clashes between Syria’s army and SDF അലെപ്പോയില്‍ സിറിയന്‍ സൈന്യവും കുര്‍ദിഷ് നേതൃത്വത്തിലുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സും (SDF) തമ്മിലുള്ള പോരാട്ടം രൂക്ഷം. അലെപ്പോയിലെ രണ്ട് കുര്‍ദിഷ് ഭൂരിപക്ഷ മേഖലകളെ സിറിയന്‍ സൈന്യം ‘അടച്ച യുദ്ധമേഖലകളായി’ (Closed Military Zones) പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് നാല്‍പ്പതിനായിരത്തിലധികം ആളുകള്‍ പലായനം ചെയ്തതായി റിപ്പോര്‍ട്ട്.
|
ഇന്നലെ രാത്രിയിലെ വിവരങ്ങള്‍ പ്രകാരം 45,000-ത്തിലധികം ആളുകള്‍ നഗരത്തില്‍ നിന്ന് ഒഴിഞ്ഞുപോയതായി സോഷ്യല്‍ അഫയേഴ്സ് ഡയറക്ടറേറ്റ് അറിയിച്ചു. ഭൂരിഭാഗം പേരും വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള അഫ്രിനിലേക്കാണ് നീങ്ങുന്നത്.
അലെപ്പോയിലെ ഷെയ്ഖ് മക്‌സൂദ്, അഷ്റഫിയ എന്നീ മേഖലകളാണ് സിറിയന്‍ സൈന്യം സൈനിക മേഖലകളായി പ്രഖ്യാപിച്ചത്. ഈ ഭാഗങ്ങളിലെ എല്ലാ SDF സൈനിക കേന്ദ്രങ്ങളും തങ്ങള്‍ ലക്ഷ്യമിടുന്നതായി സൈനിക കമാന്‍ഡ് അറിയിച്ചു.
മാനുഷിക ഇടനാഴികള്‍
സിവിലിയന്മാര്‍ക്ക് ഒഴിഞ്ഞുപോകാമനായി സൈന്യം മാനുഷിക ഇടനാഴികള്‍ തുറന്നു. സ്‌കൂളുകള്‍, സര്‍വകലാശാലകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവ അടച്ചുപൂട്ടുകയും അലെപ്പോ വിമാനത്താവളത്തിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തു.
കരാര്‍ ലംഘനം
കഴിഞ്ഞ മാര്‍ച്ചില്‍ ഒപ്പിട്ട കരാര്‍ പ്രകാരം കുര്‍ദിഷ് സേനയെ സിറിയന്‍ ദേശീയ സ്ഥാപനങ്ങളുമായി ലയിപ്പിക്കേണ്ടതായിരുന്നു. എന്നാല്‍ ഇത് നടപ്പിലാക്കുന്നതില്‍ ഇരുവിഭാഗവും പരാജയപ്പെട്ടതാണ് നിലവിലെ സംഘര്‍ഷത്തിന് കാരണം. കരാര്‍ 100 തവണയിലധികം SDF ലംഘിച്ചതായി സിറിയന്‍ വാര്‍ത്താവിനിമയ മന്ത്രി ഹംസ അല്‍ മുസ്തഫ കുറ്റപ്പെടുത്തി.
ALSO READ: റഷ്യന്‍ പതാക വഹിക്കുന്ന ചരക്ക് കപ്പല്‍ യുഎസ് പിടിച്ചെടുത്തു
ഇന്നലെ വൈകുന്നേരം 3 മണിയോടെ പീരങ്കി ആക്രമണങ്ങളും റോക്കറ്റ് വര്‍ഷവും ഡ്രോണ്‍ ആക്രമണങ്ങളും രൂക്ഷമായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആക്രമണങ്ങളില്‍ ഇതുവരെ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു.
വിദേശ ഇടപെടലുകളും ആശങ്കകളും
യുണൈറ്റഡ് സ്റ്റേറ്റ്‌സ് മധ്യസ്ഥത വഹിച്ചിരുന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതാണ് നിലവിലെ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെച്ചത്. അതേസമയം, ബഷാര്‍ അല്‍ അസദ് ഭരണകൂടം പുറത്താക്കപ്പെട്ട ശേഷം പ്രസിഡന്റ് അഹമ്മദ് അല്‍ ഷറയുടെ നേതൃത്വത്തില്‍ സിറിയ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്.
സിറിയയെ അസ്ഥിരപ്പെടുത്താന്‍ ഇസ്രായേല്‍ ശ്രമിക്കുന്നതായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 600-ലധികം വ്യോമാക്രമണങ്ങളാണ് ഇസ്രായേല്‍ സിറിയയില്‍ നടത്തിയത്. യുദ്ധം വീണ്ടും വ്യാപിക്കാതിരിക്കാന്‍ എല്ലാ വിഭാഗങ്ങളും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു.





