കോട്ടയം: ക്രൈസ്തവ വിഭാഗങ്ങളെ പ്രകോപിപ്പിച്ച് വോട്ട് തട്ടാനുള്ള ലക്ഷ്യവുമായി ബിജെപി നോട്ടീസ്. ഇടത് വലത് മുന്നണികള്‍ മുസ്ലിം പ്രീണനം നടത്തുന്നു എന്നും ക്രൈസ്തവര്‍ക്കെതിരേ ഒരുമിച്ച് നില്‍ക്കുന്നുവെന്നുമാണ് നോട്ടീസിലെ ഉള്ളടക്കം. എന്നാല്‍ നോട്ടീസ് ഇറക്കിയത് ആരാണെന്നതില്‍ വ്യക്തതയില്ല.
|
എന്തുകൊണ്ട് ബിജെപി എന്ന തലക്കെട്ടിലാണ് ബഹുവര്‍ണ്ണ നോട്ടീസ് പുറത്തിറങ്ങിയിരിക്കുന്നത്. കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തെ ഹൈജാക്ക് ചെയ്തിരിക്കുന്ന മത തീവ്രവാദ-പ്രീണന അജണ്ടകള്‍ ക്രൈസ്തവ സമൂഹത്തെ ലക്ഷ്യം വെയ്ക്കുമ്പോള്‍ എന്ന സബ് ടൈറ്റിലും നോട്ടീസിലുണ്ട്. ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ക്കൊപ്പം ബിജെപി നേതാക്കളും പ്രധാനമന്ത്രിയും നില്‍ക്കുന്ന ചിത്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അച്ചടിച്ചത് ആരെന്നോ, എത്ര കോപ്പി അച്ചടിച്ചെന്നോ നോട്ടീസില്‍ രേഖപ്പെടുത്തിയിട്ടില്ല. ഇതിനിടെ നോട്ടീസിനെതിരെ പരാതി നല്‍കാനുള്ള തീരുമാനത്തിലാണ് എല്‍ഡിഎഫ്.
പള്ളുരുത്തി സ്‌കൂളിലെ ഹിജാബ് വിവാദം, വഖഫ്, കോതമംഗലത്തെ പെണ്‍കുട്ടിയുടെ ആത്മഹത്യ തുടങ്ങിയ വിഷയങ്ങള്‍ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ഭാഗമാണെന്ന് ആരോപിക്കുന്നു. കൃസ്ത്യന്‍ ന്യൂനപക്ഷ സ്ഥാപനത്തിന്റെ ഭരണഘടനാപരമായ അവകാശം തീവ്രവര്‍ഗീയ ശക്തികള്‍ക്ക് വേണ്ടി അട്ടിമറിക്കാന്‍ ഭരണപ്രതിപക്ഷങ്ങള്‍ ഒന്നിച്ചുവെന്നാണ് പള്ളുരുത്തി സ്‌കൂളിലെ വിഷയം ഉയര്‍ത്തിക്കാണിച്ച് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. കോണ്‍ഗ്രസ്-സിപിഎം സൈബര്‍ പോരാളികള്‍ എസ്ഡിപിഐ-ജമാഅത്തെ ഇസ്ലാമി വാദമുഖങ്ങള്‍ ഏറ്റെടുത്ത് പ്രചാരണം കൊടുത്തുവെന്നും നോട്ടീസ് ആരോപിക്കുന്നു. ഇടത് വലത് രാഷ്ട്രീയക്കാര്‍ ഛത്തീസ്ഗഢിലെ കന്യാസ്ത്രീമാര്‍ക്ക് വേണ്ടി കണ്ണീരൊഴുക്കിയത് വെറും കാപട്യമാണെന്ന് അവരുടെ പള്ളുരുത്തി സ്‌കൂളിലെ ഹിജാബ് വിവാദം സംബന്ധിച്ച നിലപാട് വ്യക്തമാക്കുന്നുവെന്ന് നോട്ടീസില്‍ പറയുന്നുണ്ട്.
കേരളത്തില്‍ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ അധിനിവേശം ഇന്ന് ക്രമാനുഗതമായി ഏറെ ശക്തിപ്പെട്ട നിലയിലാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നടന്ന എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും ഇരു മുന്നണികളും കേരളം എന്നും അകറ്റി നിര്‍ത്തിയിരുന്ന വര്‍ഗീയ സംഘടനകളുടെ സഹായം പരസ്യമായി സ്വീകരിച്ചുവെന്നും നോട്ടീസില്‍ പരാമര്‍ശമുണ്ട്.
കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ അജണ്ടകള്‍ക്കൊപ്പിച്ച് ഷേപ്പ് ചെയ്തിരിക്കുന്നവരെ മാത്രമേ യുവനിരയില്‍ വളരാന്‍ അനുവദിക്കുകയുള്ളു എന്നും നോട്ടീസില്‍ പരാമര്‍ശമുണ്ട്. പൊളിറ്റിക്കല്‍ ഇസ്ലാമിനെ ചെറുത്തു തോല്‍പ്പിക്കാന്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്നാണ് ആഹ്വാനം.


