22
Dec 2025
Tue
22 Dec 2025 Tue
Adoor Prakash changes his stand after met KPCC president

നടി ആക്രമിക്കപ്പെട്ട കേസിലെ നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയെ അനുകൂലിച്ചും ഇതിനെതിരേ അപ്പീല്‍ പോവാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിക്കുകയും ചെയ്ത പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. കെപിസിസി പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അടൂര്‍ പ്രകാശിന്റെ നിലപാട് മാറ്റം. അടൂര്‍ പ്രകാശിന്റെ പ്രസ്താവനയ്‌ക്കെതിരേ മുഖ്യമന്ത്രി അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

താന്‍ എന്നും അതിജീവിതയ്‌ക്കൊപ്പമെന്ന് പറഞ്ഞ അടൂര്‍ പ്രകാശ് മാധ്യമങ്ങള്‍ നല്‍കിയത് ഒരു വശം മാത്രമാണെന്നും കുറ്റപ്പെടുത്തി. തന്റെ പ്രസ്താവനയെ വളച്ചൊടിക്കുകയായിരുന്നു. വിധി വരുമ്പോള്‍ കോടതിയെ തള്ളിപ്പറയുക തനിക്ക് ബുദ്ധിമുട്ടാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. പ്രോസിക്യൂഷന് തെറ്റ് പറ്റിയെങ്കില്‍ സര്‍ക്കാര്‍ തിരുത്തുകയാണ് വേണ്ടത്. അതിജീവിതയ്ക്ക് നീതി കിട്ടണം എന്നാണ് തന്റെയും അഭിപ്രായം. കെപിസിസിയും അത് പറഞ്ഞിട്ടുണ്ട്. അപ്പീല്‍ പോകുന്നതിനെ കുറിച്ച് സര്‍ക്കാര്‍ തീരുമാനിക്കണം. അപ്പീല്‍ പോകുന്നത് ദിലീപിനെ ബുദ്ധിമുട്ടിക്കാന്‍ ആണെന്ന് പറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ അടൂര്‍ പ്രകാശ് അത് മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണെന്നും കുറ്റപ്പെടുത്തി.

നടി എന്ന നിലയില്‍ ആ കുട്ടിയോടൊപ്പമാണ് ഞങ്ങള്‍. എന്നാല്‍ നീതി എല്ലാവര്‍ക്കും വേണം. ദിലീപിന് നീതി ലഭ്യമായി. കലാകാരന്‍ എന്നതിനേക്കാള്‍ അപ്പുറം നേരിട്ട് ബന്ധമുണ്ടായിരുന്ന ആളാണ്. ദിലീപിന് കോടതി തന്നെയാണ് നീതി നല്‍കിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ ഉണ്ടാക്കിയെടുത്ത കേസാണെന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട്. വേറെ ഒരു പണിയും ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ അപ്പീലിന് പോകും. ആരെയൊക്കെ ഉപദ്രവിക്കാം എന്നാണ് ചിന്തിക്കുന്ന സര്‍ക്കാറാണ്. എന്ത് കേസും കെട്ടിച്ചമച്ചുണ്ടാക്കാന്‍ തയറായി നില്‍ക്കുന്ന സര്‍ക്കാറാണ് ഇവിടെ ഉള്ളതെന്നായിരുന്നു ഇന്നു രാവിലെ അടൂര്‍ പ്രകാശ് മാധ്യമങ്ങളോടു പ്രതികരിച്ചത്.

ALSO READ: ദീലീപിന് പിന്തുണയുമായി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്; ഒരു പണിയുമില്ലാത്തത് കൊണ്ട് സര്‍ക്കാര്‍ അപ്പീല്‍ പോകും