23
Dec 2025
Fri
23 Dec 2025 Fri
sir kerala hearing

SIR voter list hearing in kerala എസ്‌ഐആര്‍ പട്ടികയില്‍ ഉള്‍പ്പെട്ടതിന്റെ ആശ്വാസത്തിലാണ് കേരളത്തിലെ ഭൂരിഭാഗം വോട്ടര്‍മാരും. എന്നാല്‍, പട്ടികയില്‍ ഉള്‍പ്പെട്ട 20 ലക്ഷത്തോളം പേരുടെ കാര്യം ഇനിയും ഉറപ്പിക്കാനായിട്ടില്ലെന്നാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. കേല്‍ക്കറുടെ പ്രസ്താവനയില്‍ നിന്ന് വ്യക്തമാകുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2002-ലെ പട്ടികയുമായി ഒത്തുചേരാത്ത 19.32 ലക്ഷം വോട്ടര്‍മാരാണ് എസ്‌ഐആര്‍ പട്ടികയിലുള്ളത്. എന്യുമറേഷന്‍ ഫോമില്‍ നല്‍കിയ വിവരം പൂര്‍ണമല്ലങ്കിലോ തെറ്റാണെങ്കിലോ 2002-ലെ വോട്ടര്‍ പട്ടികയുമായി ചേരുന്നില്ലെങ്കിലോ ഹിയറിങ് ഉണ്ടാകും. ഈ ഹിയറിങ് കൂടി വിജയകരമായി പൂര്‍ത്തിയാക്കിയാലേ ഇവരുടെ കാര്യം ഉറപ്പിക്കാനാവൂ.

എന്നാല്‍, ഇവരില്‍ എല്ലാവര്‍ക്കും ഹിയറിങ് വേണ്ടിവരില്ലെന്നാണ് കമ്മിഷന്‍ പറയുന്നത്. തിരിച്ചറിയല്‍ രേഖയുള്ളവര്‍ക്ക് ഹിയറിങ്ങിനെത്തിയാല്‍ത്തന്നെ പ്രശ്‌നങ്ങളുണ്ടാകില്ല. കൃത്യമായ രേഖ ഹാജരാക്കുന്നവര്‍ വോട്ടര്‍ പട്ടികയില്‍നിന്ന് പുറത്താകുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദേശം.

എസ്ഐആറിന്റെ ഭാഗമായി, ഹിയറിങ്ങിനുശേഷം പട്ടികയില്‍നിന്ന് ഒഴിവാക്കിയാല്‍ വോട്ടറോട് കൃത്യമായ കാരണംപറയണം. ഹിയറിങ്ങിന് സമയം നിശ്ചയിച്ച് ബിഎല്‍ഒമാര്‍ മുഖേന നല്‍കുന്ന നോട്ടീസിലും ഹാജരാകേണ്ടതിന്റെ കാരണം അറിയിക്കണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

ALSO READ: അവസാന നിമിഷം ട്വിസ്റ്റ്; തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിക്ക് കേവലഭൂരിപക്ഷം

ഹിയറിങ്ങിന് രണ്ട് അവസരം

ഹിയറിങ്ങിന് ബിഎല്‍ഒ വഴി നോട്ടീസ് നല്‍കിത്തുടങ്ങി ഏഴുദിവസത്തിനകം ഹാജരാകണം. ഇവര്‍ കമ്മിഷന്‍ പറയുന്ന 12 രേഖകളില്‍ ഒരെണ്ണം കൊണ്ടുവരണം. നോട്ടീസില്‍ പറയുന്ന സമയത്ത് ഹിയറിങ്ങിന് എത്താനാകാത്തവര്‍ക്ക് ഒരുതവണകൂടി അവസരം നല്‍കും. ബിഎല്‍എമാര്‍ക്കും വോട്ടറുടെ രേഖ ഹിയറിങ്ങിന് ഹാജരാക്കാം. കൂടുതല്‍പേര്‍ക്ക് എത്താന്‍ പറ്റുന്ന പൊതുസ്ഥലത്തോ വോട്ടറുടെ ബൂത്തില്‍ത്തന്നെയോ സമയം നിശ്ചയിച്ച് ഹിയറിങ്ങിന് സൗകര്യമൊരുക്കും.

പരാതി പരിശോധിക്കാന്‍ മുതിര്‍ന്ന ഐഎഎസുകാരുടെ സംഘം

വോട്ടര്‍പട്ടികയെപ്പറ്റിയുള്ള പരാതികള്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ നിയോഗിച്ച മുതിര്‍ന്ന ഐഎഎസുകാരായ നിരീക്ഷകര്‍ പരിശോധിക്കും. ഏതെങ്കിലും പ്രദേശത്ത് ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികളുടെ താത്പര്യത്തിനൊത്ത് വോട്ടര്‍മാരെ ചേര്‍ത്തിട്ടുണ്ട് എന്നതടക്കമുള്ള പരാതികളും നിരീക്ഷകരുടെ പരിഗണനയില്‍വരും. ഒരു പ്രദേശത്തുനിന്ന് മറ്റൊരിടത്തേക്ക് വോട്ടുമാറ്റിയവരുടെ കാര്യത്തില്‍ കടുത്തപരിശോധനയുണ്ടാകുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ ചുമതല എം.ജി. രാജമാണിക്യത്തിനാണ്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ കെ. ബിജുവിനും കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ടിങ്കു ബിസ്വാളിനും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ കെ. വാസുകിക്കുമാണ് ചുമതല.

ഹിയറിങ്ങിന് നോട്ടീസ് നല്‍കുന്ന ഘട്ടത്തിലാണ് ജില്ലകളില്‍ നിരീക്ഷകരുടെ ആദ്യസന്ദര്‍ശനം. ഇആര്‍ഒമാര്‍ പരാതികള്‍ പരിഹരിക്കുന്ന ഘട്ടത്തിലാണ് രണ്ടാംസന്ദര്‍ശനം. ബിഎല്‍ഒമാരുടെ പ്രവര്‍ത്തനറിപ്പോര്‍ട്ട് പരിശോധിച്ച് അന്തിമവോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുമ്പോഴാണ് മൂന്നാമതെത്തുക. പരാതികളുയര്‍ന്ന ബൂത്തുകളിലും നിരീക്ഷകരെത്തും.

ആദ്യസന്ദര്‍ശനത്തില്‍ എംപിമാര്‍, എംഎല്‍എമാര്‍, അംഗീകൃത രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ യോഗം വിളിക്കും. പരാതികള്‍ പരിശോധിക്കുന്നതിലും നേതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കും. ജില്ലാശരാശരിയെക്കാള്‍ ഒരു ശതമാനത്തിലധികമോ മൂന്നു ശതമാനത്തിലധികമോ പേരുകള്‍ ഒഴിവാക്കിയതോ ചേര്‍ത്തതോ ആയ നിയമസഭാ മണ്ഡലങ്ങളില്‍ കളക്ടര്‍മാരുടെ റിപ്പോര്‍ട്ടുകളും പരിശോധിക്കും.

പരാതികളും ആക്ഷേപങ്ങളും സ്വീകരിച്ചു തുടങ്ങി

എസ്ഐആര്‍ കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചു തുടങ്ങി. ജനുവരി 22 വരെയാണ് പരാതി നല്‍കാനുള്ള സമയം. 24 ലക്ഷത്തില്‍ അധികം പേരാണ് കരട് പട്ടികയില്‍ നിന്ന് പുറത്തായത്.

പട്ടികയില്‍ നിന്ന് പുറത്തായവര്‍ പുതിയ വോട്ടറായി അപേക്ഷ നല്‍കണം. ഫോം ആറ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്. ഇവര്‍ക്ക്് പുതിയ വോട്ടര്‍ നമ്പറാണ് ലഭിക്കുക. നേരത്തെ വോട്ട് ചെയ്ത് വന്നവര്‍ക്കും ഇനി മുതല്‍ പുതിയ നമ്പറാണ് ലഭിക്കുക.