12
Dec 2025
Wed
12 Dec 2025 Wed
court orders Major Ravi should give 30 lakh rupees for original screen play writer

മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങിയ കര്‍മ്മയോദ്ധ സിനിമയുടെ തിരക്കഥ മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയ കോടതി എഴുത്തുകാരന് 30 ലക്ഷം രൂപ നല്‍കണമെന്ന് വിധിച്ചു. കോട്ടയം കൊമേഷ്യല്‍ കോടതിയാണ് പുതുപ്പള്ളി സ്വദേശിയും തിരക്കഥാകൃത്തുമായ റെജി മാത്യുവിന് നഷ്ടപരിഹാരമായി 30 ലക്ഷം രൂപ നല്‍കാന്‍ മേജര്‍ രവിക്ക് നിര്‍ദേശം നല്‍കിയത്. സിനിമയുടെ പകര്‍പ്പകാശവും റെജി മാത്യുവിന് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. 13വര്‍ഷം നീണ്ട കോടതി നടപടികള്‍ക്ക് ശേഷമാണ് വിധി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തന്റെ കഥയും തിരക്കഥയും സംഭാഷണവും അനുമതിയില്ലാതെ ഉപയോഗിച്ച് നിര്‍മിച്ചതാണെന്നും നഷ്ടപരിഹാരമായി 40 ലക്ഷം രൂപയും കോടതിച്ചെലവും നല്‍കണമെന്നുമാവശ്യപ്പെട്ടാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. മേജര്‍ രവി ആവശ്യപ്പെട്ട പ്രകാരമാണ് താന്‍ കര്‍മയോദ്ധയുടെ കഥയും തിരക്കഥയും എഴുതി നല്‍കിയതെന്നും റെജി മാത്യു വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

അതേസമയം താന്‍ ഓരോ സീനുകള്‍ ഷൂട്ട് ചെയ്യുമ്പോഴും തിരക്കഥ എഴുതിയ കടലാസ് എറിഞ്ഞുകളയുമെന്നും ഇത് ശേഖരിച്ചാണ് പരാതിക്കാരന്‍ കോടതിയിലെത്തിയിരിക്കുന്നതെന്നുമായിരുന്നു മേജര്‍ രവിയുടെ വാദം. എന്നാല്‍ ഈ വാദം വിശ്വാസയോഗ്യമല്ലെന്നു കോടതി വ്യക്തമാക്കി.

തന്റെ തിരക്കഥയില്‍ മേജര്‍ രവിയുടെ കൈപ്പടയിലുള്ള തിരുത്തലുകളും തനിക്ക് മേജര്‍ രവി 10000 രൂപ ചെക്കായി നല്‍കിയ രേഖയും പരാതിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. തന്റെ തിരക്കഥയുടെ ക്രെഡിറ്റ് മറ്റൊരാള്‍ക്ക് നല്‍കി സിനിമ റിലീസ് ചെയ്യാന്‍ പോകുന്നുവെന്നറിഞ്ഞ് 2012ല്‍ തന്നെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് റെജി മാത്യു കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അഞ്ച് ലക്ഷം രൂപ കെട്ടിവച്ചും കഥ, തിരക്കഥ, സംഭാഷണം എന്നിവ സംബന്ധിച്ച് തര്‍ക്കമുണ്ടെന്ന് രേഖപ്പെടുത്തി ചിത്രം റിലീസ് ചെയ്യാന്‍ കോടതി അനുവദിക്കുകയായിരുന്നു. അഞ്ചുലക്ഷം രൂപ കോടതിയില്‍ കെട്ടിവച്ചെങ്കിലും തിരക്കഥാകൃത്തിന്റെ സ്ഥാനത്ത് ഷാജി, സുമേഷ് എന്നിവരുടെ പേര് ചേര്‍ത്തായിരുന്നു സിനിമ റിലീസ് ചെയ്തത്.

ഇതിനെ മുന്‍നിര്‍ത്തി കോടതി ഉത്തരവ് ലംഘിച്ചെന്ന് കാണിച്ച് 40 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് റെജി മാത്യു കോടതിയെ സമീപിച്ചത്. തിരക്കഥയും സംഭാഷണവും തന്റേതാണെന്ന് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കേസില്‍ മേജര്‍ രവിയായിരുന്നു ഒന്നാം പ്രതി. നിര്‍മാതാവ് ഹനീഫ് മുഹമ്മദ്, ഷാജി എസ് വി, സുമേഷ് റോബിന്‍ എന്നിവരും പ്രതികളായിരുന്നു.

ALSO READ: മക്കളുടെ ട്യൂഷന്‍ അധ്യാപകനൊപ്പം അമ്മ ഒളിച്ചോടി; ഇരുവരുടെയും ഫോട്ടോകളുമായി ഭര്‍ത്താവ് രംഗത്ത്