24
Dec 2025
Tue
24 Dec 2025 Tue
ABVP worker vishal murder case

ആലപ്പുഴ: ചെങ്ങന്നൂരിലെ എബിവിപി പ്രവര്‍ത്തകനായിരുന്ന വിശാലിനെ കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്. കൊലപാതകം നടന്നു 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മാവേലിക്കര കോടതി വിധി പറയുന്നത്. ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായിരുന്ന ഇരുപതു പേരാണ് പ്രതികള്‍. വിചാരണ വേളയില്‍ എസ്എഫ്‌ഐ-കെഎസ് യു പ്രവര്‍ത്തകര്‍ മൊഴി മാറ്റിയത് വിവാദമായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോന്നി എന്‍എസ്എസ് കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന വിശാലിന് 2012 ജൂലൈ പതിനാറിനാണ് കുത്തേറ്റത്. എബിവിപിയുടെ ചെങ്ങന്നൂരിലെ സജീവ പ്രവര്‍ത്തകനായിരുന്നു 19കാരനായ വിശാല്‍. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് കവാടത്തില്‍ നടന്ന എബിവിപി-ക്യാമ്പസ് ഫ്രണ്ട് സംഘര്‍ഷത്തിനിടയിലാണ് വിശാലിന് കുത്തേറ്റത്.

ആദ്യവര്‍ഷ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യാന്‍ എബിവിപി സംഘടിപ്പിച്ച ക്രിസ്ത്യന്‍ കോളേജിലെ പരിപാടിക്കായി എത്തിയതായിരുന്നു വിശാല്‍. അക്രമം നടന്ന ദിവസം ബിരുദ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് തുടങ്ങുന്നതോടനുബന്ധിച്ച് എ.ബി.വി.പിയുടെ നേതൃത്വത്തില്‍ കോളജ് കാമ്പസിനു പുറത്ത് പ്രവേശനകവാടത്തിന് താഴെ പുതിയ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്തുകൊണ്ട് സരസ്വതി പൂജ നടത്താന്‍ തയാറെടുത്തിരുന്നു.

സരസ്വതീദേവിയുടെയും വിവേകാനന്ദന്റെയും ഛായാചിത്രങ്ങള്‍ വെച്ച് ഇവിടെ വിളക്കു തെളിച്ചു. കാമ്പസിലേക്ക് കടന്നുവരുന്ന വിദ്യാര്‍ഥികളെ തട്ടത്തില്‍ കരുതിയിരുന്ന കുങ്കുമവും കളഭവും അണിയിച്ചാണ് എ.ബി.വി.പി പ്രവര്‍ത്തകര്‍ കടത്തിവിട്ടിരുന്നത്. ഇത് മറ്റു വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിലേക്കു നയിച്ചത്.

ALSO READ: അഭിമന്യു കൊലപാതകം: പ്രാരംഭ വാദം ഇന്ന് തുടങ്ങും; ക്യാമ്പസ് ഫ്രണ്ട്, പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഹാജരാകണം

ഗുരുതരമായി കുത്തേറ്റ വിശാല്‍ ഇടപ്പളളി അമൃതാ ആശുപത്രിയില്‍ വെച്ച് ചികിത്സയിലിരിക്കെ തൊട്ടടുത്ത ദിവസം ജൂലൈ 17 ന് മരിച്ചു. എബിവിപി പ്രവര്‍ത്തകരായ വിഷ്ണുപ്രസാദിനും ശ്രീജിത്തിനുമുള്‍പ്പടെ പത്തോളം പേര്‍ക്ക് അന്ന് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

ആദ്യം ലോക്കല്‍ പോലിസ് അന്വേഷിച്ച കേസ് പ്രതികളുടെ അറസ്റ്റ് വൈകുന്നുവെന്ന പരാതിയെ തുടര്‍ന്ന് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ 20 പേരാണ് കേസില്‍ അറസ്റ്റില്‍ ആയത്. സാക്ഷികളായ ക്യാമ്പസിലെ കെഎസ്‌യു- എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വിചാരണവേളയില്‍ മൊഴി മാറ്റി. കേസിലെ ഇരുപതു പ്രതികളും നിലവില്‍ ജാമ്യത്തിലാണ്. പ്രതികള്‍ക്കുള്ള ശിക്ഷ മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കും.

ആശുപത്രിയിലേക്കുള്ള യാത്രമധ്യേ പോപ്പുലര്‍ ഫ്രണ്ടുകാരാണ് തന്നെ കുത്തിയതെന്ന് വിശാല്‍ സുഹൃത്തിനോട് പറഞ്ഞത് പ്രോസിക്യൂഷന്‍ തെളിവായി ഹാജരാക്കിയിരുന്നു. സംഭവ സ്ഥലത്തുനിന്ന് കണ്ടെടുത്ത മൂന്നാം പ്രതി ഷെഫീക്കിന്റെ തിരിച്ചറിയല്‍ കാര്‍ഡും പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കണ്ടെടുത്ത ആയുധങ്ങളും കേസിലെ നിര്‍ണായക തെളിവുകളായി.

പ്രോസിക്യൂഷന് വേണ്ടി പ്രതാപ് ജി പടിക്കലിനൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്‍, ഹരീഷ് കാട്ടൂര്‍, മഹേശ്വര്‍ പടിക്കല്‍, നീരജ ഷാജി എന്നിവരാണ് ഹാജരായത്.