തമിഴ്നാട്ടില്‍ ആറുമാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തില്‍ ട്വിസ്റ്റ്. സ്വഭാവിക മരണമെന്ന് കരുതിയ സംഭവം ക്രൂരമായ കൊലപാതകമാണെന്ന് തെളിഞ്ഞു. കുഞ്ഞിന്റെ അമ്മയും ലെസ്ബിയന്‍ പങ്കാളിയുമാണ് പ്രതികള്‍.
|
മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിതാവ് നല്കിയ പരാതിയാണ് സത്യം പുറത്തു കൊണ്ടുവന്നത്. തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ നടന്ന സംഭവത്തില്‍ അമ്മയും ലെസ്ബിയന്‍ പങ്കാളിയും അറസ്റ്റിലായി.
മുലയൂട്ടുന്നതിനിടെ പാല് തൊണ്ടയില്‍ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്നായിരുന്നു അമ്മ പറഞ്ഞിരുന്നത്. അന്ന് അസ്വാഭാവിക മരണമായി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നില്ല. കുഞ്ഞിന്റെ മൃതദേഹം കുടുംബത്തിന്റെ കൃഷി ഭൂമിയില്‍ സംസ്കരിക്കുകയും ചെയ്തു.
എന്നാല്‍, ദിവസങ്ങള്‍ക്കുശേഷം കുഞ്ഞിന്റെ അമ്മയും മറ്റൊരു സ്ത്രീയും തമ്മിലുളള സ്വകാര്യ ചിത്രങ്ങളും ചാറ്റുകളുമുള്‍പ്പെടെ കണ്ടതോടെയാണ് പിതാവന് സംശയമുയര്‍ന്നത്. തുടര്‍ന്ന് മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപിച്ച് പിതാവ് അധികൃതരെ സമീപിക്കുകയായിരുന്നു.
കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി. കുഞ്ഞിന്റെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭര്‍ത്താവ് തന്നെ ശ്രദ്ധിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ കുഞ്ഞിനെ തനിക്ക് ആവശ്യമില്ലെന്നും യുവതി ചോദ്യംചെയ്യലിനിടെ പൊലീസിനോട് പറഞ്ഞു.





