എസ്‌ഐആറില്‍ കണ്ടെത്താന്‍ കഴിയാതിരുന്ന പാലക്കാട്ടെ അജ്ഞാത വോട്ടര്‍മാരില്‍ പലരും നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയതായി രേഖകള്‍. ഇവരില്‍ ഭൂരിഭാഗവും ബിജെപി ശക്തികേന്ദ്രങ്ങളില്‍ നിന്നുള്ളവരാണ്. കഴിഞ്ഞ നവംബറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇവര്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. എസ്‌ഐആര്‍ കണക്കെടുപ്പില്‍ ഇവരെ അജ്ഞാതരെന്ന ഗണത്തില്‍പ്പെടുത്തി പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത് രാഹുല്‍ ഗാന്ധി ഉയര്‍ത്തി വോട്ട് ചോരി ആരോപണത്തിന് പുതിയ തെളിവായി മാറി.
|
ബൂത്ത് 36 ശ്രീരാമപാളയത്തെ ബൂത്തിലെ ക്രമനമ്പര്‍ 27, 79, 87 തുടങ്ങിയ വോട്ടര്‍മാരെ എസ്‌ഐആറില്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടിമാറ്റി. എന്നാല്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഇവര്‍ വോട്ട് ചെയ്തിട്ടുണ്ട്. കര്‍ണകി സീനിയര്‍ ബേസിക് സ്‌കൂളിലെ ബൂത്ത് നമ്പര്‍ 55ലെ ക്രമനമ്പര്‍ 6, 7, 165,180 തുടങ്ങിയവര്‍ എസ്‌ഐആറില്‍ അജ്ഞാതരാണ്. ഇവരും ഉപതെരഞ്ഞെടുപ്പില്‍ ബൂത്തിലെത്തി വോട്ടു ചെയ്തു.
ബിജെപി ശക്തികേന്ദ്രങ്ങളില്‍ ഇത്തരം വോട്ടര്‍മാരിലൂടെ വോട്ടുകൊള്ള നടക്കുന്നുവെന്ന ആരോപണമാണ് ഇതോടെ ശക്തിപ്പെടുന്നത്. മണ്ഡലത്തിന് പുറത്തുള്ളവര്‍ കൂട്ടത്തോടെ വോട്ട് ചേര്‍ത്ത് തൃശൂരില്‍ സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് ചെയ്തതായി നേരത്തേ ആരോപണമുയര്‍ന്നിരുന്നു. സമാനമായ തിരിമറി പാലക്കാടും നടന്നതായാണ് സംശയിക്കുന്നത്.
ബിഎല്‍ഒമാര്‍ എന്യൂമറേഷന്‍ ഫോം കൃത്യമായി ആളുകളില്‍ എത്തിക്കാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചത് എന്നാണ് ബിജെപി അവകാശവാദം. എന്നാല്‍ ഇക്കാര്യം പരസ്യമായി വിശദീകരിക്കാന്‍ അവര്‍ തയാറല്ല.
ബിജെപിയുടെ പാര്‍ട്ടി ഗ്രാമങ്ങളിലെ വോട്ടര്‍മാരെ കണ്ടെത്താന്‍ കഴിയാത്തത് എന്തുകൊണ്ടെന്ന് യുക്തിസഹമായി വിശദീകരിക്കാനും അവര്‍ക്ക് കഴിയുന്നില്ല. പുറത്തുവന്ന കണക്കുകള്‍ പ്രകാരം പാലക്കാട്ടെ ബിജെപി ശക്തി കേന്ദ്രങ്ങളിലെ വാര്‍ഡുകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരില്‍ 50 ശതമാനത്തിലധികം അജ്ഞാത വോട്ടര്‍മാരാണ്.


