മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസില്‍ പ്രാരംഭ വാദം ഇന്ന് ആരംഭിക്കും. (Abhimanyu murder: Opening arguments to begin today; Campus Front and Popular Front workers should be present) കേസില്‍ പ്രതികളായ 16 പേരും ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണാ നടപടികള്‍.
|
പോപ്പുലര്‍ ഫ്രണ്ട്, ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതികളായ നാല് കേസുകളാണ് അഭിമന്യു വധവുമായി ബന്ധപ്പെട്ടുള്ളത്.
നാല് കേസുകളും ഒരുമിച്ച് വിചാരണ നടത്താനാണ് കോടതിയുടെ തീരുമാനം. വിചാരണയ്ക്ക് മുന്നോടിയായുള്ള പ്രാരംഭവാദത്തിനാണ് ഇന്ന് തുടക്കമാവുക.
4 കേസുകളിലുമായി 16 പ്രതികളാണ് ഉള്ളത്. കേസിലെ എല്ലാ പ്രതികളും ഇതിനകം അറസ്റ്റിലായി. 2018 സെപ്തംബര്‍ 26 ന് കുറ്റപത്രം സമര്‍പ്പിച്ച കേസിലെ വിചാരണ പല കാരണങ്ങളാല്‍ വൈകുകയായിരുന്നു.
സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരാകുന്നത്. പ്രതിഭാഗത്തിന്റെ അഭ്യര്‍ഥനപ്രകാരം വിചാരണ പലതവണ മാറ്റിവച്ചിരുന്നു. വിചാരണ കഴിഞ്ഞവര്‍ഷം അവസാനം ആരംഭിക്കാനിരിക്കെ കുറ്റപത്രമടക്കമുള്ള പ്രധാന രേഖകള്‍ വിചാരണക്കോടതിയില്‍നിന്ന് നഷ്ടപ്പെട്ടത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു.
തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശപ്രകാരം, പ്രോസിക്യൂഷന്റെ നേതൃത്വത്തില്‍ പുനര്‍സൃഷ്ടിച്ച രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു.
2018 ജൂലൈ രണ്ടിനാണ് അഭിമന്യു കൊല്ലപ്പെട്ടത്.
ചുമരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ – ക്യാംപസ് ഫ്രണ്ട് തര്‍ക്കത്തെ തുടര്‍ന്നാണ് എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായിരുന്ന അഭിമന്യുവിന് കുത്തേറ്റത്. കോളേജിലെ പ്രവേശനോത്സവത്തിന് തലേന്നായിരുന്നു സംഭവം.
26 പ്രതികളും 125 സാക്ഷികളുമാണ് കേസില്‍ ഉള്ളത്. സഹല്‍ ഹംസയാണ് അഭിമന്യുവിനെ കുത്തിയതെന്നാണ് കുറ്റപത്രം.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തില്‍ കാരണമായി രേഖപ്പെടുത്തിയ കുറ്റകൃത്യങ്ങളില്‍ അഭിമന്യു കൊലക്കേസും ഉള്‍പ്പെടുത്തിയിരുന്നു.
നിര്‍ണായക രേഖകള്‍ നഷ്ടപ്പെട്ടത് എങ്ങിനെ?
കുറ്റപത്രം അടക്കമുള്ള 11 നിര്‍ണായക രേഖകള്‍ കോടതിയില്‍ നിന്നു നഷ്ട്ടപ്പെട്ടതിന്റെ ആശയക്കുഴപ്പം വിചാരണയെ ബാധിക്കുമോയെന്ന ആശങ്ക പ്രോസിക്യൂഷനുണ്ട്.
എറണാകുളം സെന്ട്രല്‍ പൊലീസ് എറണാകുളം സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച രേഖകളായിരുന്നു കാണാതായത്. കോടതിയുടെ സേഫ് കസ്റ്റഡിയിലുള്ള രേഖകള്‍ എങ്ങനെ നഷ്ട്ടപ്പെട്ടുവെന്നത് ഇതുവരെ കണ്ടെത്താന് കഴിഞ്ഞിട്ടില്ല.
എന്നാല്‍, ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം പ്രോസിക്യൂഷന്‍ രേഖകള്‍ വീണ്ടും തയ്യാറാക്കി സമര്‍പ്പിച്ചിരുന്നു. ഈ രേഖകള്‍ വിചാരണക്ക് ഉപയോഗിക്കാന് കഴിയുമെന്ന് വിചാരണ കോടതി അറിയിച്ചിരുന്നു.


