താന്‍ കാന്‍സറില്‍ നിന്ന് മോചിതയായത് സെല്ലുകളില്‍ നടക്കുന്ന സ്വാഭാവിക പ്രക്രിയയാ ഓട്ടോഫാജി മൂലമാണെന്ന നടി സൊനാലി ബെന്ദ്രെയുടെ പ്രസ്താവന വിവാദമാകുന്നു.
കോശങ്ങള്‍ ആന്തരിക സ്ഥിരത നിലനിര്‍ത്താന്‍ മാലിന്യങ്ങളെ നശിപ്പിക്കുകയും പുനഃചംക്രമണം ചെയ്യുകയും ചെയ്യുന്ന സ്വാഭാവിക പ്രക്രിയയായ **ഓട്ടോഫാജി**യാണ് തന്റെ കാന്‍സര്‍ ഭേദമാകാന്‍ സഹായിച്ചതെന്ന് നടി സൊനാലി ബേന്ദ്രെ പറഞ്ഞിരുന്നു. ഇതിനെതിരേ പ്രശസ്ത ഡോക്ടര്‍മാര്‍ കടുത്തി വിമര്‍ശനവുമായി രംഗത്തെത്തി.
|
ഇതിനോട് പ്രതികരിച്ച് കൊണ്ടുള്ള സൊനാലിയുടെ പ്രതികരണം ഇങ്ങിനെ. ‘ഞാന്‍ ഒരിക്കലും ഒരു ഡോക്ടറാണെന്ന് അവകാശപ്പെട്ടിട്ടില്ല, എന്നാല്‍ തീര്‍ച്ചയായും ഒരു വ്യാജവൈദ്യനുമല്ല,’
യോഷിനോരി ഓസുമിയുടെ നൊബേല്‍

ഓട്ടോഫാജിയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയതിന് 2016-ലെ നോബല്‍ സമ്മാനം നേടിയ യോഷിനോരി ഓസുമിയെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് നവംബര്‍ 21-ന് സൊനാലി ‘എക്‌സില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. 2018-ല്‍ കാന്‍സര്‍ രോഗം നിര്‍ണ്ണയിച്ച ശേഷം ഓട്ടോഫാജിയെക്കുറിച്ചുള്ള പഠനം തന്നെ സഹായിച്ചു എന്നും ഒരു പ്രകൃതിചികിത്സകനില്‍ (naturopath) നിന്നാണ് താന്‍ ഓട്ടോഫാജിയെക്കുറിച്ച് പഠിച്ചതെന്നും സൊനാലി അവകാശപ്പെട്ടു. അംഗീകൃത മെഡിക്കല്‍ പ്രൊഫഷണലുകള്‍ ഇത്തരം പ്രകൃതിചികിത്സകരെ ‘വ്യാജവൈദ്യന്മാര്‍’ (quacks) എന്നാണ് വിശേഷിപ്പിക്കാറ്.
സൊനാലിയുടെ ഈ അഭിപ്രായങ്ങള്‍ക്ക് ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്ന് ഉടന്‍ തന്നെ വിമര്‍ശനങ്ങളുണ്ടായി. ന്യൂയോര്‍ക്കിലെ മെമ്മോറിയല്‍ സ്ലോണ്‍ കെറ്ററിംഗ് കാന്‍സര്‍ സെന്ററിലെ കീമോതെറാപ്പി പോലുള്ള തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള ചികിത്സയിലൂടെയാണ് സൊനാലി കാന്‍സറിനെ അതിജീവിച്ചതെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി.
പ്രകൃതിചികിത്സയിലൂടെ കാന്‍സര്‍ ചികിത്സിച്ചതിനല്ല, മറിച്ച് ഓട്ടോഫാജിയെക്കുറിച്ചുള്ള ഗവേഷണത്തിനാണ് യോഷിനോരി ഓസുമിക്ക് നോബല്‍ സമ്മാനം ലഭിച്ചതെന്നും ഡോക്ടര്‍മാര്‍ എടുത്തുപറഞ്ഞു. തെളിയിക്കപ്പെടാത്ത രീതികളെ നിരുത്തരവാദപരമായി പ്രചരിപ്പിക്കുന്നു എന്ന് പലരും സൊനാലിയെ കുറ്റപ്പെടുത്തി. ഇതേ തുടര്‍ന്ന് ആധുനിക വൈദ്യശാസ്ത്രത്തിലൂടെയാണ് അവര്‍ ചികിത്സ നേടിയതെന്ന് എടുത്തു കാണിക്കുന്ന ഒരു കമ്മ്യൂണിറ്റി നോട്ട് എക്‌സ് പോസ്റ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
വിവാദങ്ങളോട് പ്രതികരിച്ചുകൊണ്ട് സൊനാലി പറഞ്ഞു: ‘ഞാന്‍ ഒരു കാന്‍സര്‍ അതിജീവിതയാണ്, രോഗം കൊണ്ടുവരുന്ന ഭയം, വേദന, അനിശ്ചിതത്വം, പുനര്‍നിര്‍മ്മാണം എന്നിവയിലൂടെയെല്ലാം കടന്നുപോയ ഒരാള്‍.’
താന്‍ പങ്കുവെക്കുന്നതെല്ലാം തന്റെ വ്യക്തിപരമായ അനുഭവങ്ങളില്‍ നിന്നുള്ളതാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു: ‘ഞാന്‍ ആവര്‍ത്തിച്ച് പറഞ്ഞതുപോലെ, രണ്ട് പേരുടെ കാന്‍സറുകള്‍ ഒരുപോലെയാകില്ല, ചികിത്സാ രീതിയും ഒന്നായിരിക്കില്ല. ഗവേഷണത്തിലൂടെയും മെഡിക്കല്‍ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലൂടെയും ഞാന്‍ വ്യക്തിപരമായി പരീക്ഷിച്ച പല പ്രോട്ടോക്കോളുകളില്‍ ഒന്നാണ് ഓട്ടോഫാജി. അന്ന് അത് എനിക്ക് മാറ്റമുണ്ടാക്കി, ഇന്നും അത് തുടരുന്നു’.
‘തുറന്നതും, പരസ്പരം ബഹുമാനത്തോടെയുള്ളതുമായ സംഭാഷണമാണ് ഏറ്റവും പ്രധാനം. നമുക്കെല്ലാവര്‍ക്കും ഒരേ അഭിപ്രായം ഉണ്ടാകണമെന്നില്ല, പക്ഷേ വ്യത്യസ്ത സമീപനങ്ങളെ പിന്തുണയ്ക്കുന്നതിന്റെ പേരില്‍ പരസ്പരം തള്ളിക്കളയരുത്. ഓരോ വ്യക്തിയും തങ്ങള്‍ക്ക് ശരിയായതും, സുരക്ഷിതമെന്ന് തോന്നുന്നതും, കരുത്തേകുന്നതുമായ കാര്യങ്ങള്‍ തിരഞ്ഞെടുക്കണം.’
‘ഞാന്‍ എപ്പോഴും എന്റെ യാത്ര സത്യസന്ധതയോടും വിനയത്തോടും കൂടി പങ്കുവെക്കും, അതൊരിക്കലും ഒരു നിര്‍ദ്ദേശമായിട്ടായിരിക്കില്ല, മറിച്ച് ജീവിച്ച അനുഭവമായിട്ടായിരിക്കും.’- സൊനാലി കൂട്ടിച്ചേര്‍ത്തു.
സെലിബ്രിറ്റികള്‍ ഉത്തരവാദിത്തത്തോടെ പെരുമാറണം

സൊനാലി തന്റെ അതിജീവന യാത്ര പങ്കുവെച്ചതിലെ സത്യസന്ധതയെ ഡോക്ടര്‍മാര്‍ അഭിനന്ദിച്ചെങ്കിലും, നല്‍കുന്ന സന്ദേശത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു.
‘നിങ്ങള്‍ വ്യക്തിപരമായ അനുഭവങ്ങളെക്കുറിച്ച് ഊന്നിപ്പറയുന്നു, എന്നാല്‍ ആളുകള്‍ ഉന്നയിച്ച പ്രധാന പ്രശ്‌നം ഇപ്പോഴും അംഗീകരിക്കുന്നില്ല. നിങ്ങളുടെ അതിജീവനം കീമോതെറാപ്പിയിലൂടെയും ശസ്ത്രക്രിയയിലൂടെയുമാണ് സാധ്യമായത്. ഓട്ടോഫാജി, ഡയറ്റ്, ദിനചര്യകള്‍ എന്നിവ പോലുള്ള മറ്റെല്ലാ കാര്യങ്ങളും നിങ്ങള്‍ ഇപ്പോള്‍ വ്യക്തമാക്കിയതുപോലെ കര്‍ശനമായ വൈദ്യസഹായത്തോടെ ചെയ്ത സപ്ലിമെന്ററി കാര്യങ്ങളായിരുന്നു,’ ഡോ. ദീപ്ശിക ഘോഷ് എഴുതി.
അതിജീവന അനുഭവം പങ്കുവെക്കുന്നത് പ്രധാനമാണെങ്കിലും, ജനങ്ങളില്‍ വലിയ സ്വാധീനമുള്ള ഒരു സെലിബ്രിറ്റി യഥാര്‍ത്ഥ മെഡിക്കല്‍ ചികിത്സയെക്കുറിച്ച് വ്യക്തമായി പറയാതിരിക്കുന്നത് ശരിയല്ല. ഇത് ജീവിതശൈലി മാറ്റങ്ങളിലൂടെ മാത്രം കാന്‍സര്‍ ചികിത്സിക്കാമെന്ന് സാധാരണക്കാര്‍ തെറ്റിദ്ധരിക്കാന്‍ ഇടയാക്കുമെന്നും ദീപ്ശിക കൂട്ടിച്ചേര്‍ത്തു.
സൊനാലി വ്യാജവൈദ്യനല്ല, പക്ഷേ അവര്‍ ഉപദേശം തേടുന്ന പ്രകൃതിചികിത്സകന്‍ അങ്ങനെയുള്ള ആളാണെന്ന് സോഷ്യല്‍ മീഡിയയില്‍ ലിവര്‍ ഡോക് എന്നറിയപ്പെടുന്ന ഡോ. സിറിയക് ആബി ഫിലിപ്‌സ് അഭിപ്രായപ്പെട്ടു.
മറ്റനേകം ആളുകളെപ്പോലെ സൊനാലിയും പ്രകൃതിചികിത്സ പോലുള്ള വലിയ അവകാശവാദങ്ങള്‍ ഉന്നയിക്കുകയും എന്നാല്‍ ഒരു ശത്മാനം പോലും തെളിവില്ലാത്തതുമായ കപടശാസ്ത്രപരമായ രീതികളുടെ ഇരയാണെന്നും സിറിയക് കൂട്ടിച്ചേര്‍ത്തു.
പ്രാര്‍ത്ഥനകളും കവിതകളും പഠിപ്പിക്കുന്നതിന് പകരം സ്‌കൂളുകളില്‍ വിമര്‍ശനാത്മക ചിന്താശേഷി (critical thinking skills) പഠിപ്പിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇത് പ്രകൃതിചികിത്സകരില്‍ നിന്നും മറ്റ് തട്ടിപ്പുകാരില്‍ നിന്നും നമ്മുടെ ഭാവി തലമുറയെ എങ്കിലും രക്ഷിക്കുമെന്നും സിറിയക് പറഞ്ഞു.





