22
Dec 2025
Sat
22 Dec 2025 Sat
sir thrissur fake vote

തിരുവനന്തപുരം: എസ്‌ഐആറില്‍ 5,66,182 വോട്ടര്‍മാരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 6,11,559 വോട്ടര്‍മാര്‍ മരണപ്പെട്ടു. ഒന്നില്‍ കൂടുതല്‍ തവണ പട്ടികയില്‍ ഉള്‍പ്പെട്ടത് 1,12,569 വോട്ടര്‍മാരാണെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍.രത്തന്‍ യു ഖേല്‍ക്കര്‍. എസ്‌ഐആര്‍ ചര്‍ച്ചചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ച രാഷ്ട്രീയപാര്‍ട്ടികളുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എസ്‌ഐആറില്‍ ആശങ്ക കുറയുന്നില്ലെന്ന് സിപിഎം പ്രതിനിധി എം. വിജയകുമാര്‍ പറഞ്ഞു. സുപ്രീംകോടതിയില്‍ കേരളം നിയമ പോരാട്ടം നടത്തി. അതിന്റെ ഭാഗിക വിജയമാണ് സമയം നീട്ടി നല്‍കിയത്. കോടതി തെരഞ്ഞെടുപ്പ് കമ്മീഷനെ തിരുത്തുന്നത് ദൗര്‍ഭാഗ്യകരമാണെന്നും സമയം ഇനിയും നീട്ടണമെന്നും സിപിഎം യോഗത്തില്‍ ആവശ്യപ്പെട്ടു.

35 ലക്ഷംപേര്‍ പട്ടികയില്‍ നിന്ന് പുറത്താകുമെന്നാണ് തങ്ങളുടെ പരിശോധനയില്‍ മനസ്സിലായതെന്ന് കോണ്‍ഗ്രസ് പ്രതിനിധി എം.കെ റഹ്‌മാന്‍ പറഞ്ഞു. നീട്ടിയ സമയം പര്യാപ്തമല്ല. സിഇഒ അവതരിപ്പിച്ച കണക്ക് ശരിയല്ല. അടിയന്തരമായി സിഎല്‍ഒ- സിഎല്‍എമാരുടെ യോഗം വിളിക്കണമെന്നും കോണ്‍ഗ്രസ്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയപാര്‍ട്ടികളെ കേട്ടില്ലെന്ന് സിപിഐ പറഞ്ഞു. അതുകൊണ്ടാണ് സര്‍ക്കാരിനും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സുപ്രീം കോടതിയെ സമീപിക്കേണ്ടിവന്നത്. അടിസ്ഥാന അവകാശങ്ങള്‍ക്ക് വേണ്ടി സുപ്രീംകോടതിയെ സമീപിക്കേണ്ട അവസ്ഥ. പുതിയ ഷെഡ്യൂളും പര്യാപ്തമല്ലെന്നും സത്യന്‍ മൊകേരി പറഞ്ഞു.

എന്യുമറേഷന്‍ ഫോം വിതരണം മാത്രമല്ല എസ്‌ഐആറെന്നും അതിനുശേഷമുള്ള നടപടികള്‍ക്കാണ് കൂടുതല്‍ സമയം വേണ്ടതെന്നും മുസ്ലിം ലീഗ് പ്രതിനിധി മുഹമ്മദ് ഷാ പറഞ്ഞു. വിദേശത്ത് ജനിച്ചവര്‍ക്ക് പൗരത്വം നേടാനുള്ള ഫോം സംവിധാനം കമ്മീഷന്‍ വെബ്‌സൈറ്റിലില്ലെന്നും മുഹമ്മദ് ഷാ ചൂണ്ടിക്കാട്ടി.