23
Nov 2025
Sun
23 Nov 2025 Sun
Kerala rain

തിരുവനന്തപുരം: ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ ആറ് ജില്ലകളില്‍ തിങ്കളാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യമാണ് മഴയ്ക്ക് കാരണമാകുന്നത്. െ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ചൊവ്വാഴ്ചയും യെല്ലോ അലര്‍ട്ടുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തിന്റെ തെക്കന്‍ തീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പും നിലവിലുണ്ട്. ഇന്ന് രാത്രി 08.30 വരെ തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ) തീരങ്ങളില്‍ 0.9 മുതല്‍ 1.1 മീറ്റര്‍ വരെയും; കന്യാകുമാരി ജില്ലയിലെ (നീരോടി മുതല്‍ ആരോക്യപുരം വരെ) തീരങ്ങളില്‍ വൈകുന്നേരം 05.30 വരെ 1.3 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്ക് സമീപമാണ് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. അറബിക്കടലില്‍ തെക്കന്‍ കേരളത്തീരത്തിന് സമീപമായി ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ ഇടത്തരം മഴ പെയ്യാന്‍ സാധ്യതയുണ്ട്.