Rahul Gandhi made to do 10 push ups as punishment പൊതുവേ ഒരു കേഡര്‍ സ്വഭാവമില്ലാതെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ പരിപാടികള്‍ വൈകി തുടങ്ങുന്നതോ നേതാക്കാള്‍ വൈകിയെത്തുന്നതോ ഒന്നും ഒരു സംഭവമല്ല. എന്നാല്‍, അതില്‍ നിന്നെല്ലാം വ്യത്യസ്ഥമായ ഒരു വാര്‍ത്തയാണ് മധ്യപ്രദേശില്‍ നിന്നു വരുന്നത്. വൈകിയെത്തിയതിന് പുഷ് അപ്പാണ് ശിക്ഷ നല്‍കിയത്. അതും സാക്ഷാല്‍ രാഹുല്‍ ഗാന്ധിക്ക്.
|
മധ്യപ്രദേശിലെ പഞ്ച്മറിയില്‍ ഡിസിസി പ്രസിഡന്റുമാര്‍ക്കുള്ള പരിശീലന ക്യാമ്പിലാണ് വൈകിയെത്തിയ രാഹുല്‍ ഗാന്ധിയെ ക്യാമ്പ് മേധാവി സച്ചിന്‍ റാവുശിക്ഷിച്ചത്. ക്യാമ്പിന് വൈകി വരുന്നവര്‍ ശിക്ഷ നേരിടേണ്ടി വരുമെന്ന് സച്ചിന്‍ റാവു നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. പരിശീലന ക്യാമ്പില്‍ സമയനിഷ്ഠ പാലിച്ച് പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ശിക്ഷ നടപ്പാക്കിയത്.
ഞായറാഴ്ച വൈകിട്ട് പരിശീലന ക്യാമ്പിലെ സെഷനില്‍ പങ്കെടുക്കാന്‍ നിശ്ചയിച്ച സമയത്തില്‍ നിന്നും ഏകദേശം 20 മിനിറ്റ് വൈകിയാണ് രാഹുല്‍ ഗാന്ധിയെത്തിയത്. രാഹുല്‍ ഗാന്ധി ശിക്ഷയെ കുറിച്ച് ചോദിച്ചപ്പോള്‍ നിയമപ്രകാരം പത്ത് പുഷ് അപ്പുകള്‍ എടുക്കണമെന്ന് സച്ചിന്‍ റാവു ആവശ്യപ്പെട്ടു. വേദിയിലെ തന്റെ ഇരിപ്പിടത്തില്‍ ഇരിക്കും മുന്‍പ് തന്നെ ക്യാമ്പ് മേധാവിയുടെ നിര്‍ദേശം പാലിച്ച് രാഹുല്‍ ഗാന്ധി ക്യാമ്പിലെത്തിയ പ്രതിനിധികള്‍ക്ക് മുന്നില്‍ പുഷ് അപ്പ് എടുത്തു. പ്രതിനിധികള്‍ നിറഞ്ഞ കരഘോഷത്തോടെയാണ് ഇതിനോട് പ്രതികരിച്ചത്.
തുടര്‍ന്ന് ഡിസിസി പ്രസിഡന്റുമാരെ അഭിസംബോധന ചെയ്ത് സംസാരിച്ച രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ ഭാവി പദ്ധതികളെ കുറിച്ചും പരിശീലന ക്യാമ്പിന്റെ ലക്ഷ്യങ്ങളെ കുറിച്ചും സംസാരിച്ചു. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ കരുത്ത് വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ പാലിക്കേണ്ട അച്ചടക്കത്തിനും ഉത്തരവാദിത്തത്തിനും ഊന്നല്‍ നല്‍കിക്കൊണ്ടുള്ളതായിരുന്നു പരിപാടി.





