നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ എട്ടിന് വിധി പറയും. കേസിലെ പത്ത് പ്രതികളും ഡിസംബര്‍ എട്ടിന് ഹാജരാകണം. നടന്‍ ദിലീപ് കേസില്‍ എട്ടാം പ്രതിയാണ്. പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. കുറ്റകൃത്യം നടന്ന് എട്ടുവര്‍ഷത്തിനുശേഷമാണ് വിധി വരുന്നത്. താരസംഘടനയായ ‘അമ്മ’യില്‍ വലിയ ഭിന്നതകള്‍ക്ക് കാരണമായ ഈ കേസിന് പിന്നാലെയാണ് സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് പരാതി നല്‍കാന്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കപ്പെട്ടത്.
|
സിനിമയെ വെല്ലുന്ന ട്വിസ്റ്റുകള്‍ അടക്കം ഉണ്ടായ കേസ് ഇപ്പോള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. വിചാരണക്കോടതി ജഡ്ജിക്കെതിരെ അതിജീവിത പരാതി നല്‍കിയതും, കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ദിലീപ് ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതി തള്ളിയതും ഉള്‍പ്പെടെ സംഭവ ബഹുലമായിരുന്നു കേസിന്റെ നാള്‍വഴി. നിര്‍ണായക തെളിവുകള്‍ ചോര്‍ന്നെന്ന ആരോപണവും കേസിന്റെ നാടകീയത വര്‍ധിപ്പിച്ച സംഭവങ്ങളാണ്. 2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ വെച്ച് നടി ആക്രമിക്കപ്പെട്ടത്.
കേസിന്റെ നാള്‍വഴി
2017 ഫെബ്രുവരി 17- നടി ആക്രമിക്കപ്പെടുന്നു
2017 ഏപ്രില്‍ 18 – കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിക്കുന്നു
2017 ജൂലൈ പത്തിന് ദിലീപ് അറസ്റ്റിലായി
2017 ഒക്ടോബര്‍ മൂന്നുവരെ ദിലീപ് ജയിലില്‍;തുടര്‍ന്ന് ജാമ്യം
2018 മാര്‍ച്ച് 8- കേസിലെ വിചാരണ നടപടികള്‍ക്ക് തുടക്കം
വിചാരണയ്ക്ക് പ്രത്യേക കോടതി. എറണാകുളം പ്രത്യേക സിബിഐ കോടതി ജഡ്ജിയായ ഹണി.എം.വര്‍ഗീസ് വിചാരണ കോടതി ജഡ്ജി
2020 ജനുവരി 6 – പള്‍സര്‍ സുനി, നടന്‍ ദിലീപ്, മാര്‍ട്ടിന്‍ ആന്റണി, പ്രദീപ്, സനല്‍കുമാര്‍, മണികണ്ഠന്‍, വിജീഷ്, സലീം, ചാര്‍ലി തോമസ്, വിഷ്ണു എന്നീ പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തി
2020 ജനുവരി 30 – സാക്ഷിവിസ്താരം ആരംഭിച്ചു. വിചാരണ അടച്ചിട്ട കോടതി മുറിയില്‍
വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യവുമായി അതിജീവിത ; ആവശ്യം ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളി
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേസില്‍ തുടരന്വേഷണം, വിചാരണയ്ക്ക് ഇടവേള
തുടരന്വേഷണം പൂര്‍ത്തിയാക്കി അന്വേഷണസംഘം വിചാരണ കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന് ദിലീപ്, ദിലീപിന്റെ ആവശ്യം വിചാരണ കോടതി തള്ളി
കേസില്‍ ദിലീപിന്റെ സുഹൃത്ത് ശരത്തിനെയും പ്രതിചേര്‍ക്കുന്നു
2022 നവംബര്‍ – വിചാരണ പുനരാരംഭിച്ചു.
2024 ഡിസംബര്‍ 11- കേസില്‍ അന്തിമവാദം ആരംഭിച്ചു
2025 ഏപ്രില്‍ 11 – നടിയെ ആക്രമിച്ച കേസില്‍ വാദം പൂര്‍ത്തിയായി





