23
Dec 2025
Mon
23 Dec 2025 Mon
V Sivankutty to contest nemom assembly elections

രാജീവ് ചന്ദ്രശേഖരനെ ഇറക്കി നേമം പിടിക്കാനുള്ള നീക്കത്തിന് തുടക്കത്തിലേ തടയിടാനൊരുങ്ങി സിപിഎം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് മന്ത്രി വി ശിവന്‍കുട്ടിയെ തന്നെ വീണ്ടും കളത്തിലിറക്കാനാണ് സിപിഎം തീരുമാനം. ബിജെപിയെ പ്രതിരോധിക്കാന്‍ ശിവന്‍കുട്ടി തന്നെ മത്സരരംഗത്തിറങ്ങണമെന്നാണ് വിലയിരുത്തല്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശിവന്‍കുട്ടിക്ക് മത്സരിക്കാന്‍ തടസങ്ങളില്ലെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് പറഞ്ഞു. തുടര്‍ച്ചയായി രണ്ട് ടേം പൂര്‍ത്തിയായാല്‍ മാത്രമേ മത്സര രംഗത്ത് നിന്നും മാറേണ്ടതുള്ളൂ. നേമത്ത് ശിവന്‍കുട്ടിക്ക് നല്ല സ്വാധീനമുണ്ടെന്നും വി ജോയ് വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേമത്ത് മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ബിജെപിക്ക് തുറക്കാന്‍ കഴിയാത്ത വിധം നേമത്തെ സീറ്റ് പൂട്ടിയെന്ന് നേരത്തെ ശിവന്‍കുട്ടി പ്രതികരിച്ചിരുന്നു. നേമം മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ സ്വയം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ശിവന്‍കുട്ടിയുടെ പരാമര്‍ശം.

ALSO READ: ആസ്‌ത്രേലിയയില്‍ ജൂത ആഘോഷത്തിനിടെ ആക്രമണം; മരണം 15 ആയി; നിരവധി പേര്‍ ആശുപത്രിയില്‍

കേരളത്തില്‍ ബിജെപി ഇതുവരെ വിജയിച്ച ഏക നിയമസഭാ സീറ്റാണ് നേമം മണ്ഡലം. 2016ല്‍ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഒ രാജഗോപാലാണ് നേമത്ത് നിന്ന് വിജയിച്ചത്. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന്‍ ശിവന്‍കുട്ടിയോട് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് കേരള നിയമസഭയിലെ ബിജെപിയുടെ അക്കൗണ്ട് പൂട്ടിയത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ ഒറ്റക്കെട്ടായി കുടെനിന്നതാണ് ശിവന്‍കുട്ടിയുടെ വിജയത്തിലേക്ക് നയിച്ചത്.

സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷമുള്ള ആദ്യ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് നടക്കും. പാര്‍ട്ടി നേരിട്ട തിരിച്ചടി വിലയിരുത്തലാണ് യോഗത്തിലെ പ്രധാന അജണ്ട. തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയെ ഏത് രീതിയില്‍ നേരിട്ട് മുന്നോട്ട് പോകണമെന്ന കാര്യവും ചര്‍ച്ചയാകും. നാളെ എല്‍ഡിഎഫ് യോഗവും ചേരുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ ഏത് രീതിയില്‍ മുന്നണി മുന്നോട്ട് പോകണമെന്നതായിരിക്കും എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ചയാവുക.

2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ കര്‍ട്ടന്‍ റെയ്സറായി കണക്കാക്കുന്ന തെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തിന് തിരിച്ചടിയായിരുന്നു. സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റിയിലും കോര്‍പ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളില്‍ 505 ഇടത്താണ് യുഡിഎഫ് മുന്നേറ്റം.

എല്‍ഡിഎഫ് വിജയം 341 ഗ്രാമപഞ്ചായത്തുകളിലൊതുങ്ങി. 26 ഗ്രാമ പഞ്ചായത്തുകളില്‍ ബിജെപിയും ശക്തി തെളിയിച്ചു. ആകെയുള്ള 86 മുന്‍സിപ്പാലിറ്റികളില്‍ 54ഇടത്ത് യുഡിഎഫും 28ഇടത്ത് എല്‍ഡിഎഫുമാണ് നേട്ടമുണ്ടാക്കിയത്. രണ്ട് മുന്‍സിപ്പാലിറ്റികളില്‍ ബിജെപി നേട്ടമുണ്ടാക്കി.

ആകെയുള്ള ആറ് കോര്‍പ്പറേഷനുകളില്‍ നാലിടത്ത് യുഡിഎഫും ഒരിടത്ത് എല്‍ഡിഎഫും ഒരിടത്ത് എന്‍ഡിഎയുമാണ് നേട്ടമുണ്ടാക്കിയത്. ബോക്ക് പഞ്ചായത്തിലും യുഡിഎഫ് തന്നെയാണ് നേട്ടമുണ്ടാക്കിയത്. ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ യുഡിഎഫ് 78, എല്‍ഡിഎഫ് 64 എന്നിങ്ങനെയാണ് മുന്നേറ്റം ഉണ്ടാക്കിയിരിക്കുന്നത്. ജില്ലാ പഞ്ചായത്തുകളില്‍ ഏഴ് വീതം നേടി ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്.