് നഗരം സമ്പൂര്‍ണ്ണമായ സാമ്പത്തിക, സാമൂഹിക ദുരന്തമാകുമെന്നും ട്രംപ് പറഞ്ഞു. മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോക്കാണ് ട്രംപ് മേയര്‍ സ്ഥാനത്തേക്ക് ഔദ്യോഗികമായി പിന്തുണ നല്‍കിയത്.





